'മുഴുവന്‍ ഇസ്‌റാഈലി ബന്ദികളെയും മോചിപ്പിക്കണം, സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കപ്പെടണം' യു.എന്‍ മേധാവി ഗുട്ടെറസ് റഫ അതിര്‍ത്തിയില്‍
റഫ/ന്യൂയോര്‍ക്ക്: തെക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ മേഖലയില്‍ സന്ദര്‍ശനം നടത്തി യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി പേര്‍ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കാനാവില്ല. അങ്ങേയറ്റത്തെ അസ്വസ്ഥതയോടെയും മാനസിക ബുദ്ധിമുട്ടോടെയും അല്ലാതെ ഗസ്സയിലെ ജനങ്ങളുടെ നരകയാതന കാണാനാവില്ല. യുദ്ധം നിര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയില്ല. പക്ഷെ അതിന് കഴിയുന്നവരോട് ഉത്തരവാദിത്തം നിറവേറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു റഫ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് ഗുട്ടെറസ് പറഞ്ഞു.
നേരത്തെ ഈജിപ്തിലെ എല്‍ അരിഷ് വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം അവിടെവച്ചും മാധ്യമങ്ങളെ കണ്ടിരുന്നു. റഫയില്‍ ഇസ്‌റാഈല്‍ സൈന്യം വ്യാപിപ്പിക്കാന്‍ പോകുന്ന ആക്രമണം വലിയ മാനുഷിക ദുരന്തത്തിന് കാരണമാകുമെന്ന് ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഹമാസിനും ഇസ്‌റാഈലിനും ഇടയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കേണ്ട സമയമാണിത്. മുഴുവന്‍ ഇസ്‌റാഈലി ബന്ദികളെയും മോചിപ്പിക്കണം. സ്വതന്ത്ര ഫലസ്തീന്‍ രാജ്യം സ്ഥാപിക്കപ്പെടണമെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിക്കവെ, ഓരോ റമദാനിലും കഷ്ടത അനുഭവിക്കുന്ന മുസ്‌ലിംകള്‍ക്ക് സാന്ത്വനം ഉറപ്പാക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തവണ റഫയിലെ ഫലസ്തീനികളുടെ ദുരിതം ലോകത്തെ അറിയിക്കാനാണ് താന്‍ വന്നതെന്നും ഗുട്ടെറസ് പറഞ്ഞു. 'വീണ്ടും ആവര്‍ത്തിക്കുന്നു, ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ ന്യായീകരിക്കാനാവില്ല. അതിനു പകരം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്നതും അംഗീകരിക്കാന്‍ കഴിയില്ല' യു.എന്‍ മേധാവി വ്യക്തമാക്കി.
നേരത്തെ ഈജിപ്തിലെത്തിയ അദ്ദേഹം, പരുക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്ന എല്‍ അരിഷ് ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."