കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസ്: അഞ്ചുപേര്‍ അറസ്റ്റില്‍, അന്വേഷണം കേരളത്തിലേക്കും
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ ഓടുന്ന കാറിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികള്‍ക്ക് കേരളത്തിലും ബന്ധമുണ്ടെന്നാണ് സൂചന.കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. മുഹമ്മദ് ധല്‍ക, മുഹമ്മദ് അസറുദ്ദീന്, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍, മുഹമ്മദ് നവാസ് ഇസ്മയില്‍ എന്നിവരാണ് അറസ്റ്റിലായത്.
കോയമ്പത്തൂരില്‍ കോട്ടമേട് സംദമേശ്വര് ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. എന്‍ജിനിയറിങ് ബിരുദധാരിയായ ജമേഷ മുബിന് (25) എന്നയാള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മാരുതി കാര്‍ രണ്ടായി തകര്‍ന്നു. തകര്‍ന്ന കാറില്‍നിന്ന് പൊട്ടാത്ത മറ്റൊരു എല്‍പിജി സിലിണ്ടര്‍, സ്റ്റീല്‍ ബോളുകള്‍, ഗ്ലാസ് കല്ലുകള്‍, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലിസ് കണ്ടെടുത്തു. കാറിനുള്ളിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്റെ മരണം ചാവേറാക്രമണമെന്നാണോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
2019 ല്‍ ഐഎസ് ബന്ധം സംശയിച്ച് കൊല്ലപ്പെട്ട യുവാവിനെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ അന്ന് എന്‍ഐഎ റെയ്ഡും നടന്നിരുന്നതായും പൊലീസ് പറയുന്നു. കാറില്‍നിന്ന് മറ്റൊരു എല്‍പിജി സിലിണ്ടര്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ കോയമ്പത്തൂര്‍ ജില്ലയിലുടനീളം പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."