മന്ത്രിമാര്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുത്: മുഖ്യമന്ത്രി
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമൂഹത്തിന് മുന്നില്‍ പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യവില്‍പനയില്‍ നിന്നും ലോട്ടറി വില്‍പനയില്‍ നിന്നുമുള്ള നികുതിയാണ് കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗമെന്ന ഗവര്‍ണറുടെ പരിഹാസത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സംസാരിക്കുന്നതിനിടയില്‍ കേരളത്തിലേക്ക് മറ്റ് നിക്ഷേപങ്ങളൊന്നും വരില്ല, മദ്യവും ലോട്ടറിയുമാണ് ഇവിടത്തെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ എന്ന് പരിഹാസരൂപേണ പറയുകയുണ്ടായി.
കേരളത്തിന്റെ ബജറ്റ് രേഖകള്‍ നോക്കിയാല്‍ തന്നെ ഇവിടെ മറ്റു നികുതിവിഭാഗങ്ങള്‍ എക്‌സൈസ് നികുതിയേക്കാള്‍ മുന്നിലാണെന്ന് കാണാം. ഇന്ത്യന്‍ ഭരണരീതി അനുസരിച്ചു കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷനികുതികള്‍ ചുമത്താനുള്ള അധികാരമുള്ളൂ. ഇതുപ്രകാരം സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതിയധികാരങ്ങളേ നിലവില്‍ ഉള്ളു.
മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യവും അതിന്റെ മുകളില്‍ നികുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും അതില്‍ നിന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പല വഴിക്ക് നടന്നു വരുന്നു.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറും അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല.- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയവാദത്തിന് തീറെഴുതാന്‍ പലകാരണങ്ങളാല്‍ താല്പര്യമുണ്ടാവാം. അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായിതന്നെ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയിട്ടില്ലെന്നും ജനാധിപത്യത്തിലൂടെ കൈവന്നതല്ല അധികാരമെന്നു മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ക്ക് മുകളില്‍ തനിക്കുള്ള 'പ്രീതി' പിന്‍വലിക്കും എന്നു പറഞ്ഞുകൊണ്ട് ഗവര്‍ണറുടെ പിആര്‍ഒ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗവര്‍ണര്‍ മന്ത്രിമാരെ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ പുറത്താണ്. കേന്ദ്രതലത്തില്‍ ഇത് പ്രധാനമന്ത്രി ചെയ്യുന്നു. നിയമസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമുള്ള ഒരു കക്ഷിയാണ് അധികാരത്തിലിരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ രാജി സമര്‍പ്പിക്കുന്നതും മുഖ്യമന്ത്രിക്ക് തന്നെ. ഇവരുടെ രാജിശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. കേന്ദ്രതലത്തില്‍ ഈ കടമകള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരങ്ങളില്ല. ആ ട്വീറ്റിനെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ 'പ്രീതി' പിന്‍വലിച്ചാലും മന്ത്രിമാര്‍ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് പ്രസ്താവനയിറക്കി. ഇത് 'പ്രീതി' തത്വം എന്താണെന്നതിനെ കുറിച്ചുള്ള സാമാന്യധാരണകള്‍ക്ക് പോലും അനുസൃതമല്ല. - മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."