ഈ റെയ്ഡുകള്‍ വായ്മൂടിക്കെട്ടാനോ?
ഈ റെയ്ഡുകള്‍ വായ്മൂടിക്കെട്ടാനോ?
ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ഡല്‍ഹിയിലെയും നോയ്ഡയിലെയും വസതികള്‍ ഡല്‍ഹി പൊലിസ് സ്‌പെഷല്‍ സെല്‍ റെയ്ഡ് നടത്തിയിരിക്കുന്നു. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധനയില്‍ ഏഴു മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ സഞ്ജയ് രജൗര, അഭിസാര്‍ ശര്‍മ, ഭാഷാ സിങ്, ഊര്‍മിലേഷ്, പ്രബിര്‍ പുര്‍കായസ്ത, ഔനിന്ദ്യോ ചക്രവര്‍ത്തി, സൊഹൈല്‍ ഹാഷ്മി, എഴുത്തുകാരി ഗീതാ ഹരിഹരന്‍ തുടങ്ങിയവരുടെ വീടുകളിലെ ഉള്‍പ്പെടെ മുപ്പതിലേറെ സ്ഥലത്താണ് ഡല്‍ഹി പൊലിസ് റെയ്ഡ് നടത്തിയിരിക്കുന്നത്. സഞ്ജയ് രജൗര അടക്കം ചിലരെ ചോദ്യം ചെയ്യുന്നതിനായി ലോധി കോളനിയിലെ സ്‌പെഷല്‍ സെല്ലിന്റെ ഓഫിസിലേക്ക് കൊണ്ടുപോയി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹി കാനിങ് റോഡിലുള്ള ഔദ്യോഗിക വസതിയിലും ഡല്‍ഹി പൊലിസിന്റെ സ്‌പെഷല്‍ സെല്‍ പരിശോധന നടത്തി.അവിടെ യെച്ചൂരിയ്‌ക്കൊപ്പം താമസിക്കുന്ന ഒരാളുടെ മകന്‍ ന്യൂസ് ക്ലിക്കിലെ ജീവനക്കാരനാണ്. അയാളുടെ ലാപ്‌ടോപ്പും ഫോണും പൊലിസ് കൊണ്ടുപോയി. ടീസ്താ സെതല്‍വാദിന്റെ വീട് ഉള്‍പ്പെടെ മുംബൈയിലും റെയ്ഡുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. ചൈനയില്‍നിന്ന് അനധികൃതമായി ഫണ്ട് സ്വീകരിച്ചെന്നാണ് ന്യൂസ് ക്ലിക്കിനെതിരായ സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍, 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയെയും മോദിയുടെ നിലപാടുകളെയും എതിര്‍ക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും നിശബ്ദനാക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് മോദി സര്‍ക്കാര്‍. ഇതാകട്ടെ മോദി സര്‍ക്കാര്‍ നടത്തുന്ന ആദ്യ നീക്കവുമല്ല. ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും എക്കാലത്തും ബി.ജെ.പിയുടെ ശത്രുക്കളാണ്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സന്നദ്ധ സംഘടനകള്‍ രാജ്യത്ത് ദുര്‍ബലമായി. പല അന്താരാഷ്ട്ര സംഘടനകളും ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തന മേഖലയിലുള്ളവരില്‍ പലരും ജയിലിലായി. ഇതോടെ മറ്റുള്ളവര്‍ പേടിച്ച് പിന്‍വലിയുകയോ പൊതുരംഗത്ത് സജീവമല്ലാതാകുകയോ ചെയ്തു. ആക്ടിവിസ്റ്റുകളെന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പൊരുതുന്ന സമൂഹമാണ്. ഗുജറാത്ത് വംശഹത്യാക്കേസുകള്‍ മുതല്‍ സി.എ.എ വിരുദ്ധ സമരം വരെ മോദിയുടെ കാലത്ത് ഈ സിവില്‍ സമൂഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമായിരുന്നു. രാജ്യത്തെ ആക്ടിവിസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും ചിറകരിയാനുള്ള നീക്കം 2014ന്റെ തുടക്കം മുതല്‍ തന്നെ മോദി സര്‍ക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും സ്വീകരിച്ചുവരുന്നുണ്ട്.
2020 സെപ്റ്റംബറില്‍ത്തന്നെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയിലെ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഗുജറാത്ത് വംശഹത്യാക്കേസുകള്‍ നടത്തിയ ടീസ്താ സെതല്‍വാദിന്റെ സിറ്റീസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് അടക്കമുള്ള സംഘടനകളും നിര്‍ജീവമായി. ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്ന് സിവില്‍ സര്‍വിസ് ഉപേക്ഷിച്ച ഹര്‍ഷ് മന്ദറിനെപ്പോലുള്ളവര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ നിരന്തര ദ്രോഹം നേരിടുകയാണ്. ഫണ്ട് സ്വീകരിക്കുന്നതിന് കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി വിദേശ സംഭാവനാ (നിയന്ത്രണ) നിയമത്തില്‍ ഭേദഗതിയും കൊണ്ടുവന്നതോടെ രാജ്യത്ത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം പൂര്‍ണമായും സാധ്യമല്ലാത്ത നിലയിലാണ്. ഭേദഗതി രാജ്യത്തെ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്നതാണെന്ന് ഇതിനെതിരായ കേസ് പരിഗണിക്കുന്നതിനിടെ സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു.
പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് 2022ല്‍ സമാഹരിച്ച വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180 രാജ്യങ്ങളില്‍ നിന്ന് എട്ട് സ്ഥാനങ്ങള്‍ താഴ്ന്ന് 150ലേക്ക് ഇന്ത്യ എത്തിയത് മോദിയുടെ ഭരണകാലത്താണ്. മാധ്യമ സ്വാതന്ത്ര്യം അതിന്റെ ഏറ്റവും മോശമായ ഘട്ടത്തിലാണിന്ന്. ദി വയറടക്കം നിരവധി മാധ്യമ സ്ഥാപനങ്ങള്‍ നിലവില്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്ന് മാത്രമല്ല നിരന്തര പീഡനങ്ങള്‍ നേരിടുന്നുണ്ട്.
ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യൂമെന്ററിയുടെ പേരില്‍ ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫിസുകളില്‍ റെയ്ഡുണ്ടായി. കൊവിഡ് കാല പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച റിപ്പോര്‍ട്ട് ചെയ്തതിന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കറിന്റെ ഓഫിസ് ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തു. 2018 ഒക്ടോബറില്‍ ദി ക്വിന്റിന്റെ ഓഫിസില്‍ 22 മണിക്കൂര്‍ നീളുന്ന റെയ്ഡാണ് ആദായ നികുതി വകുപ്പ് നടത്തിയത്. 2017ല്‍ എന്‍.ഡി.ടിവിയുടെ ഓഫിസിലും സ്ഥാപകന്‍ പ്രണോയ് റോയിയുടെ വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തി. 2020ല്‍ കശ്മിരിലെ പ്രമുഖ ഇംഗ്ലിഷ് പത്രമായ ഗ്രേറ്റര്‍ കശ്മിരിന്റെ ഓഫിസില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ അനവധിയുണ്ട്. രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിന് നിയന്ത്രിക്കാനാകുന്നുവെന്നത് ഗൗരവമുള്ളതാണ്. ഇതിനെ വെറുമൊരു തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുക്കിക്കാണുകയുമരുത്. ഇത് അടിയന്തരാവസ്ഥയെക്കാള്‍ ഭീതിയുണ്ടാക്കുന്ന സാഹചര്യമാണ്. പാരിസ് ആസ്ഥാനമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൂടിവരുന്ന ആക്രമണം, മാധ്യമങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ഭിന്നതകള്‍, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തുടങ്ങിയവയെല്ലാം ഇക്കാലയളവില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ ശോചനീയ അവസ്ഥയിലാക്കിയെന്ന് പറയുന്നുണ്ട്. മോദി സര്‍ക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള പരസ്പര സഹായ ധാരണ മാധ്യമ മേഖലയെ അപകടത്തിലാക്കിയെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് രാജ്യത്തെ 70 മാധ്യമ സ്ഥാപനങ്ങള്‍ സ്വന്തമാക്കിയെന്നും മോദിയുടെ മറ്റൊരു സുഹൃത്തായ ഗൗതം അദാനി എന്‍.ഡി.ടി.വി കൈവശപ്പെടുത്തിയെന്നും പറയുന്നുണ്ട്.
ഭരണകൂടങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ എഴുതാനും കാണിക്കാനും പാടുള്ളു എന്നുവന്നാല്‍ പിന്നെ ആ സംവിധാനത്തെ ജനാധിപത്യമെന്നു വിളിക്കാനാവില്ല. മാധ്യമങ്ങള്‍ കണ്ണാടികളാണ്. രാജ്യത്ത് നടക്കുന്നതേ അതിലൂടെ കാണാനാവൂ. അതിനെ സര്‍ക്കാര്‍ ശത്രുവായി കാണേണ്ടതില്ല. മറിച്ച് സര്‍ക്കാരിന് ആത്മപരിശോധനയ്ക്ക് അവസരം നല്‍കുകയാണ് ചെയ്യുന്നത്. ന്യൂസ് ക്ലിക്കിന്റെ പേരിലുള്ള വ്യാപക റെയ്ഡിന്റെയും അറസ്റ്റിന്റെയും വസ്തുതകള്‍ പുറത്തുവന്നേ മതിയാവൂ. ഒരുമാധ്യമവും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് നിലനില്‍ക്കേണ്ടത് മാധ്യമപ്രവര്‍ത്തകരുടെ മാത്രം ആവശ്യമല്ല. അത് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ തൂണുകളിലൊന്നാണ്. സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലാതാകുമ്പോള്‍ മരിക്കുന്നത് നാം പൊരുതി നേടിയ സ്വാതന്ത്ര്യം കൂടിയാണ്. ഈ സാഹചര്യത്തെ രാജ്യം അതിജീവിച്ചേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."