നേരിടാൻ സി.പി.എം; നേരിട്ട് ഗവർണർ
ഗവർണർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനെന്ന് സി.പി.എം
സ്വന്തം ലേഖകൻ
തിരുവനന്തപുരം • ഗവർണർ – സർക്കാർ പോര് മാസങ്ങളായി തുടരുന്നുണ്ടെങ്കിലും പ്രത്യക്ഷകടന്നാക്രമണങ്ങളിലേക്കു കടക്കുന്നത് ആദ്യം.
സർക്കാരിനും മന്ത്രിമാർക്കുമെതിരേ വിമർശനങ്ങൾ തുടരുകയായിരുന്നെങ്കിലും ഇന്നലെ എൽ.ഡി.എഫ് യോഗം ഗവർണർക്കെതിരായി പ്രത്യക്ഷപ്രക്ഷോഭം പ്രഖ്യാപിച്ചതാണ് തിരിച്ചടിയെന്നോണം കടുത്ത നടപടികളിലേക്ക് കടക്കാൻ ഗവർണറെ പ്രേരിപ്പിച്ചത്.
പ്രധാനപ്പെട്ട സർവകലശാലകളിലെയെല്ലാം വി.സിമാരോട് നിയമനത്തിലെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി ഗവർണർ രാജിവയ്ക്കാൻ ആവശ്യപ്പെടുന്നത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്.
ഗവർണറുടെ നീക്കത്തെ അതിരൂക്ഷ ഭാഷയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചത്. ആർ.എസ്.എസ് നേതാവിനെ അങ്ങോട്ടുപോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവർണർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഗവർണറുടെ നിർദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കനുസൃതമായാണ് കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസിലർമാരെ നിയമിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുടെ റോൾ പരിമിതിപ്പെടുത്തുന്നതിനുള്ള നീക്കം പലവഴിക്ക് സർക്കാർ നടത്തിവരുന്നതിനിടെയാണ് സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോടതി വിധിച്ചത് ഗവർണർക്കുള്ള വടിയായി മാറി.
കോടതി വിധിക്കു പിന്നാലെ വി.സി നിയമനങ്ങൾ പരിശോധിക്കുന്നതിനുള്ള നടപടികൾ രാജ്ഭവൻ തുടങ്ങി. ഇതിനിടെയാണ് ഇന്നലെ രാവിലെ എൽ.ഡി.എഫ് പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചത്. പിന്നാലെയാണ് ഗവർണർ കൂട്ടരാജി ആവശ്യപ്പെട്ട് പുതിയ പോർമുഖം തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."