ഡോളര്‍ കടത്ത്: മുഖ്യമന്ത്രിക്കെതിരേ വീണ്ടും സ്വപ്നയുടെ മൊഴി
സ്വന്തം ലേഖിക
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെയും സംശയമുനയിലാക്കി വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ മൊഴി. നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ ഉള്‍പ്പെടുത്തിയ സ്വപ്നയുടെ മൊഴിയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കുവേണ്ടി യു.എ.ഇ കോണ്‍സുലേറ്റ് വഴി ഡോളര്‍ കടത്തിയെന്നാണ് പുതിയ മൊഴി.
2017ല്‍ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് ഡോളര്‍ കടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രി യു.എ.ഇയിലെത്തിയശേഷം അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി മറന്നുവച്ച പാക്കറ്റ് യു.എ.ഇയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്, സ്വപ്നയുടെ നിര്‍ദേശപ്രകാരം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണനില്‍ നിന്ന് സരിത്ത് പൊതി വാങ്ങിവന്നു. ഈ പാക്കറ്റ് എക്‌സ്‌റേ മെഷിനില്‍ പരിശോധിച്ചപ്പോള്‍ അതില്‍ കെട്ടുകണക്കിന് ഡോളറും മറ്റ് വസ്തുക്കളും കണ്ടതായി സരിത്ത് തന്നോട് പറഞ്ഞെന്നാണ് സ്വപ്നയുടെ മൊഴി. സ്വപ്നയുടെ നിര്‍ദേശപ്രകാരം സരിത്ത് ഈ പൊതി അറ്റാഷെയ്ക്ക് കൈമാറിയെന്നും അദ്ദേഹം അത് യു.എ.ഇയിലെത്തിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും മൊഴിയിലുണ്ട്. ഈ പാക്കറ്റ് എത്തിച്ചതിന് കോണ്‍സല്‍ ജനറല്‍ പാരിതോഷികമായി സരിത്തിന് 1000 ഡോളര്‍ നല്‍കിയെന്നും മൊഴിയിലുണ്ട്.
യു.എ.ഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം മേധാവിയായിരുന്ന ഖാലിദ് അല്‍ഷൗക്കരി പ്രതിയായ ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സരിത്ത് അടക്കമുള്ളവര്‍ക്ക് നോട്ടിസ് നല്‍കിയത്. ഈ നോട്ടിസിലാണ് സ്വപ്നയുടെ മൊഴിയുള്ളതും. ഇത്തരത്തില്‍ ഒരു പൊതി കോണ്‍സുലേറ്റ് വഴി യു.എ.ഇയില്‍ എത്തിച്ചുവെന്ന കാര്യം അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പിന്നീട് സമ്മതിച്ചുവെങ്കിലും അതിലുണ്ടായിരുന്നത് ഡോളറായിരുന്നില്ലെന്നും യു.എ.ഇയിലെ പ്രമുഖര്‍ക്കുള്ള സമ്മാനങ്ങളായിരുന്നു എന്നുമാണ് വിശദീകരണം.
മുഖ്യമന്ത്രി യാത്ര പുറപ്പെടുന്ന സമയത്ത് ഒരു സമ്മാനപ്പൊതി മാത്രമാണ് തയാറായിരുന്നത്. അതുകൊണ്ടാണ് ബാക്കിയുള്ള സമ്മാനങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി എത്തിച്ചതെന്നും ശിവശങ്കറിന്റെ മൊഴിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെയും ശ്രീരാമകൃഷ്ണനെയും സംശയമുനയിലാക്കുന്ന സ്വപ്നയുടെ മൊഴികള്‍ നേരത്തെയും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."