ബഹ്‌റൈനില്‍ നിയമ ലംഘനം നടത്തിയ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടപ്പിച്ചു; മിക്കവയും മലയാളികളുടേത്
മനാമ: ബഹ്‌റൈനില്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 32 ബാര്‍ റെസ്റ്റോറന്റുകള്‍ അധികൃതര്‍ താല്‍ക്കാലികമായി അടപ്പിച്ചു. വന്‍തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
നിയമലംഘനങ്ങളുടെ പേരില്‍ അടപ്പിച്ച ബാര്‍ റെസ്റ്റോറന്റുകളില്‍ മിക്കവയും മലയാളികള്‍ നടത്തുന്നവയാണ്. 10,000 ദിനാര്‍ മുതല്‍ 30,000 ദിനാര്‍ വരെ പല റെസ്റ്റോറന്റുകള്‍ക്കും പിഴ ചുമത്തിയിട്ടുള്ളതിനാല്‍ ഇത് അടച്ചുതീര്‍ക്കുകയും ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം നിയമങ്ങളെല്ലാം പാലിക്കുകയും ജീവനക്കാരുടെ വിസ, താമസ രേഖകള്‍ ശരിയാക്കുകയും ചെയ്താല്‍ മാത്രമേ ഇനി ബാറുകള്‍ തുറക്കാനാവൂ.
ബഹ്‌റൈനികളായ ഉടമകളില്‍നിന്ന് സബ് ലീസിങ് വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്ന ബാര്‍ റെസ്‌റ്റോറന്റുകളാണിവ. ഇവിടെ ജോലി ചെയ്തിരുന്നവരിൽ കൂടുതലും മലയാളികളാണ്. സ്ഥാപനങ്ങള്‍ അടപ്പിച്ചതോടെ ഇവര്‍ക്ക് ജോലിയില്ലാതായി. പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരും പെരുവഴിയിലായി. നടത്തിപ്പുകാരായ മലയാളികളാവട്ടെ പിഴയൊടുക്കാനും രേഖകള്‍ പൂര്‍ണമായി ശരിയാക്കാനും കഴിയാത്തതിനാല്‍ പ്രതിസന്ധിയിലാണ്.
കഴിഞ്ഞയാഴ്ചയാണ് എന്റര്‍ടെയ്ന്‍മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32 ബാര്‍ റെസ്‌റ്റോറന്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. ബഹ്‌റൈന്‍ അധികാരികള്‍ അടുത്തിടെ നടപ്പാക്കിയ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ ഈ സ്ഥാപനങ്ങള്‍ പാലിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് നിയമാനുസൃത വിസയില്ലെന്നും കണ്ടെത്തിയിരുന്നു.
Content Highlights: bar restaurants detectsviolation closed in bahrain
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."