HOME
DETAILS

ഋഷി സുനകിൻ്റെ പ്രധാനമന്ത്രിപദം ഇന്ത്യയോട് പറയുന്നത്

  
backup
October 26 2022 | 01:10 AM

rihhi-sunak-todays-article-26-10-2022

ഡോ. സനന്ദ് സദാനന്ദൻ

സൂ ര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നാണ് ചരിത്രത്തിൽ ഒരുകാലത്ത് ബ്രിട്ടന്റെ വിളിപ്പേര്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളായി നിരവധി കോളനികളുള്ളതിന്റെ മഹത്വം കാണിക്കാനാണ് ബ്രിട്ടൻ ഇത് ഉപയോഗിച്ചുപോന്നത്. എന്നാൽ, കോളനി രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ അടിവേരുകൾ തോണ്ടിയാണ് ബ്രിട്ടിഷ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തത്. വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ വംശജൻ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അത് കാലത്തിന്റെ കാവ്യനീതിയോ അതോ കാലഘട്ടത്തിന്റെ അനിവാര്യതയോ എന്ന് സംവാദങ്ങളുയരുന്നത് സ്വാഭാവികമാണ്.


2019ലെ ബ്രിട്ടിഷ് പാർലമെന്ററി തെരഞ്ഞെടുപ്പിൽ 650ൽ 357 സീറ്റുകളുമായി അധികാരമുറപ്പിച്ചത് കൺസർവേറ്റീവ് പാർട്ടിയാണ്. രണ്ടാം സ്ഥാനത്തുള്ള ലേബർ പാർട്ടിക്ക് 196 സീറ്റുകൾ മാത്രം. കൺസർവേറ്റീവ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൻ അധികാരമേൽക്കുന്നു. യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനമായ ബ്രക്‌സിറ്റിനും മറ്റു നിരവധി വിവാദങ്ങൾക്കും പിന്നാലെ ജോൺസൺ രാജിവച്ചു. കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടന്ന വോട്ടെടുപ്പിൽ ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്കെത്തി. നികുതി കുറച്ചുള്ള ട്രസിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ 45 ദിവസത്തിനു ശേഷം അവരുടെ രാജിയിലേക്ക് നയിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിൽനിന്ന് പെന്നി മോർഡൻ പിന്മാറിയതോടെയാണ് ഋഷി സുനകിന് അധികാരത്തിലേക്കുള്ള വഴി തുറന്നത്.


സുനക് എന്ന ഇന്ത്യക്കാരൻ


സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടിഷ് ഇന്ത്യയിൽ നിന്ന് കിഴക്കൻ ആഫ്രിക്കയിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കും കുടിയേറിയതാണ് പഞ്ചാബിൽ വേരുകളുള്ള സുനകിന്റെ കുടുംബം. പിതാവ് ഡോ. യാഷ്‌വീർ സുനക്, മാതാവ് ഫാർമസിസ്റ്റായ ഉഷ സുനക്. ബ്രിട്ടനിലെ സൗതാംപ്റ്റനിൽ ജനനം, വിൻചെസ്റ്റർ കോളജ്, ഓക്‌സ്‌ഫോർഡ്, സ്റ്റാൻഫോർഡ് എന്നീ സർവകലാശാലകളിൽ പഠനം. ഭാര്യ ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ നാരായണ മൂർത്തിയുടെ മകൾ അക്ഷത്. 2015ൽ നോർത്ത് യോർക്ക്‌ഷെയറിലെ റിച്ച്മണ്ട് മണ്ഡലത്തിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നു. 2017, 2019 വർഷങ്ങളിൽ വിജയം ആവർത്തിച്ചു. പടിപടിയായി ബോറിസ് ജോൺസൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ഉയരുന്നു. എന്നാൽ, സുനകിന്റെ രാജി പിന്നീട് പ്രധാനമന്ത്രിയുടെ തന്നെ രാജിയിൽ കലാശിച്ചു. തുടർന്ന് പ്രധാനമന്ത്രി മത്സരത്തിൽ ലിസ് ട്രസിനോട് പരാജയപ്പെടുന്നു. ഇപ്പോൾ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ആദ്യ ഏഷ്യൻ വംശജനായ പ്രധാനമന്ത്രിയെന്ന പദത്തിലെത്തി നിൽക്കുന്നു ഈ നാൽപ്പത്തിരണ്ടുകാരൻ.


ബ്രിട്ടനിലെ പ്രമുഖ വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് ഇന്ത്യൻ വിഭാഗം. മൊത്തം ജനസംഖ്യയുടെ 2.5 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും രാജ്യത്തിന്റെ ജി.ഡി.പിയുടെ ആറു ശതമാനം സംഭാവന ചെയ്യുന്നത് ഇവരാണ്. തൻ്റെ മതവിശ്വാസം സുനക് എക്കാലത്തും പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ദീപാവലി ആഘോഷങ്ങൾ ഔദ്യോഗിക വസതിയിൽ നടത്തിയതിൻ്റെയും ഭാര്യക്കൊപ്പം ലണ്ടനിൽ ഗോപൂജ നടത്തിയതിൻ്റെയും ചിത്രങ്ങൾ സുനക് തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതൊക്കെ കണ്ടിട്ടായിരിക്കാം പല ഇന്ത്യൻ നിരീക്ഷകരും അദ്ദേഹത്തിന്റെ നേട്ടത്തെ ഇത്ര കണ്ട് ആഘോഷിക്കുന്നത്.


സുനകിൻ്റെ നേട്ടംഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണെന്നതിൽ സംശയമില്ല. ഇന്ത്യക്കാർക്ക് പ്രവേശനമില്ലെന്ന് ബോർഡുവച്ച് രണ്ടാംതരം പൗരന്മാരായി അടക്കിഭരിച്ച, സാമ്പത്തിക ചൂഷണങ്ങളിലൂടെ ഇന്ത്യൻ ഗ്രാമങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട, പട്ടിണി മരണങ്ങളെ ഗ്രേറ്റ് ഇന്ത്യൻ ഫാമിൻ എന്ന് പരിഹസിച്ച, ഇന്ത്യക്കാരനെ സംസ്‌കാര സമ്പന്നനാക്കുക എന്നത് വെള്ളക്കാരന്റെ ചുമതലയാണെന്ന് അഹങ്കരിച്ച ഒരു ജനതയെ നയിക്കാൻ ഇന്ത്യൻ വംശജൻ നിയമിതനാകുന്നത് കാലത്തിന്റെ പ്രതികാരമായിരിക്കാം.
പഴയ പ്രൗഢിയിലല്ല ഇന്ന് ബ്രിട്ടൻ. രണ്ടാം ലോക മഹായുദ്ധാനന്തരം കോളനികൾ കൈയൊഴിഞ്ഞതോടെ അമേരിക്കൻ നിഴലിലേക്ക് നീങ്ങി. മാർഗരറ്റ് താച്ചറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളും കടന്ന് യൂറോപ്യൻ യൂനിയൻ എന്ന വിശാല സഖ്യത്തിന്റെ ഭാഗമാകുന്നു. ബോറിസ് ജോൺസന്റെ കാലത്ത് നടന്ന ഹിത പരിശോധനയുടെ ഫലമായി ബ്രക്‌സിറ്റ് വഴി ബ്രിട്ടൻ യൂനിയനിൽ നിന്ന് പുറത്തേക്ക് വരുന്നു. അന്ന് തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളാണ് ഏഴ് ആഴ്ചക്കുള്ളിൽ മൂന്ന് പ്രധാനമന്ത്രിമാരെ സൃഷ്ടിക്കുന്ന ഇന്നത്തെ അവസ്ഥയിലേക്ക് ബ്രിട്ടനെ നയിച്ചത്. ഈ പ്രതിസന്ധികളുടെ സൃഷ്ടിയാണ് വാസ്തവത്തിൽ സുനകിന്റെ പ്രധാനമന്ത്രിപദം.


ധനമന്ത്രിയായിരിക്കെ കൊവിഡ് കാലത്തെ പ്രതിസന്ധികളെ ജനകീയമായി നേരിട്ടതു വഴി സമ്പാദിച്ചതാണ് അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ജനപ്രിയത.ബോറിസ് ജോൺസനെ പുറത്താക്കിയ രാജിപരമ്പരയ്ക്ക് തുടക്കമിട്ടതിനാൽ ജോൺസൻ അനുകൂലികളുടെ കടുത്ത എതിർപ്പ് നേരിടേണ്ടിവരും. ഇനി സാമ്പത്തിക വിഷയങ്ങളെ എങ്ങനെ നേരിടുമെന്നതാണ് അദ്ദേഹത്തിന്റെ ഭാവിദിനങ്ങളെ നിശ്ചയിക്കാൻ പോകുന്നത്. ഇന്ത്യൻ പശ്ചാത്തലം സുനകിനെ പ്രധാനമന്ത്രി പദവിയിലെ യാത്രയെ കൂടുതൽ കടുത്തതാക്കുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി എത്രകണ്ട് ബ്രിട്ടിഷുകാരനാണെന്ന് മുമ്പില്ലാത്തവിധം ഓഡിറ്റ് ചെയ്യപ്പെടും. പല ഇന്ത്യൻ അതിദേശസ്‌നേഹികളും അവകാശപ്പെടുന്ന പോലെ കോഹിനൂർ രത്‌നം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാനോ നൂറ്റാണ്ടിന്റെ പ്രതികാരം വീട്ടാനോ ഇന്ത്യൻ സംസ്‌കാരം ബ്രിട്ടനിൽ അരക്കിട്ടുറപ്പിക്കാനോ അല്ല സുനക് ശ്രമിക്കുക. അടിസ്ഥാനപരമായി അദ്ദേഹം ബ്രിട്ടനിൽ ജനിച്ച ഒരു ബ്രിട്ടിഷ് രാഷ്ട്രീയക്കാരനാണ്.


ഇന്ത്യക്ക് മാതൃക


പ്രധാനമന്ത്രി പദം ഉറപ്പിച്ച സുനകിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ, നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത് യു.കെയിലെ ഇന്ത്യക്കാരുടെ ജീവനുള്ള പാലം എന്നാണ്. മുൻ പ്രധാനമന്ത്രി ജോൺസനുമായി കരാറിലെത്തിയ റോഡ് മാപ്പ് 2030 നടപ്പിലാക്കാൻ ഒന്നിച്ചുപ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു. ഇതിനൊപ്പം തന്നെ നിരവധി വലതുപക്ഷ ഹാൻഡിലുകളിൽ നിന്ന് ഉയർന്നുവരുന്ന വാദങ്ങളും ശ്രദ്ധേയമാണ്. ഇത് ഹിന്ദുവിന്റെ വിശ്വവിജയത്തിന്റെ തുടക്കമാണെന്നും കമലാ ഹാരിസിലൂടെ അമേരിക്കയിലും സുനകിലൂടെ ബ്രിട്ടനിലും ഇന്ത്യൻ മൂല്യങ്ങളുടെ വില പാശ്ചാത്യർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ആവേശം കൊള്ളുന്നു. വാസ്തവത്തിൽ ഇത് ഇന്ത്യൻ ജനാധിപത്യത്തിനെക്കുറിച്ച് തിരിച്ചറിയാനുള്ള ഒരവസരമല്ലേ? യു.കെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമുള്ള ഇന്ത്യൻ വംശത്തിന്റെ പ്രതിനിധിയെയാണ് അവർ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ 15 ശതമാനത്തിലധികം വരുന്ന ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന് നിലവിൽ കേന്ദ്രമന്ത്രിസഭയിൽ പ്രതിനിധിയായി ഒരാൾ പോലും ഇല്ല. സമാനമാണ് സമകാലിക ഇന്ത്യയിലെ മറ്റു ന്യൂനപക്ഷങ്ങളുടെ സാന്നിധ്യവും.


2004ൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയുടെ പേര് ഉയർന്നു വന്നപ്പോൾ തല മുണ്ഡനം ചെയ്യുമെന്നും പറഞ്ഞവരും സുപ്രിംകോടതിയിൽ പൗരത്വത്തെ സംബന്ധിച്ച് കേസ് കൊടുത്തവരും ഇന്ന് കമലാഹാരിസിനെയും ഋഷി സുനകിനെയും ഓർത്ത് അഭിമാനിക്കുമ്പോൾ ചോദ്യങ്ങൾ നീളുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എങ്ങനെയാണ് ന്യൂനപക്ഷ സ്വരങ്ങളെ ഉൾച്ചേർക്കുന്നത് എന്നിതിലേക്കാണ്. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ് അല്ലെങ്കിൽ ദലിത് പ്രധാനമന്ത്രിയെ ഉൾക്കൊള്ളാൻ സമകാലിക ഇന്ത്യൻ രാഷ്ട്രീയ ബോധ്യങ്ങൾക്കാകുമോ എന്നതാണ് 2024ലെ ഇന്ത്യൻ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന ചോദ്യം.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago