വരയില്‍ വിസ്മയമായി ഫസ്ന
സുഹൈല്‍ ജഫനി
നിങ്ങള്‍ പുസ്തകം വായിക്കാറുണ്ടോ..? കവിതയും കഥയും എഴുതാറുണ്ടോ..? അതിന്റെ കൂടെയുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ..? ഒരു രചനയുടെ പൂര്‍ണമായും ആശയം വ്യക്തമാകണമെങ്കില്‍ അത് അവസാനം വരെ വായിക്കുക തന്നെ വേണം. എന്നാല്‍ ചിത്രകാരന് രൂപകൽപന ചെയ്ത ചിത്രത്തിന്റെ ആശയം മനസിലാക്കാന്‍ ഒരു നോട്ടം മാത്രം മതി. വരച്ചുവരച്ച് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ വീട്ടമ്മയെ പരിചയപ്പെടാം. ഈ സാധാരണസ്ത്രീ അതിശയിപ്പിക്കുംവിധത്തിലാണ് ലോകരെ ഞെട്ടിച്ചത്. തീവ്രപരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തത് കണ്ണഞ്ചിപ്പിക്കുന്ന റെക്കോര്‍ഡുകള്‍.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് പുറ്റേക്കോട് സ്വദേശിനി ഫസ്ന സിദ്ദീഖാണ് ഈ പെണ്‍കരുത്ത്. ചെറുപ്പം മുതലേ പുസ്തകങ്ങളോടും എഴുത്തിനോടും വല്ലാത്ത പ്രണയം. കിട്ടുന്ന പുസ്തകങ്ങളധികവും വായിക്കുകയും അത് മുഖേന എഴുതാന്‍ ശ്രമിക്കുകയും ചെയ്യല്‍ പതിവായിരുന്നു. നിലവില്‍ എ.പി.ജെ കലാം വേള്‍ഡ് റെക്കോര്‍ഡ്, ഇന്റര്‍നാഷനല്‍ ബുക് ഓഫ് റെക്കോര്‍ഡ്, വജ്ര വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൊയ്തു. ഭര്‍ത്താവും രണ്ട് മക്കളുമായി കുടുംബ ജീവിതവുമായി മുന്നോട്ടുപോകുമ്പോഴാണ് ഈ അവാര്‍ഡുകള്‍ നേടിയെടുത്തത് എന്നത് കൗതുകകരമാണ്. കഴിവുകള്‍ വെറുതെയാവരുത് എന്നുള്ള ചിന്തയിലൂടെയാണ് ഫസ്ന വരച്ച് ജീവിതത്തില്‍ പുതിയ അധ്യായം തന്നെ ഉയര്‍ത്തിയെടുത്തത്.
വായിച്ചും പഠിച്ചും എഴുതിയും മുന്നോട്ടുപോകുമ്പോഴാണ് വിവാഹം നടന്നത്. തുടര്‍ന്ന് വീട്ടുകാര്യത്തിലായി ശ്രദ്ധ മുഴുവന്‍. വര കുറവായിരുന്നെങ്കിലും കവിതകളും കഥകളുമായി പലയിടത്തും എഴുതി. ലോക്ക്ഡോണ്‍ വരവോടെ സമയം അനാവശ്യമായി ചെലവാകുന്നതിന് പകരം എഴുത്ത് തുടരാമെന്ന തീരുമാനത്തിലെത്തി. കവിത മുഖ്യധാരാ മാധ്യമങ്ങളില്‍ അച്ചടിച്ചതോടെ എഴുത്തിലേക്ക് തിരിയാന്‍ കൂടുതല്‍ ഊര്‍ജമായി. ഭര്‍ത്താവ് സിദ്ദീഖിന്റെയും വീട്ടുകാരുടെയും പൂര്‍ണപിന്തുണ കിട്ടിയതോടെ എഴുത്തിനായി ഒഴിവുസമയങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. കവിത അച്ചടിമഷി പരുണ്ടപ്പോള് ചിന്തിച്ച ആശയത്തിനു വിപരീതമായി അതിന് ചിത്രം നല്‍കിയതായി കണ്ടതോടെ വിളിച്ച് അന്വേഷിച്ചു. ‘ഞങ്ങള്‍ക്ക് രചനയില്‍നിന്ന് ലഭിച്ച ആശയത്തില്‍ നിന്നാണ് ചിത്രം വരച്ചത് ’ എന്ന മറുപടിയില്‍ എന്തുകൊണ്ട് എന്റെ രചനയുടെ ആശയം വരയിലൂടെ വെളിപ്പെടുത്തിക്കൂടാ എന്ന ബോധം വന്നു. അതിലൂടെയാണ് വര കൂടുതല്‍ അറിയാത്ത ഫസ്ന ചിത്രം വരയ്ക്കാന്‍ തുടങ്ങിയതും പുതിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതും...
തുടര്‍ന്ന് രചനകൾക്കൊപ്പം ആശയം വിസ്തരിക്കും തരത്തിലുള്ള ചിത്രങ്ങള്‍ അയച്ചു കൊടുക്കാനും തുടങ്ങി. പിന്നീടാണ് വരയിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്തത്. നിരന്തരമായ ശ്രമങ്ങളുടെയുമാണ് റെക്കോര്‍ഡുകളിലേക്കുള്ള വഴികള്‍ തുറന്നത്.
കൊവിഡ് സമയത്താണ് റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിക്കാനായി ഇറങ്ങിയത്. ആദ്യം ഇന്ത്യന്‍ ബുക് ഓഫ് റെക്കോഡിലേക്ക് കടക്കാനുള്ള ശ്രമം തള്ളപ്പെട്ടു. രണ്ടുതവണ കൊടുത്തപ്പോഴും യോഗ്യയല്ലെന്ന മറുപടി. ഇത് നിസാരകാര്യമല്ല എന്ന തിരിച്ചറിവില്‍ മാറിനില്‍ക്കുന്നതിന് പകരം കഴിയുമെന്നുള്ള പൂര്‍ണ വിശ്വാസത്തില്‍ നിരന്തരമായി പരിശീലിക്കുകയും പരിശ്രമിക്കുകയും ചെയ്തു. മനസിനെ പാകപ്പെടുത്തി. വിമര്‍ശനങ്ങളും പഴിചാരലുകളും ശ്രമത്തിന് വീര്യം കൂട്ടുകയും വിജയത്തിന് മധുരമേറുകയും ചെയ്തു എന്ന് പിന്നീട് ഫസ്ന സിദ്ദീഖ് പറയുന്നുണ്ട്. വിമര്‍ശകരുടെ മുമ്പില്‍ സെക്കന്‍ഡ് പോലും തല ഉയര്‍ത്തി നില്ക്കുക എന്നത് അഭിമാന നിമിഷം ആകുമെന്ന രീതിയില്‍ പരിശ്രമങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്തിയില്ല.
യോഗ്യയാവുന്നതിലുമപ്പുറം തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ആവിഷ്കാരത്തില്‍ വ്യത്യസ്തത വേണമെന്ന് തിരിച്ചറിയുന്നത് പിന്നീടാണ്. ഭരണഘടാന ശില്പി ഡോ. ബി.ആർ അംബേദ്കറിന്റെ ഔട്ട്ലൈന് ചിത്രം വരയ്ക്കാന്‍ തീരുമാനമെടുത്തു. ഒരിക്കലും എളുപ്പമാകില്ലെന്നറിഞ്ഞു കൂടിയാണ് മുന്നിട്ടിറങ്ങിയത്. പിന്നീട് ഭരണഘടനയുടെ 25ഓളം ആര്‍ട്ടിക്കിളുകള്‍ വലിയ അക്ഷരത്തില്‍ എഴുതി പഠിച്ച് അതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. കുട്ടികളെ സ്കൂളില്‍ വിടുമ്പോഴും അടുക്കള ജോലിയില്‍ ഏര്‍പ്പെടുമ്പോഴുമാണ് മനപ്പാഠമാക്കുന്നതിനു വേണ്ടി സമയം കണ്ടെത്തിയിരുന്നത്. സമയം നമ്മെ തേടി വരില്ല നമ്മള് അതിനെ തേടിപ്പിടിക്കണം എന്നുകൂടി ഫസ്ന പറഞ്ഞുവയ്്ക്കുന്നുണ്ട്. നിരന്തര പരിശ്രമങ്ങൾക്കൊടുവില്‍ 11 മിനുട്ടും 16 സെക്കന്‍ഡുകള്‍കൊണ്ടും ഭരണഘടന ശിൽപിയുടെ ചിത്രം ഭരണഘടന ആര്‍ട്ടിക്കിള്‍ വച്ച് നിർമിക്കുകയും അത് മുമ്പ് ശ്രമിച്ച ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡിന് കൊടുക്കുന്നതിന് പകരം വിശ്വാസത്തിനു പുറത്ത് വേള്‍ഡ് റെക്കോര്‍ഡിനാണ് കൈമാറിയത്. സെലക്ട് ചെയ്തതായി മറുപടി കിട്ടിയപ്പോള്‍ അതിരുകവിഞ്ഞ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡിന് കൊടുത്തപ്പോള്‍ തിരഞ്ഞെടുത്തു എന്ന സന്തോഷ മറുപടി ലഭിച്ചു. നാല് റെക്കോര്‍ഡുകളും ഫസ്ന സിദ്ദീഖിനെ തേടിവന്നത് ഈ മഹാത്മാവിന്റെ വിസ്മയകരമായ ചിത്രത്തിനുവേണ്ടിയാണ്.
ഏഷ്യന്‍ ബുക് ഓഫ് റെക്കോഡിലേക്ക് വ്യത്യസ്തത വേണമെന്ന ചിന്തകള്ക്കൊടുവിലാണ് തെര്മാകോളില് ആണി കുത്തി മോണാലിസയുടെ വലിയ ചിത്രം നിർമിക്കാന്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ 67 സെന്റിമീറ്റര്‍ നീളവും 56 സെന്റിമീറ്റര്‍ വീതിയുമുൾക്കൊള്ളിച്ചു കൊണ്ട് ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അത് പൂര്‍ത്തീകരിക്കുകയും താമസിയാതെ ഏഷ്യന്‍ ബുക് ഓഫ് റെക്കോർഡിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. നിർമിക്കുന്ന വസ്തുവിന്റെ വലിപ്പത്തിലും അല്ലെങ്കില്‍ അത് ഉണ്ടാക്കാന്‍ എടുക്കുന്ന കുറഞ്ഞ സമയത്തിന്റെ കണക്കിലുമായിരിക്കും റെക്കോര്‍ഡുകള്‍ വിലയിരുത്തുക.
അഞ്ച് റെക്കോര്‍ഡുകള്‍ ജീവിതത്തെ വല്ലാതെ മാറ്റിമറിക്കുകയും വിമര്‍ശിച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും മുന്നിലൂടെ നടന്നുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാവുകയുമായിരുന്നു ഈ വനിത. ഇതിനകം നിരവധി ചിത്രങ്ങള്‍ വരച്ചു കൂട്ടിയിട്ട് ഷെല്‍ഫില്‍ ഒതുക്കിവച്ചിട്ടുണ്ട്. കൂടാതെ നിരവധി ആളുകളുടെ പേരുകള്‍ വച്ചും ആണികള്‍ കൊണ്ടും ഫസ്ന ചിത്രം വരച്ച് കൊടുക്കാറുണ്ട്. മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് വച്ചുകൊണ്ടുള്ള ചിത്രവും നടന് ടൊവിനോ തോമസിന്റെ 54 സിനിമാ പേരുകള്‍ വച്ചുകൊണ്ടുള്ള ചിത്രവും നേരിട്ട് കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.
നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായാണ് ഔട്ട്ലൈന് ഇല്ലാതെ വരയ്ക്കാനായതെന്ന് ഫസ്ന ഓര്‍മപ്പെടുത്തുന്നു. സാധ്യതകളെ മനസിലാക്കി സധൈര്യം മുന്നേറിയാലേ അത് തെളിയിക്കാന്‍ സാധിക്കുകയുള്ളൂ. ചുവരുകള്‍ക്കുള്ളില്‍ കണ്ട സ്വപ്നം പരിശ്രമങ്ങൾക്കൊടുവിലാണ് ഫസ്ന സാക്ഷാത്കരിച്ചത്. നമ്മുടെ ഒപ്പ് ഭൂമിയില്‍ വേണമെന്ന വ്യത്യസ്തമായ ചിന്തയാണ് ഫസ്നയെ ഇത്തരം മാറ്റങ്ങളിലേക്ക് നയിച്ചത്.
മകന് സയാന് അഞ്ചാം തരം വിദ്യാർഥിയാണ്. മകള്‍ ഷസ എൽ.പി സ്കൂൾ വിദ്യാർഥിനിയുമാണ്. ഈ രണ്ടു സ്കൂള്‍ ചുമരുകളിലും ഫസ്നയുടെ കലാവിരുതായ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."