പ്രതീക്ഷയേകുന്ന വിരുന്ന് സല്‍ക്കാരങ്ങള്‍
യു.എം മുഖ്താര്‍
കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍.ഡി.എയെ നേരിടാന്‍ ശേഷിയുള്ള നേതാക്കളാല്‍ സമ്പന്നമാണ് പ്രതിപക്ഷനിര. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, ശരത് പവാര്‍, ഗുലാംനബി ആസാദ്, കപില്‍ സിബല്‍, പി. ചിദംബരം, ശശി തരൂര്‍ തുടങ്ങി നീണ്ടനിരയുണ്ട് പ്രതിപക്ഷത്ത്. പക്ഷേ, യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നിടത്തും പരസ്പര ഐക്യത്തിലും മാത്രമാണ് പോരായ്മയുള്ളത്. ബി.ജെ.പിക്ക് തനിച്ച് തന്നെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കിലും ദേശീയാടിസ്ഥാനത്തില്‍ ഇപ്പോഴും 68 ശതമാനം വോട്ടുകള്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളാണ് നേടിയത്. പ്രധാന ബി.ജെ.പിയിതരകക്ഷികള്‍ക്കിടയില്‍ ഐക്യം രൂപപ്പെട്ടാല്‍ വലിയ അധ്വാനമില്ലാതെ അവരെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാവും.
പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ മമതാ ബാനര്‍ജി തനിച്ചു മലര്‍ത്തിയടിച്ചതോടെ ദേശീയ രാഷ്ട്രീയത്തില്‍ സംയുക്ത പ്രതിപക്ഷം, വിശാല പ്രതിപക്ഷം, ഐക്യപ്രതിപക്ഷം തുടങ്ങിയ പദങ്ങള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. പിന്നാലെ മമത ഡല്‍ഹിയിലെത്തി അഞ്ചുദിവസം തങ്ങുകയും രാഹുല്‍ ഗാന്ധി മുതല്‍ അരവിന്ദ് കെജ്‌രിവാള്‍ വരെയുള്ളവരെ കാണുകയും ചോയ്തതോടെ 'എന്തെങ്കിലുമൊക്കെ നടക്കും' എന്ന് ചായക്കടയിലിരുന്ന് പത്രം വായിച്ച് രാഷ്ട്രീയാവലോകനം ചെയ്യുന്നവര്‍ പോലും പ്രവചിക്കുന്നുമുണ്ട്. ഭരണവിരുദ്ധ വികാരമെന്ന 'ഓട്ടോമാറ്റിക്' സംവിധാനത്തിലൂടെ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ഭരണം പോവാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങളുണ്ട്.
ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു ഗുണമെന്നത് ആഞ്ഞുപിടിച്ചാല്‍ ബി.ജെ.പിയും വീഴുമെന്ന് വ്യക്തമായതും പ്രതിപക്ഷ ഐക്യചര്‍ച്ചകള്‍ സജീവമായതുമാണ്. ഐക്യചര്‍ച്ചകളുടെ പോസിറ്റിവ് വശങ്ങളിലൊന്ന് 'വിരുന്ന് ഡിപ്ലോമസി'യാണ്. രാഹുല്‍ ഗാന്ധിയാണിത് തുടങ്ങിവച്ചത്. പൊതുവെ ബി.ജെ.പിയിതരകക്ഷി നേതാക്കള്‍ മാത്രമാണ് ഇത്തരം യോഗങ്ങളിലേക്ക് ക്ഷണിക്കപ്പെടാറുള്ളതെങ്കില്‍ ബി.ജെ.പിയിതര കക്ഷികളുടെ എം.പിമാരെ മൊത്തത്തില്‍ വിരുന്ന് സല്‍ക്കാരത്തില്‍ ക്ഷണിക്കുകയായിരുന്നു രാഹുല്‍. അടുത്തയാഴ്ച 'വിരുന്ന് ഡിപ്ലോമസി' കപില്‍ സിബലിന്റെ വകയായിരുന്നു. ഇതിനായി ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ ജന്മദിനാഘോഷം പാര്‍ലമെന്റ് സമ്മേളനദിവസമായ തിങ്കളാഴ്ചത്തേക്ക് നീട്ടിവച്ച് ബി.ജെ.പിയിതരകക്ഷികളെ കൂടുതലായി ക്ഷണിക്കുകയും ചെയ്തു. പ്രതിപക്ഷ ഐക്യയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറുള്ള ബിജു ജനതാദളിന്റെ പ്രതിനിധികള്‍ വരെ സിബലിന്റെ വീട്ടിലെത്തി. ഇനിയുള്ള ആഴ്ച സോണിയാ ഗാന്ധിയുടേതാണ്.
പ്രതിപക്ഷ ഐക്യം സംബന്ധിച്ച വിഷയത്തില്‍ യോഗേന്ദ്ര യാദവ് മുന്നോട്ടുവച്ചത് പോലെ രണ്ടുപ്രധാന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഒന്ന്, ആരെയെല്ലാം പ്രതിപക്ഷമായി കണക്കാക്കാം. ഏതുവിധത്തിലുള്ള ഐക്യത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നതാണ് രണ്ടാമത്തെ ചോദ്യം. ആരെല്ലാമാണ് പ്രതിപക്ഷം എന്ന ചോദ്യത്തിന് സാങ്കേതികമായി എന്‍.ഡി.എക്ക് പുറത്തുള്ള കക്ഷികളെല്ലാം പ്രതിപക്ഷത്താണെന്ന് പറയാം. എന്നാല്‍, ആശയപരമായി ആരെല്ലാമാണ് ബി.ജെ.പി പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷവാദത്തിനും ഹിന്ദുത്വവര്‍ഗീയതക്കുമെതിരേ നിലകൊള്ളുന്നത് എന്ന് ചോദിച്ചാല്‍ കൈ പൊക്കാന്‍ ആളുകള്‍ കുറയും. ബാബരി മസ്ജിദ് പൊളിച്ച സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വരെ പിന്തുണച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സംഘ്പരിവാര ആശയവുമായി ഏറ്റുമുട്ടുമ്പോള്‍ വിറയലനുഭവിക്കുന്നവരാണ്
സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയുടെ നേതൃത്വം.
ഏതര്‍ഥത്തിലുള്ള ഐക്യമാണ് നമ്മുടെ മുന്‍പിലുള്ളതെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ബി.ജെ.പിയിതര നേതാക്കളുടെ മുന്നിലില്ല. ബി.ജെ.പിക്കെതിരേ ഏറ്റവും ഫലപ്രദമായ ഐക്യം സാധ്യമാവുന്നത് തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തിലാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. എന്നാല്‍, ദേശീയതലത്തില്‍ നോക്കിയാല്‍ ഇത് പലയിടത്തും അപ്രായോഗികമാണ്. ചതുഷ്‌കോണ മത്സരം നടക്കുന്ന ഉത്തര്‍പ്രദേശിലെ ഉദാഹരണം നോക്കാം. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസും എസ്.പിയും ബി.എസ്.പിയും ഒന്നിച്ചാല്‍ ബി.ജെ.പിവിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ കഴിയും. എന്നാല്‍ ജാതി, മത സമവാക്യങ്ങള്‍ മാത്രം ആശ്രയിച്ചുള്ള യു.പിയില്‍ ഈ ഐക്യം ഏതുവിധത്തില്‍ വോട്ടര്‍മാര്‍ എടുക്കുമെന്നതും പ്രശ്‌നമാണ്. ഉദാഹരണത്തിന്, യു.പിയിലെ കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ ഒരു പ്രധാന വിഭാഗം സവര്‍ണ വോട്ടുകളാണ്. ബി.എസ്.പിയുടേതാവട്ടെ ദലിത് പിേന്നാക്ക വിഭാഗങ്ങളും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ സംയുക്തസ്ഥാനാര്‍ഥിയായി ബി.എസ്.പിയുടെ സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സവര്‍ണവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോവാനിടയുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം ചലനങ്ങള്‍ കണ്ടതുമാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. സ്വാധീനമുള്ള വലിയ കക്ഷികള്‍ അവിടെ ചിത്രത്തിലില്ലാത്തതിനാല്‍ അത്തരം സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യത്തിന് പ്രസക്തിയില്ല. പിന്നെയുള്ളത് പഞ്ചാബ്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയവയാണ്. ഇവിടെയാവട്ടെ ദേശീയതലത്തില്‍ ബി.ജെ.പിവിരുദ്ധ ചേരികളുടെ ഭാഗമായ കക്ഷികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളാണ്. ബി.ജെ.പിക്കെതിരേ ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥ കേരളത്തിലില്ലല്ലോ. പശ്ചിമബംഗാള്‍, ഒഡിഷ, ഛത്തിസ്ഗഡ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബി.ജെ.പിയിതരകക്ഷികള്‍ തമ്മിലൊരു ഐക്യത്തിന് വലിയ പ്രസക്തിയില്ല. മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിപക്ഷ ഐക്യം കൊണ്ട് കാര്യമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."