മലയോര ഹൈവേയ്ക്ക് സര്‍ക്കാര്‍ അനുമതി; ജനകീയ സമരത്തിന് വിജയം
തൊടുപുഴ: മലയോര ഹൈവേയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. ജനകീയ സമരത്തിന് വിജയകരമായ പരിസമാപ്തി. ഇന്നലെ ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും വനം പൊതുമരാമത്ത് ദേശീയപാത വിഭാഗങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി യുടെ കത്തിനെ തുടര്‍ന്നാണ് വനം മന്ത്രി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തത്. രണ്ട് വര്‍ഷം മുന്‍പാണ് വനംവകുപ്പ് മലയോര ഹൈവേയുടെ നിര്‍മ്മാണം തടസ്സപ്പെടുത്തുകയും പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കലുങ്കുകള്‍ രാത്രിയുടെ മറവില്‍ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകര്‍ക്കുകയും ചെയ്തത്.
ഇതില്‍ പ്രതിഷേധിച്ച് ജോയ്‌സ് ജോര്‍ജ്ജ് എം.പി 5 ദിവസം നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനുമുന്നില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്‍പ്പെടെ ബഹുജനങ്ങളും ആദിവാസികളും വലിയ തോതില്‍ സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് പുതിയ തീരുമാനത്തിലൂടെ പ്രകടമാകുന്നതെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
ആറാംമൈല്‍ മുതല്‍ മാമലക്കണ്ടം, ആവറുകുട്ടി, കുറത്തിക്കുടി, പെരുമ്പന്‍കുത്തി പ്രദേശത്തുകൂടി കടന്നുപോകുന്ന മലയോര ഹൈവേയുടെ ഭാഗമായ 27 കിലോമീറ്റര്‍ റോഡാണ് ഉടന്‍ നിര്‍മ്മിക്കുക. വനത്തിനുള്ളില്‍ കലുങ്ക് ആവശ്യമായി വരുന്ന ഇടങ്ങളില്‍ 6 മീറ്റര്‍ വരെ വീതി എടുക്കാമെന്ന് ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. 1980 ലെ വനസംരക്ഷണ നിയമം വരുന്നതിന് മുമ്പ് തന്നെ ഉപയോഗത്തിലിരുന്ന ഈ റോഡ് കേന്ദ്ര വനനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന എം.പി യുടെ വാദം യോഗം അംഗീകരിച്ചു. ജനങ്ങള്‍ക്ക് ഒപ്പം നിന്ന് തീരുമാനമെടുത്ത സര്‍ക്കാരിനെയും വനം വകുപ്പ് മന്ത്രിയെയും എം.പി പ്രത്യേകം അഭിനന്ദിച്ചു. യോഗത്തില്‍ അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി ക്കൊപ്പം ഇ.എസ് ബിജിമോള്‍ എം.എല്‍.എ, ആന്റണി ജോണ്‍ എം.എല്‍.എ ത്രിതല പഞ്ചായത്ത് ജനപ്രതിനിധകള്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ദേശീയപാത അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."