കാണ്ഡഹാറും ലശ്ക്കര്‍ ഗായും പിടിച്ചെടുത്ത് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും മറ്റൊരു പ്രധാന നഗരമായ പിടിച്ചെടുത്തെന്ന് താലിബാന്‍. കാണ്ഡഹാര്‍ പിടിച്ചെടുത്തതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ താലിബാന്‍ വക്താവ് തന്നെയാണ് പ്രഖ്യാപിച്ചത്.
'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.' ട്വീറ്റില്‍ പറയുന്നു.
തലസ്ഥാനമായ കാബൂളില്‍നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.
കാബൂളുമായി പ്രധാനഗരമായ കാണ്ഡഹാറിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കുകിഴക്കന്‍ പ്രദേശമായ ഗസ്‌നി. നഗരം വിട്ട ഗസ്‌നി ഗവര്‍ണറെയും ഉപഗവര്‍ണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിര്‍വെയ്‌സ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു. രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനുള്ളില്‍ അഫ്ഗാനില്‍ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. നാലുലക്ഷത്തോളംപേര്‍ ഇതുവരെ അഭയാര്‍ഥികളായി.
ഒരുമാസത്തിനകം താലിബാന്‍ സേന കാബൂള്‍ വളയുമെന്നും മൂന്നുമാസത്തിനുള്ളില്‍ തലസ്ഥാനനഗരം പൂര്‍ണമായും പിടിച്ചെടുക്കുമെന്നുമുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താന്‍ 20 വര്‍ഷത്തെ സാന്നിധ്യം അവസാനിപ്പിച്ച് സൈനിക പിന്‍മാറ്റത്തിനൊരുങ്ങുന്നതായി മേയില്‍ അമേരിക്ക അറിയിച്ചതോടെയാണ് താലിബാന്‍ വീണ്ടും പിടിമുറുക്കിത്തുടങ്ങിയത്.
അക്രമം അവസാനിപ്പിക്കുന്നതിനായി താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് താലിബാനുമായുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെ അഫ്ഗാന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."