മാലിന്യം അലക്ഷ്യമായി വലിച്ചെറിയല്‍: കര്‍ശന നടപടി സ്വീകരിക്കും
കോട്ടയം: തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് ജില്ലയില്‍ ഗുഡ്‌മോണിംഗ് കോട്ടയം എന്ന പേരില്‍ ആരംഭിച്ച എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി ഭേദഗതികളോടെ അടിയന്തിരമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വിജയകരമായി തുടക്കമിട്ടതും ഇടക്കാലത്ത് നിന്നുപോയതുമായ പ്രോജക്ടാണ് ഗുഡ്‌മോണിംഗ് കോട്ടയം. കോട്ടയം മോഡല്‍ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണിതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഭേദഗതികളോടെ പദ്ധതി അംഗീകാരത്തിന് സമര്‍പ്പിക്കുമെന്നും ഇതിനായി പ്രത്യേക ഡിപിസി ചേരുമെന്നും ഇത് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ കരാര്‍ ജീവനക്കാരെ നിയമിക്കാനും നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മരുന്നുകള്‍ ആറു മാസത്തേയ്ക്കുള്ളത് മുന്‍കൂട്ടി ശേഖരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. നായകള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നതിന് അംഗീകൃത കമ്പനികളുടെ ടെണ്ടര്‍ വിളിക്കും. കരാര്‍ ജീവനക്കാരുടെ വേതനം ജോലിയുടെ കൃത്യത അനുസരിച്ച് പുനര്‍നിര്‍ണയിക്കും. തെരുവുനായ് ശല്യം കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇത് കൃത്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.
വന്ധ്യംകരണ ക്ലിനിക്കുകളില്‍ നായ്ക്കള്‍ക്കുള്ള കൂട് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മ്മിതിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയും തെരുവുനായ നിയന്ത്രണവും ഒരുമിച്ചു കൊണ്ടുപോയാല്‍ മാത്രമേ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രോജക്ട് നടപ്പിലായ ഘട്ടത്തില്‍ 883 നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതായി മൃഗസംരക്ഷണ വകുപ്പു ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍ അറിയിച്ചു. നായ്ക്കളുടെ പ്രജനന കാലത്തിനു മുമ്പു തന്നെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."