സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കും
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. ഓട്ടോ, ടാക്‌സികാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപവരെ പലിശ രഹിത വായ്പാ പദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി ബാധകമാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വലിയ ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. മോട്ടോര്‍ വാഹന മേഖലക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡുണ്ടാക്കിയിട്ടുള്ളത്. സ്വകാര്യടൂറിസ്റ്റ് ബസുകള്‍ നാല്‍പതിനായിരത്തോളമുണ്ടെന്നാണ് കണക്ക്. ഈ പ്രതിസന്ധിമൂലം അത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ നികുതി നല്‍കി സര്‍വിസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകള്‍ സര്‍വീസ് നിര്‍ത്താനുള്ള അപേക്ഷയും നല്‍കിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കി കൊടുക്കുന്നത്.
ഓട്ടോ, ടാക്‌സി എന്നിവയുടെ അവസ്ഥയും ഭിന്നമല്ല. അവര്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി വ്യവസായികള്‍ക്ക് നല്‍കിയത് പോലെ രണ്ട് ലക്ഷം രൂപ വരെ നാല് ശതമാനം പലിശക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."