'മോദിക്കാലത്ത് നീതി ആഗ്രഹിക്കുന്നത് കുറ്റമാണെന്ന് അറിയില്ലായിരുന്നു': സഞ്ജീവ് ഭട്ടിന് വേണ്ടി ഭാര്യ ശ്വേത എഴുതുന്ന കത്ത്
ന്യൂഡല്‍ഹി: ഭരണകൂടത്തിന്റെ ഇനീതിക്കും പ്രതികാരനടപടിക്കും ഇരയായി സസ്‌പെന്റ് ചെയ്യപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ജയിലിനുള്ളിലായിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു.
ഇതിനിടെ നീതിക്ക് വേണ്ടി സഞ്ജീവിന്റെ ഭാര്യ ശ്വേതയും മക്കളും മുട്ടാത്ത വാതിലുകളില്ല. ഏതൊരു പൗരന്റെയും അവസാന ആശ്രയമായ സുപ്രിംകോടതി കഴിഞ്ഞദിവസം സഞ്ജീവിന് മൂന്നുലക്ഷം രൂപപിഴയിട്ടു. എന്തിനെന്നോ, തുടര്‍ച്ചയായി ഹരജി നല്‍കിയതിന്. നീതിവേണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്. കോടതി നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും വിചാരണ എങ്ങുമെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയതിനാണ്, ആഹരജി തള്ളിയതിനൊപ്പം സഞ്ജീവിന് പരമോന്നത നീതിപീഠം പിഴയിട്ടത്.
കോടതിയില്‍നിന്നുണ്ടായ ഈ നടപടിയില്‍ പതികരിച്ച് തുറന്ന കത്തെഴുതിയിരിക്കുകയാണ് ശ്വേതാഭട്ട്. രാജ്യത്തെ നീതിപീഠത്തിലുള്ള വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന, അതില്‍ ഇടിച്ചിലുണ്ടാക്കുന്ന നടപടിയാണിതെന്ന് ശ്വേത ഭട്ട് കത്തില്‍ ചൂണ്ടിക്കാട്ടി.
ശ്വേതഭട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
ഇത് ശ്വേത ഭട്ട്.
ഈ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇപ്പോഴും ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടോ എന്ന് എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. നേരിട്ട് അനുഭവപ്പെട്ട അട്ടിമറി സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണെങ്കിലും, ധീരമായും സത്യസന്ധമായും നീതി നടപ്പാക്കുന്ന കുറച്ചുപേര്‍ എങ്കിലും ഉള്ളത് പ്രതീക്ഷയുടെ ഒരു രജതരേഖയായി അവശേഷിക്കുന്നു. എന്നിരുന്നാലും, ഇന്ന് എന്റെ ആ തെറ്റായ വിശ്വാസത്തെ ഞാന്‍ തന്നെ ചോദ്യം ചെയ്യുകയാണ്. കാരണം കൂടുതല്‍ ഹരജി നല്‍കിയെന്നാരോപിച്ച് ഇപ്പോള്‍ സുപ്രീം കോടതി ഞങ്ങള്‍ക്ക് 3 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നു.
നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ നീതി ആഗ്രഹിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് എനിക്കറിയില്ലായിരുന്നു, ഒരാള്‍ക്ക് എത്ര തവണ നീതിക്കായി കോടതിയെ സമീപിക്കാം എന്നതിന് ഒരു പരിധിയുണ്ടെന്നും എനിക്കറിയില്ലായിരുന്നു!
നീതി പുലരുമെന്ന് ഞാന്‍ നിഷ്‌കളങ്കമായി ചിന്തിച്ചു. കേവലം പരിമിതമായ നീതിയല്ല, ഈ രാജ്യത്തിന്റെ ഭരണഘടന അതിലെ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശമായ നീതി.
എന്നാല്‍ ഇക്കഴിഞ്ഞ 5 വര്‍ഷം സുപ്രിംകോടതിയില്‍ ഞങ്ങള്‍ നല്‍കിയ എല്ലാ ഹരജികളും അത് പരിഗണിക്കപ്പെടാതെ രജിസ്ട്രാര്‍ക്ക് മുന്നില്‍ പൊടിപടലങ്ങള്‍ പിടിച്ചുകിടന്നു, വാദംകേള്‍ക്കാന്‍ പോലും നില്‍ക്കാതെ തള്ളിക്കളയാന്‍ വേണ്ടി മാത്രം.
അതുകൊണ്ട് നീതിക്കുവേണ്ടി ഞങ്ങള്‍ കോടതിയെ സമീപിക്കുന്നു, കോടതി അത് വ്യവസ്ഥാപിതമായി നിഷേധിക്കപ്പെടുന്നതും തുടരുകയാണ്.
നീതി തേടുന്ന ഒരു വ്യക്തിയുടെ അവസാന അഭയകേന്ദ്രമാണ് കോടതികള്‍. എന്നാല്‍ തങ്ങളെ സമീപിച്ചതിന് വ്യക്തികളെ ശിക്ഷിക്കാനുള്ള അധികാരം കോടതി തന്നെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഒരു വ്യക്തി പിന്നെ ഏത് വാതിലില്‍ പോയി മുട്ടാനാ..
കോടതിയെ സമീപിച്ചതിന് പൗരന്‍മാരെ ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ശിക്ഷിക്കുകയും പിഴയിടുകയുംചെയ്യുന്നത് പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ കടുത്ത നിഷേധമാണ്.
എന്നാല്‍ സങ്കടകരമെന്ന് പറയട്ടെ, നീതി തേടുന്നത് ശാസിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന ക്രിമിനല്‍ കുറ്റമാക്കിയ കാലത്താണ് നാം ഇപ്പോഴുള്ളത്.
ബലാത്സംഗം ചെയ്യുന്നവരും കലാപകാരികളും ആള്‍ക്കൂട്ടക്കൊലപാതകികളും ആനന്ദിക്കുക മാത്രമല്ല, അവര്‍ സ്വതന്ത്രരായി വിഹരിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യസന്ധരും ധീരരുമായ വ്യക്തികള്‍ കോടതിയില്‍ ഒരിക്കല്‍ നീതിപുലരുമെന്ന് പ്രതീക്ഷിച്ച് ജയിലില്‍ അഴികളെണ്ണി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് നാം ഉള്ളത്.
തങ്ങളുടെ അനിയന്ത്രിതമായ അധികാരം ഉപയോഗിച്ച് സംവിധാനത്തെ അട്ടിമറിക്കുന്നത് ഈ ഭരണകൂടം തുടരുകയാണ്. സഞ്ജീവിനെ ഭയപ്പെടുത്തുകയും നിശ്ശബ്ദമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരിക്കല്‍ ശക്തമായിരുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയെ അവര്‍ പരിഹാസ്യമാക്കി മാറ്റി.
ഈ ഭരണകൂത്തോടും അവരുടെ കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ.
നിങ്ങള്‍ക്ക് നിങ്ങളുടെ അധാര്‍മികവും നൈതികത ഒട്ടുമില്ലാത്തതുമായ കളികള്‍ തുടര്‍ന്നുകൊള്ളുക. അപ്പോഴും എല്ലാ തടസ്സങ്ങളും വകഞ്ഞുമാറ്റി ഞങ്ങള്‍ നീതിക്കായുള്ള പോരാട്ടം തുടരും.
കാരണം നേരും സത്യവും ഞങ്ങളുടെ പക്ഷത്താണ്.
നിങ്ങളുടെ എല്ലാ ശക്തികളും നിങ്ങള്‍ക്കൊപ്പമുണ്ട്.
അതുകൊണ്ട് ഞങ്ങളെ മര്‍ദിക്കുക, ഞങ്ങളെ തകര്‍ക്കുക, ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് തുടരുക.
വെറുപ്പും ഭീതിയും കൊണ്ട് നിങ്ങള്‍ കെട്ടിപ്പടുത്ത നുണകളുടെ സാമ്രാജ്യം തകരുന്നത് വരെ ഞങ്ങള്‍ പോരാട്ടം തുടരും.
ആര്‍ക്ക് മുന്നിലും മുട്ടുമടക്കുകയും കുനിയുകയും ചെയ്യാതെ നീതിക്കുവേണ്ടിയുള്ള പരിശ്രമം ഞങ്ങള്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."