ഡോക്ടര്‍മാര്‍ക്കെതിരേ അക്രമങ്ങള്‍ കൂടുന്നത് ആരോഗ്യമന്ത്രി അറിഞ്ഞില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാത്യു കുഴല്‍നാടന്‍ ഈ മാസം നാലിനുന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.
നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പര്യാപ്തമാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച് ബോധവല്‍കരണം നടത്താന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മറുപടിയില്‍ പറയുന്നു.
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പു നല്‍കിയതിനു പിന്നാലെയായിരുന്നു ആരോഗ്യമന്ത്രിയുടെ വിചിത്രമായ മറുപടി.
ഡോക്ടര്‍മാര്‍ക്കെതിരേ അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയുള്ള മന്ത്രിയുടെ മറുപടി മെഡിക്കല്‍ സംഘടനകളുടെ ഭാഗത്തുനിന്നടക്കം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെ മന്ത്രി വിശദീകരണക്കുറിപ്പിറക്കി.
ചോദ്യത്തിനു മറുപടി തയാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമെന്നാണ് വിശദീകരണം. തിരുത്തിയ മറുപടി പ്രസിദ്ധീകരിക്കാന്‍ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായത് 43 അക്രമങ്ങളാണ്. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കിയിട്ടും കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ജാമ്യത്തിലാണ്. ഇതില്‍ പത്ത് കേസുകളിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
ഡോക്ടര്‍മാരെ കൂടാതെ 77 മറ്റ് ആരോഗ്യപ്രവര്‍ത്തകരും പലതരത്തിലുള്ള ആക്രമണങ്ങള്‍ക്കിരകളായിട്ടുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."