കുടുംബം തന്നെ കൊല്ലുമെന്ന് വീഡിയോയിലൂടെ പറഞ്ഞ യുവതി ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ടു
ഹത്രാസ്: ' എന്റെ പിതാവിനും സഹോദരങ്ങള്‍ക്കും എന്നെ കൊല്ലണം. അതിനു വേണ്ടിയാണ് അവര്‍ എന്നെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നത്. എന്റെ ജീവന്‍ അപകടത്തിലാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ എന്റെ കുടുംബത്തിലുള്ളവര്‍ തന്നെയാണ്. എനിക്ക് ഇമ്രാനെ വിവാഹം കഴിക്കണം' ഓടുന്ന ട്രെയിനിലെ ശുചിമുറിയില്‍ നിന്നും ഒരു യുവതി വീഡിയോയിലൂടെ പറഞ്ഞ കാര്യങ്ങളാണിത്.
ചൊവ്വാഴ്ച്ചയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. വീഡിയോ ആരാണ് പോസ്റ്റ് ചെയ്തത് എന്ന് വ്യക്തമല്ല. എന്നാല്‍ അപ്പോഴേക്കും വീഡിയോയില്‍ കണ്ട 26 കാരിയായ സോണി മരണപ്പെട്ടിരുന്നു.
ഓണ്‍ലൈനിലൂടെ വീഡിയോ കണ്ട പൊലിസ് അതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കള്‍ക്കും നാല് സഹോദരങ്ങള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.
യുവതിയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. തിങ്കളാഴ്ച്ച സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് പൊലിസ് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സോണി കുടുംബത്തോടൊപ്പം ഗ്രാമത്തിലെത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. വെള്ളിയാഴ്ച്ചയോടെ യുവതി മരണപ്പെട്ട വാര്‍ത്ത അറിഞ്ഞു. എന്നാല്‍ കാരണം എന്തെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കിയില്ലെന്നും അവര്‍ പറഞ്ഞു.
വീഡിയോയില്‍ യുവതി പറഞ്ഞ ഇമ്രാനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. വീഡിയോ ചിത്രീകരിക്കാന്‍ യുവതിയെ ആരോ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."