കോടതി ഉത്തരവ് കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല: ഹൈക്കോടതി
തിരുവാര്‍പ്പ് പള്ളിക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്താത്തതില്‍ വിമര്‍ശനം
കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോട്ടയം തിരുവാര്‍പ്പ് പള്ളിക്ക് പൊലിസ് സംരക്ഷണമേര്‍പ്പെടുത്താനുള്ള സിവില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം.
ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. പൊലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സൗകര്യം പോലെ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല കോടതി ഉത്തരവുകളെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജില്ലാ കലക്ടറുടെയും പൊലിസ് മേധാവിയുടെയും നിലപാട് ന്യായീകരിക്കാനാവില്ല. ഉത്തരവുകള്‍ നടപ്പാക്കാത്ത നടപടി കണ്ടില്ലെന്നു നടിക്കാനാവില്ല.
കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുന്നതു നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. പള്ളിയിലെ ആരാധനയ്ക്ക് തടസമുണ്ടാക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റു ചെയ്യാം. തടസമുണ്ടാക്കുന്നതു സംബന്ധിച്ചു വിവരങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം.
പ്രശ്‌നങ്ങളുണ്ടാക്കി പ്രതികളാകുന്നവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവ് ഹാജരാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ട് വര്‍ഷമായിട്ടും കോടതി ഉത്തരവ് നടപ്പാക്കാത്തത് അപമാനമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും അതിനാവശ്യമായ പൊലിസ് സംരക്ഷണമൊരുക്കാനും ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.
കോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്ക് സംസ്ഥാന പൊലിസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും ആറാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."