രാജ്യസഭയില്‍ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി; ബഹളത്തില്‍ മുങ്ങി ഇരുസഭകളും പിരിഞ്ഞു
ഒ.ബി.സി ബില്ല് രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തിന്റെ 18 ദിവസവും ഇരുസഭകളും ബഹളത്തില്‍ മുങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ വിതുമ്പലോടെയാണ് ഇന്നലെ സഭയില്‍ നടപടികള്‍ക്ക് തുടക്കമായത്. ഇരുസഭകളും ജനാധിപത്യമെന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലുകളാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
'ചില അംഗങ്ങള്‍ ജനാധിപത്യ ശ്രീകോവിലിന്റെ പവിത്രത തകര്‍ത്തു. ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. രോഷം വ്യക്തമാക്കാന്‍ വാക്കുകളില്ല...' വിതുമ്പിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചില അംഗങ്ങള്‍ നടുത്തളത്തിലെ മേശപ്പുറത്ത് കയറി കറുത്ത തുണി വീശുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തത് സൂചിപ്പിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രസംഗം.
പെഗാസസ്, കാര്‍ഷികനിയമം അടക്കമുള്ള വിഷയങ്ങളില്‍ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നതോടെ ലോക്‌സഭയും രാജ്യസഭയും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമുള്ള പ്രവൃത്തിദിനം പൂര്‍ത്തിയാക്കാതെയാണ് ഇരുസഭകളും പിരിഞ്ഞത്.
സഭയുടെ മര്യാദ പാലിക്കാന്‍ ശക്തമായ നടപടികള്‍ ആലോചിക്കേണ്ടിവരുമെന്ന സ്പീക്കര്‍ ഓം ബിര്‍ളയുടെ മുന്നറിയിപ്പോടെയാണ് ലോക്‌സഭ പിരിഞ്ഞത്. അംഗങ്ങള്‍ക്കെതിരേ ക്രിമിനല്‍ നടപടി എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
സഭയുടെ മര്യാദ ലംഘിച്ചതിലുള്ള ദുഃഖമാണ് വെങ്കയ്യ നായിഡു രേഖപ്പെടുത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു. പെഗാസസ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ലോക്‌സഭ പാസാക്കിയ ഒ.ബി.സി പട്ടിക സംബന്ധിച്ച ബില്ല് ഇന്നലെ രാജ്യസഭയും പാസാക്കി. ബില്ല് പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുമെന്ന് സാമൂഹിക ശാക്തീകരണമന്ത്രി വിരേന്ദ്രകുമാര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ബില്ലും രാജ്യസഭ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."