കേരളം നല്‍കും ശ്രീജേഷിന് രണ്ടുകോടി
തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം പി.ആര്‍.ശ്രീജേഷിന് രണ്ടു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
വിദ്യാഭ്യാസവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനം. ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കുമെന്നും കായികമന്ത്രി വി.അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സജന്‍ പ്രകാശ് (നീന്തല്‍), കെ.ടി.ഇര്‍ഫാന്‍ (നടത്തം), എം.ശ്രീശങ്കര്‍(ലോങ് ജമ്പ്), എം.പി.ജാബിര്‍ (ഹര്‍ഡില്‍സ്), മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി(റിലേ ടീം അംഗങ്ങള്‍) എന്നിവര്‍ക്കാണ് അഞ്ചുലക്ഷം വീതം പ്രോത്സാഹന സമ്മാനം ലഭിക്കുക.
പാരിതോഷിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, കേരളത്തില്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമര്‍ശനം ഉന്നയിച്ചത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കുമെന്നും മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. മെഡല്‍ നേടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."