ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ല അതിര്‍ത്തിയില്‍ കര്‍ണാടക ചരക്കുവാഹനങ്ങള്‍ തടഞ്ഞു
സുല്‍ത്താന്‍ ബത്തേരി: ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ചരക്ക് ലോറികളെ സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണാടക തടഞ്ഞു.
ഇന്നലെ ഉച്ച മുതലാണ് കര്‍ണാടക പൊലിസും ആരോഗ്യവകുപ്പും മൂലഹള്ള ചെക്‌പോസ്റ്റില്‍ ചരക്ക് ലോറികള്‍ തടഞ്ഞത്. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ എടുക്കുന്നതിന് കര്‍ണാടകയിലേക്ക് പോകുകയായിരുന്നു ലോറികള്‍.
വാഹനങ്ങള്‍ തടഞ്ഞതോടെ അതിര്‍ത്തിയില്‍ ചെറുതും വലുതുമായ ചരക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ വിടാതായതോടെ അതിര്‍ത്തിയില്‍ കുടുങ്ങിയ കര്‍ണാടക ലോറി ജീവനക്കാരടക്കം സംഘടിച്ച് കര്‍ണാടകയില്‍ നിന്നു സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങളും തടഞ്ഞു. ഇതോടെ ഇരു സംസ്ഥാനത്തേക്കുമുളള ഗതാഗതം പൂര്‍ണമായും നിലച്ചു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള പൊലിസും ഗുണ്ടല്‍പേട്ടയില്‍ നിന്നു കര്‍ണാടക പൊലിസും സ്ഥലത്തെത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഏഴ് മണിക്കൂറോളം തടഞ്ഞിട്ട വാഹനങ്ങള്‍ കര്‍ണാടകയിലേക്ക് കടത്തിവിടാന്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ തയാറായത്.
ഇതോടെ സംസ്ഥാനത്തേക്കുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാരും കടത്തിവിട്ടു. ഇന്നുമുതല്‍ ചരക്ക് വാഹനങ്ങള്‍ കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നും അല്ലാത്തവരെ അതിര്‍ത്തിയില്‍ തടയുമെന്നും കര്‍ണാടക പൊലിസ് അറിയിച്ചു.
ചരക്ക് വാഹന ജീവനക്കാര്‍ ആഴ്ചയില്‍ ഒരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തതിന്റെ ഫലവും മറ്റ് യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ഫലവും കരുതണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."