ഏഴ് അത്ഭുതങ്ങൾ ഒരുക്കി ഖത്തർ
ഖത്തർ ലോകകപ്പിന് വിസിൽ ഉയരുന്നതും കാത്ത് കണ്ണും കാതും കൂർപ്പിച്ചിരിപ്പാണ് ഫുട്‌ബോൾ ആസ്വാദകർ. ഇതുവരെയുള്ള ലോകകപ്പുകളിൽ നിന്ന് വിത്യസ്തമായി പല അത്ഭുതങ്ങളും ഒളിപ്പിച്ചാണ് ഖത്തർ ലോകകപ്പിനായി ഒരുങ്ങിയിട്ടുള്ളത്. ലോകകപ്പ് അതുല്യമാക്കുന്നതിന് വേണ്ടി ഏഴ് പ്രധാന സംഭവങ്ങളാണ് പുതുതായി ഖത്തർ ലോകകപ്പിൽ അരങ്ങേറാനിരിക്കുന്നത്.
ശൈത്യകാല ലോകകപ്പ്
ചരിത്രത്തിലാദ്യമായി ശൈത്യകാലത്ത് നടക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത ഖത്തർ ലോകകപ്പിനുണ്ട്. ഖത്തറിൽ തീവ്ര മരുഭൂമി കാലാവസ്ഥയായതിനാൽ ശൈത്യ കാലത്ത് ലോകകപ്പ് നടത്താൻ ഫിഫ അനുമതി നൽകുകയായിരുന്നു. സാധാരണയായി വേനൽകാലത്തായിരുന്നു എല്ലാ ലോകകപ്പുകളും നടത്താറുള്ളത്.
മിഡിൽ ഈസ്റ്റിലെ
ലോകകപ്പ്
മിഡിൽ ഈസ്റ്റിലെ ആദ്യ ഫുട്‌ബോൾ ലോകകപ്പ് എന്ന പ്രത്യേകതയും ഖത്തർ ലോകകപ്പിനുണ്ട്. ഖത്തറിന് ലോകകപ്പ് അനുവദിച്ചത് മുതൽ അറബ്‌ലോകം ലോകകപ്പ് വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്. കൊവിഡിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ലോക മേള എന്ന പ്രത്യേകത കൂടി ലോകകപ്പിനുണ്ട്.
ടെക്‌നോ പന്ത്
അത്യാധുനിക ടെക്‌നോളജിയിൽ നടത്തുന്ന ലോകകപ്പ് എന്ന പ്രത്യേകതയോടെയാണ് ഖത്തർ ലോകകപ്പിനെ കാത്തിരിക്കുന്നത്. 'അൽ രിഹ്‌ല' എന്ന് പേരിട്ട അത്യാധുനികമായ ടെക്‌നോജളി ഉപയോഗിച്ചുള്ള പന്തുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്. അഡിഡാസ് രൂപകൽപന ചെയ്ത പന്ത് ഗ്രൗണ്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നിമിഷ നേരംകൊണ്ട് വാർ റൂമിലെത്തിക്കാൻ കഴിവുള്ളതാണെന്ന് അഡിഡാസും ഖത്തറും അവകാശപ്പെടുന്നുണ്ട്.
ഫുട്‌ബോൾ ഡാറ്റാ ആപ്
ലോകകപ്പ് ഫുട്‌ബോളിൽ മാറ്റുരക്കുന്ന താരങ്ങൾ, ടീമുകൾ എന്നിവരെ കുറിച്ചെല്ലാം വ്യക്തമാകും കൃത്യമായും വിവരങ്ങൾ ലഭിക്കുന്ന ആപാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ ലോഞ്ചിങ് രണ്ടാഴ്ച മുൻപ് ഖത്തറിൽ നടന്നിരുന്നു. താരങ്ങളുടെ പ്രകടനം, അവരുടെ മത്സരത്തിന്റെ മറ്റു കണക്കുവിവരങ്ങൾ എന്നിവയെല്ലാം ആപ്പിൽ ലഭിക്കും.
പരിസ്ഥിതി സൗഹൃദ യാത്ര
ലോകകപ്പ് സമയത്ത് കാണികൾക്ക് സഞ്ചരിക്കാനായി ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനമാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് സമയത്ത് ഇത്തരത്തിലുള്ള സൗകര്യം ആദ്യമായിട്ടാണെന്നാണ് ഖത്തർ അവകാശപ്പെടുന്നത്. മത്സരം നടക്കുന്ന എല്ലാ സ്‌റ്റേഡിയങ്ങളേയും ബന്ധിപ്പിച്ച് ഓടുന്നതിനായി നിർമിച്ച 741 ഇലക്ട്രിക് ബസുകൾ ഏതാനും ദിവസം മുൻപായിരുന്നു ഖത്തർ ഉദ്ഘാടനം ചെയ്തത്.
സെമി ഓട്ടോ ഓഫ് സൈഡ് ടെക്‌നോളജി
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷമാണ് ഫിഫ ഓഫ് സൈഡ് നിർണയത്തിനായി പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നത്. സ്റ്റേഡിയത്തിൽ സ്ഥാപിച്ച 12 കാമറകളുടെ നിരീക്ഷണത്തിലൂടെ ഓഫ് സൈഡിനെ കുറിച്ച് മാച്ച് ഓഫീഷ്യൽസിന് അലർട്ട് ലഭിക്കുന്ന രീതിയാണ് പുതുതായി ഒരുക്കിയിട്ടുള്ളത്.
ആദ്യ വനിതാ റഫറി
പുരുഷ ലോകകപ്പ് ആദ്യമായി വനിതാ റഫറിമാർ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും 2022ലെ ലോകകപ്പിനുണ്ട്. സ്ത്രീകൾക്ക് മതിയായ പ്രാധിനിത്യം നൽകുന്നതിന് വേണ്ടിയാണ് ഖത്തറും ഫിഫയും ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. മൂന്ന് വനിതാ റഫറിമാരാണ് ലോകകപ്പ് നിയന്ത്രിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."