തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫിന് നേട്ടം
രണ്ട് യു.ഡി.എഫ് സീറ്റുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ 15 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍.ഡി.എഫിന്റെ കൈയിലായിരുന്ന മൂന്ന് സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. ഒരു സ്വതന്ത്ര ഉള്‍പ്പെടെ ഏഴ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചത്. നറുക്കെടുപ്പില്‍ കൂടി വിജയിച്ച ഒരു സ്വതന്ത്രനുള്‍പ്പെടെ എട്ടു സീറ്റ് എല്‍.ഡി.എഫിന് ലഭിച്ചു. ഇതില്‍ രണ്ട് സീറ്റ് യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്തതാണ്.
എല്‍.ഡി.എഫ് സിറ്റിങ് സീറ്റുകളായിരുന്ന നോര്‍ത്ത് മാറാടി, കോഴിപ്പിള്ളി സൗത്ത്, വഴിക്കടവ് എന്നീ വാര്‍ഡുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സിറ്റിങ് വാര്‍ഡുകളായ പല്ലൂര്, പഴേരി എന്നിവയില്‍ എല്‍.ഡി.എഫും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരുന്ന കണ്ണൂര്‍ ആറളം പഞ്ചായത്തില്‍ എല്‍.ഡി.എഫും മലപ്പുറം വണ്ടൂരില്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്തി.
എറണാകുളം ജില്ലയിലെ മാറാടി ഗ്രാമപഞ്ചായത്തിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ നോര്‍ത്ത് മാറാടി വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് വിജയിച്ചത്. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കോഴിപ്പിള്ളി സൗത്ത് വാര്‍ഡില്‍ 232 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷജി ബെസ്സി അട്ടിമറി വിജയം നേടിയത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ് വാര്‍ഡില്‍ യു.ഡി.എഫിലെ ബാബു ഏലക്കാടന് 429 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫിനെ അട്ടിമറിച്ചത്. ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാര്‍ഡിലാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആന്റണി സണ്ണി മാമന് വിജയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്നു മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."