HOME
DETAILS
MAL
വിവാദ ഭൂമിയിടപാട്: ആലഞ്ചേരി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി
backup
August 14 2021 | 04:08 AM
കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും തലപൊക്കുമ്പോള്‍ സിറോ മലബാര്‍ സഭയും സഭാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. സഭയുടെ ചരിത്രത്തില്‍തന്നെ ആദ്യമായിട്ടാണ് ഒരു മേലധ്യക്ഷന്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടില്‍ കുറ്റാരോപിതനാകുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സ്വന്തമായി ഒരു മെഡിക്കല്‍ കോളജ് തുടങ്ങണമെന്ന ജോര്‍ജ് ആലഞ്ചേരിയുടെ താല്‍പര്യത്തില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടിന്റെ തുടക്കം. 2015 മെയ് മാസത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 58.2 കോടി രൂപ വായ്പയെടുത്ത് അതിരൂപത മെഡിക്കല്‍ കോളജിനായി മറ്റൂരില്‍ 23.22 ഏക്കര്‍ റബര്‍ തോട്ടം വാങ്ങി. സമീപത്തു മെറ്റല്‍ ക്രഷര്‍ യൂനിറ്റുകളും മറ്റുമുള്ളതിനാല്‍ ഈ സ്ഥലം മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയിരുന്നു. ഈ ഭൂമിയില്‍ 42 സെന്റ് പുറമ്പോക്കുമുണ്ട്. കൂടാതെ കോളജ് ശരിയായി നടത്താന്‍ തങ്ങളെക്കൊണ്ടു സാധിക്കില്ലെന്നും അതിരൂപത കണ്ടെത്തി. ഇതോടെ മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പ 64 കോടിയായി ഉയര്‍ന്നു. കടം പെരുകിയതോടെ ഈ ഭൂമി വിറ്റ് ബാധ്യത ഒഴിവാക്കന്‍ ശ്രമം നടത്തിയെങ്കിലും ഉദ്ദേശിച്ച വില ലഭിക്കാത്തതിനാല്‍ കച്ചവടം നടന്നില്ല.
ഇതോടെയാണ് അതിരൂപതയ്ക്ക് കീഴിലുള്ള മറ്റ് സ്ഥലങ്ങള്‍ വിറ്റ് കടം തീര്‍ക്കുക എന്ന നിലയിലേക്ക് എത്തിയത്. ഇതിനു വേണ്ടി 2016- 2017 കാലയളവില്‍ മൂന്ന് ഏക്കര്‍ അഞ്ച് സെന്റ് സ്ഥലം വില്‍പ്പന നടത്തി. 27 കോടി രൂപയ്ക്ക് സ്ഥലം വിറ്റ് ബാധ്യത തീര്‍ക്കാനാണ് പ്രൊക്യുറേറ്ററെ ചുമതലപ്പെടുത്തിയത്. എന്നാല്‍ വില്‍പ്പനയ്ക്കുശേഷം 36 ആധാരങ്ങളുടെ ആകെ വിലയായി രേഖപ്പെടുത്തിയത് 13.51 കോടി മാത്രമാണ്. സഭയുടെ അക്കൗണ്ടില്‍ എത്തിയതാകട്ടെ 9.13 കോടിയും. ആലോചനാ സമിതി, ഫിനാന്‍സ് കൗണ്‍സില്‍ എന്നീ കാനോനിക സമിതികളില്‍ നിയമപരമായി ആലോചിക്കാതെയാണ് വില്‍പ്പന നടപടികള്‍ നടത്തിയതെന്ന് അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആക്ഷേപമുന്നയിച്ചു. സ്ഥിരം സിനഡിന്റെ അനുവാദവും വാങ്ങിയില്ല. ഇതോടെയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വരുന്നത്. സെന്റിന് ശരാശരി 15 ലക്ഷം രൂപ വിലയുള്ള സ്ഥലമാണ് 9.05 ലക്ഷമായി നിശ്ചയിച്ചത്. വിശ്വാസികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി രൂപതയെ ഏല്‍പ്പിച്ച സ്ഥലവും വില്‍പ്പനയ്ക്കുവച്ചതും വിവാദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."