സി.എച്ച് ദേശീയതയും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച നേതാവ്: ഗവർണർ
കൊച്ചി • മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ ദേശീയതയും മനുഷ്യത്വവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർമധീരനായ രാഷ്ട്രീയ നേതാവും വാഗ്മിയും മികച്ച മാധ്യമപ്രവർത്തകനു മായിരുന്നു സി.എച്ച് എന്നും ഗവർണർ അനുസ്മരിച്ചു. മുതിർന്ന അഭിഭാഷകനും സി.എച്ചിൻ്റെ വക്കീലുമായിരുന്ന വി.കെ ബീരാൻ രചിച്ച സി.എച്ച് മുഹമ്മദ് കോയ – അറിയാത്ത കഥകൾ എന്ന പുസ്തകം എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എച്ചിൻ്റെ ഭരണചരിത്രത്തിലെ ഈ കാലഘട്ടത്തിന് അറിയേണ്ട കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് പുസ്തകാവലോകനം നടത്തിയ സുപ്രഭാതം വൈസ് ചെയർമാൻ സൈനുൽ ആബിദീൻ സഫാരി പറഞ്ഞു. കേരളത്തിൻ്റെ മതേതരത്വ ചിന്തകൾക്ക് ഊർജം പകരാൻ സി.എച്ചിൻ്റെ കാഴ്ചപ്പാടുകൾക്ക് സാധിക്കുമെന്നും വരും ദിവസങ്ങളിൽ സി.എച്ചിൻ്റെ അറിയാത്ത കഥകൾ ചർച്ചയും പ്രചോദനവുമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പുസ്തകം ഏറ്റുവാങ്ങി. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് അധ്യക്ഷനായിരുന്നു. പി.കെ ബശീർ എം.എൽ.എ സി.എച്ച് അനുസ്മരണം നടത്തി.
മാധ്യമം എഡിറ്റർ വി.എം ഇബ്റാഹിം, അഡ്വ. വി.കെ ബീരാൻ, സുപ്രിം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."