അസമില്‍ ഏറ്റുമുട്ടല്‍ക്കൊല തുടരുന്നു, മൂന്നു മാസത്തിനിടെ കൊല്ലപ്പെട്ടത് 17 പേര്‍
ഗുവാഹത്തി: അസമിലെ ദാരംഗ് ജില്ലയില്‍ പൊലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ കൊള്ളക്കാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിമന്ദ ബിശ്വ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന 17ാമനാണിത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കരൂപ്പേട്ടിയയിലെ ദാല്‍ഗാവില്‍ നിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. അവിടെ നിന്ന് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലിസുകാരെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും പിന്നാലെ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് എസ്.പി സുശാന്ത് ബിശ്വ ശര്‍മ പറഞ്ഞു.
പ്രമുഖ അഭിഭാഷകന്‍ ബിനോയ് കുമാര്‍ ഘോഷ്, മംഗള്‍ദോയിയിലെ രണ്ടു വ്യവസായികള്‍ തുടങ്ങിയവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നും പൊലിസ് അറിയിച്ചു. ഓഗസ്റ്റ് എട്ടിന് നൗഗാവ് ജില്ലയില്‍ മയക്കുമരുന്ന് കടത്തിയയാള്‍ സമാനമായ സാഹചര്യത്തില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ക്കൊലകളില്‍ സംശയമുന്നയിച്ച് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ക്കൊലകളില്‍ ജൂലൈ ഏഴിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. അസമില്‍ നിന്നുള്ള ആരിഫ് ജവാദര്‍ എന്ന അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."