HOME
DETAILS
MAL
ഐ.എന്‍.എല്‍ ആലപ്പുഴയിലും പിളര്‍പ്പിലേക്ക്; സമാന്തര ജില്ലാകമ്മിറ്റി രൂപീകരണം ഇന്ന്
backup
August 14 2021 | 04:08 AM
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: സമവായ ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ നടക്കുമ്പോഴും ഐ.എന്‍.എല്ലില്‍ സമാന്തര കമ്മിറ്റികള്‍ക്ക് നീക്കം സജീവം.
അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ ഒരു വിഭാഗം നേതാക്കള്‍ എ.പി അബ്ദുല്‍ വഹാബിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമാന്തര ജില്ലാ കമ്മിറ്റി രൂപീകരണത്തിനായി ഇന്ന് യോഗം ചേരും. സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്. മുഹമ്മദാലിയുടെയും സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സുധീര്‍കോയയുടെയും നേതൃത്വത്തിലുള്ള വിഭാഗമാണ് ജില്ലാ കമ്മിറ്റിയോഗം ഇന്ന് ആലപ്പുഴയില്‍ വിളിച്ചിരിക്കുന്നത്. നിലവിലെ ജില്ലാകമ്മിറ്റിയിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഒഴികെയുള്ള ജില്ലാനേതാക്കളുടെ പിന്തുണയുണ്ടെന്നാണ് വഹാബ് പക്ഷത്തിന്റെ വാദം.
ഐ.എന്‍.എല്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ തന്നെയുണ്ടായിരുന്ന വിഭാഗീയത സംസ്ഥാന തലത്തിലെ പിളര്‍പ്പുകൂടി വന്നതോടെ രൂക്ഷമായിരിക്കുകയാണ്. നിസാര്‍ കാക്കോന്തറ പ്രസിസന്റും ബി.അന്‍ഷാദ് ജനറല്‍ സെക്രട്ടറിയുമായ ജില്ലാ കമ്മിറ്റിക്കെതിരേ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള വിഭാഗം പി.ടി ഷാജഹാനെ ജില്ലാ പ്രസിഡന്റാക്കി സമാന്തര ജില്ലാകമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപ്പെട്ടു അനുനയിപ്പിക്കുകയും സമാന്തര കമ്മിറ്റി പിരിച്ചുവിടുകയുമായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ അബ്ദുല്‍ വഹാബ് പക്ഷത്തിനൊപ്പം ചേര്‍ന്നാണ് പുതിയ നീക്കം നടത്തുന്നത്. ഐ.എം.സി.സി സംസ്ഥാന സെക്രട്ടറി മൊയ്തീന്‍കുട്ടി പുളിക്കലും സംസ്ഥാന കമ്മിറ്റിയംഗം റഫീഖ് അഴിയൂരുമാണ് പുതിയ ജില്ലാകമ്മിറ്റി രൂപീകരണത്തിനായി ഇന്ന് ആലപ്പുഴയില്‍ എത്തുന്നത്. സി.പി.എം നിര്‍ദേശപ്രകാരം കാന്തപുരം വിഭാഗം നേതാക്കളുടെ മധ്യസ്ഥതയില്‍ നാളെ കോഴിക്കോട് ഇരുപക്ഷവുമായി അനുരഞ്ജനയോഗം നടത്താനിരിക്കെയാണ് ആലപ്പുഴയില്‍ യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി സ്വീകരിച്ചു പുറത്താക്കപ്പെട്ടവരാണ് യോഗം വിളിച്ചിരിക്കുന്നതെന്നും ജില്ലയില്‍ മെംപര്‍ഷിപ്പ് കാംപയിന്‍ നടത്തി ശക്തമായ രീതിയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ബി. അന്‍ഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."