പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage policy) പ്രഖ്യാപിച്ചിരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കുന്നതിന് പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കാര്യക്ഷമതയില്ലാത്തതും മലിനീകരണം സൃഷ്ടിക്കുന്നതുമായി വാഹനങ്ങള്‍ പൊളിച്ചുനീക്കുകയാണ് ലക്ഷ്യം. ഇത് മലിനീകരണ മുക്തവും പ്രകൃതി സൗഹാര്‍ദവുമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കല്‍ നയം. യുവാക്കളും സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ ഇതിന്റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കുമെന്നും മോദി വ്യക്തമാക്കി.
വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ഫിറ്റ്‌നെസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്‌റ്റേഷനുകളും രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നയത്തിന്റെ ഭാഗമായി രാജ്യത്ത് 70 വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങും. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമാവധി കാലാവധി 20 വര്‍ഷമാണ്. വാണിജ്യവാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം നിരത്തൊഴിയേണ്ടി വരും.
2022 മുതല്‍ കാലാവധി പൂര്‍ത്തിയാക്കിയ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നയം നടപ്പിലാക്കും. 2023 മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് നയം ബാധകമാക്കും. 2024 ജൂണ്‍ മുതലാവും സ്വകാര്യ വാഹനങ്ങള്‍ക്ക് നയം ബാധകമാവുക.
ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനങ്ങള്‍ ഇന്ത്യയില്‍ ഓടുന്നുണ്ടെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ പൊളിക്കുന്നത് കാലപ്പഴക്കം പരിഗണിച്ച് ആയിരിക്കില്ല. മറിച്ച് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിച്ച് അതില്‍ പരാജയപ്പെടുന്ന വാഹനങ്ങളായിരുന്നു പൊളിക്കുക എന്ന്് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."