ഗവര്‍ണര്‍ക്ക് സംഘ്പരിവാര്‍ അജണ്ട; പ്രക്ഷോഭത്തിന് എല്‍.ഡി.എഫ്; 15 ന് രാജ്ഭവന് മുന്നില്‍ ധര്‍ണ
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനൊരുങ്ങി എല്‍.ഡി.എഫ്. നവംബര്‍ 15ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ചാന്‍സിലര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. താന്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്ന് ഗവര്‍ണര്‍ സ്വയം പ്രഖ്യാപിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി. ആര്‍എസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമം. കേരളത്തിനു പുറമെ തമിഴിനാട്, പശ്ചിമ ബെംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ മേഖലയില്‍ ഇത്തരം ഇടപെടലുകള്‍ സംഘപരിവാര്‍ നടത്തുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറയുന്നത് വമ്പത്തരം മാത്രമാണ്. ചാന്‍സലര്‍ പദവില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നത് എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും. ഭരണഘടന വായിച്ചവര്‍ക്ക് സത്യമറിയാം. ഗവര്‍ണര്‍ കോടതിയാകേണ്ടെന്നും കാനം വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."