നബിദിനം ആഘോഷിക്കപ്പെടേണ്ടതുതന്നെ
ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി
കഴിഞ്ഞാഴ്ച ലോക മുസ്‌ലിംകൾ പ്രവാചകൻ തിരുനബി(സ്വ)യുടെ ജന്മദിനം വർണാഭമായി ആഘോഷിക്കുകയുണ്ടായി. ജാഥകൾ, സമ്മേളനങ്ങൾ, പ്രവാചക പ്രകീർത്തന പരിപാടികൾ, മൗലിദ് പാരായണം, അന്നദാനം തുടങ്ങി അന്താരാഷ്ട്ര സെമിനാറുകളും കോൺഫ്രൻസുകളും വരെ നബിദിന ആഘോഷത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്നു. വിവിധ ജാതി മതസ്ഥർ വരെ പങ്കുചേർന്ന നയനാനന്ദകരമായ കാഴ്ചകൾക്കാണ് നമ്മുടെ കേരളവും സാക്ഷിയായത്. എന്നാൽ, നാട്ടിലെ ചില അൽപജ്ഞാനികൾ ഇത് അനിസ്‌ലാമികവും പുത്തനാശയവും നിഷിദ്ധവുമാണെന്ന് പ്രസ്താവനയിറക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴിയും അല്ലാതെയും പാഴ്‌വേലകളായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയുമുണ്ടായി.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിലും മൗറിത്താനിയൻ തലസ്ഥാനമായ നുവാക് ഛോട്ടിലും സർക്കാർ തലത്തിൽ നടത്തപ്പെട്ട നബിദിന മഹാസമ്മേളനത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവൺമെന്റ് അതിഥിയായി സംബന്ധിച്ചത് ഇന്നും ഓർമയിൽ മായാതെയുണ്ട്. പ്രവാചക പ്രകീർത്തനങ്ങളും ദിക്ർ സ്വലാത്തുകളും കൊണ്ട് മുഖരിതമായ ചരിത്ര സമ്മേളനത്തിൽ ലിബിയൻ രാഷ്ട്ര സാരഥിയായിരുന്ന കേണൽ മുഅമ്മർ ഖദ്ദാഫിയായിരുന്നു മുഖ്യപ്രഭാഷണം നിർവഹിച്ചത്.
തിരുമേനി(സ)യുടെ അനുയായികളാണ് നാം എന്നതും അല്ലാഹു ലോകത്തിനൊന്നടങ്കം അനുഗ്രഹമായാണ് മുഹമ്മദ് നബി(സ)യെ നിയോഗിച്ചത് എന്നതും അത്യമൂല്യ ഔദാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ആ നിയോഗത്തിൽ സന്തോഷിക്കാനും ആഹ്ലാദിക്കാനും അർഹതപ്പെട്ടവർ തന്നെയാണു നാം.
വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നു: നബീ, അങ്ങ് പ്രഖ്യാപിക്കുക: അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും കൊണ്ട് അവർ സന്തോഷിച്ച് കൊള്ളട്ടെ(വി.ഖു 10:58). ഇതിന്റെ വ്യാഖ്യാനത്തിൽ, ഇമാം ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചത് അവിടെ ഉദ്ദേശിക്കപ്പെട്ട അനുഗ്രഹം തിരുനബി(സ)യാണ് എന്നാണ്(ദുർറുൽ മൻസൂർ 4:367).
തിരുനബി(സ)യുടെ ജീവചരിത്രമോ അപദാനമോ പറയുക, അവിടത്തെ ഏതെങ്കിലും വിശേഷണങ്ങളോ ഗുണങ്ങളോ അനുസ്മരിക്കുക, ഖുർആൻ സൂക്തങ്ങളോ സ്വലാത്തോ ചൊല്ലുക, അന്ന പാനാദികളോ മധുര പലഹാരമോ വിതരണം ചെയ്യുക, പ്രവാചക ചരിത്രത്തിന്റെ ഏതെങ്കിലും വശത്തേക്ക് വെളിച്ചം വീശുന്ന പ്രസംഗം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഏത് അനിസ്‌ലാമികം എന്നാണ് ഇവർ പറയുന്നത്. നബിദിനാഘോഷങ്ങളിൽ ശരീഅത്തിന് വിരുദ്ധമായി, അനിസ്‌ലാമികമായി ഒന്നും ഉണ്ടാകരുതെന്ന് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്; അത് നബിദിനത്തിൽ മാത്രമല്ല കല്യാണത്തിലും മറ്റു കൂടിച്ചേരലുകളിലും സമ്മേളനങ്ങളിലും ഇതര ആഘോഷങ്ങളിലുമൊക്കെ അനിവാര്യമാണല്ലോ.
അടിസ്ഥാനപരമായി മതപരമായ വല്ല ഗുണവും ഇതിലുണ്ടോ എന്നതും ചിന്തനീയമാണ്. മേൽ സൂചിപ്പിച്ച കാര്യങ്ങളൊക്കെ പ്രതിഫലാർഹവും ഗുണപ്രദവുമാണെന്നു പ്രത്യേകം പറയേണ്ടതില്ല. മുസ്‌ലിംകൾ പരസ്പരം കണ്ടുമുട്ടുന്നതും കുശലാന്വേഷണങ്ങൾ നടത്തുന്നതും നബി(സ)യെക്കുറിച്ച് പഠിക്കാനവസരമുണ്ടാകുന്നതുമൊക്കെ വലിയ നേട്ടങ്ങളാണ്. പ്രവാചകന്മാരുടെയോ ഖുലഫാഉർറാശിദുകളുടെയോ കഥാകഥനത്തിനോ അപദാന പ്രകീർത്തനത്തിനോ ആളുകളെ സംഘടിപ്പിക്കുന്നതുതന്നെ പുണ്യകർമമാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. പിന്നെ, സർവ പ്രവാചകരിലും ശ്രേഷ്ഠരായ തിരുനബി(സ)യുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്വന്തം ജന്മദിനം നബി(സ) ആഘോഷിച്ചിരുന്നുവോ എന്നാണ് അവർ ചോദിക്കുന്നത്. അതെ എന്നാണ് അതിന്റെ ഉത്തരം. വാരാന്തം നോമ്പനുഷ്ഠിച്ചുകൊണ്ടായിരുന്നു അത്. ഖതാദ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം: തിങ്കളാഴ്ചത്തെ നോമ്പിനെപ്പറ്റി നബിയോടൊരാൾ ചോദിച്ചു. അവിടന്ന് പ്രതികരിച്ചു: ഞാൻ പ്രസവിക്കപ്പെട്ട ദിവസമാണത്; എനിക്കു ദിവ്യസന്ദേശം(വഹ്‌യ്) ലഭിച്ചതും അന്നുതന്നെ(മുസ്‌ലിം:1162). ഓരോ ആഴ്ചയും വ്രതമനുഷ്ഠിച്ചുകൊണ്ട് നബി(സ) ജന്മദിനസ്മരണ പുതുക്കിക്കൊണ്ടിരുന്നു എന്നർഥം.
ആരാധനകൾ ഏതെങ്കിലും പ്രത്യേക ഘട്ടങ്ങളോ സമയങ്ങളോ ആയി ബന്ധപ്പെടുത്തുന്ന രീതി നബി(സ) പഠിപ്പിച്ചിട്ടുണ്ടോ, എന്ന ചോദ്യവും പ്രസക്തമാണ്. അതിനും അതെ എന്നു തന്നെയാണ് ഉത്തരം. പ്രസിദ്ധമായ ആശൂറാ വ്രതാനുഷ്ഠാന സംഭവം മതിയായ തെളിവാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി തിരുമേനി മദീനയിൽ വന്നപ്പോൾ ജൂതന്മാർ ആശൂറാ വ്രതമനുഷ്ഠിക്കുന്നതായി കണ്ടു. അന്വേഷിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: ഇസ്റാഇൗല്യരെ അവരുടെ ശത്രുവിൽനിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ സമയമാണിത്. അവിടന്ന് പ്രതികരിച്ചു: 'മൂസാനബിയോട് നിങ്ങളെക്കാൾ കടപ്പാടുള്ളവൻ ഞാനാണ്'. അങ്ങനെ അവിടന്ന് ആ ദിനം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോടതിനു കൽപ്പിക്കുകയും ചെയ്തു (ബുഖാരി:
2658). പ്രവാചകരുടെ ഓർമകൾ പുതുക്കാൻ ആരാധനാ കർമങ്ങളാകാമെന്നതിനു സ്പഷ്ടമായ തെളിവാണിത്. മൗലിദാഘോഷത്തിന്റെ പ്രമാണമായി ഇബ്‌നു ഹജർ അസ്ഖലാനി(റ) ഉദ്ധരിച്ച ഹദീസും ഇതാണ്. നിയമാനുസൃത ഏതു കാര്യമനുവർത്തിച്ചുകൊണ്ടും അതാകാമെന്നാണ് പ്രസ്തുത ഹദീസിന്റെ താൽപര്യമെന്ന് ഇമാമുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ദിക്റും സ്വലാത്തും പ്രവാചകാപദാന പ്രകീർത്തനവുമൊക്കെ മതപരമായ കാര്യങ്ങളാണല്ലോ. മാത്രമല്ല, മൂസാ നബിയുടെ സുരക്ഷയും ഫറോവയുടെ സംഹാരവും ഇസ്റാഇൗല്യരെ മാത്രം ബാധിക്കുന്ന വിഷയമാണ്; തിരുനബി(സ)യുടെ നിയോഗമാകട്ടെ പ്രപഞ്ചത്തിന്റെയാകമാനം മോക്ഷവും അനുഗ്രഹവുമാണ്(വി.ഖു 21:107). നിരവധി ഹദീസുകളിലും ഇതു സംബന്ധിച്ച പരാമർശങ്ങളുണ്ട്.
നബിദിനാഘോഷ പ്രഭാഷണങ്ങളിലും മൗലിദുകളിലും ചർച്ചാവിധേയമാകുന്നത് മതപരമായ കാര്യങ്ങളും ചരിത്രപ്രതിപാദനങ്ങളുമാണ്. ഖുർആൻ നിർവഹിച്ച കാര്യവും ഇതുതന്നെയാണ്. പ്രവാചക ശ്രേഷ്ഠന്മാരുടെ വൃത്താന്തങ്ങളിൽനിന്ന് അങ്ങയുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന കഥകളാണ് നാം ഈ പ്രതിപാദിച്ചു തരുന്നതൊക്കെയും (വി.ഖു 11:120). തിരുനബി(സ)യുടെ ബൃഹത്തായ ജീവിതത്തിലെ ഏടുകളും അധ്യായങ്ങളും കേൾക്കുക വഴി ശ്രോതാക്കൾക്ക് യാതൊരു നേട്ടവും ലഭിക്കില്ലെന്ന് തട്ടിവിടാൻ എത്ര വലിയ ധാർഷ്ട്യമാണ് വേണ്ടത്!
സകല മനുഷ്യരെക്കാളും നബി(സ)യെ സ്നേഹിക്കുന്നയാൾ മാത്രമേ പൂർണ വിശ്വാസിയാകൂ എന്ന് പ്രവാചക പാഠങ്ങളിലുണ്ട്. ഈ സ്നേഹ പ്രകടനത്തിന്റെ ഒരു ഭാഗമാണ് മൗലിദാഘോഷം; നബിയെക്കുറിച്ച് പഠിക്കാനും പ്രവാചക സ്നേഹം വളർത്താനും ജനങ്ങൾക്കത് വഴിതെളിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ചയുടെ സവിശേഷതകൾ വിവരിക്കവെ 'അന്നാണ് ആദം നബി സൃഷ്ടിക്കപ്പെട്ടത്' എന്ന് നബി(സ) പ്രതിപാദിച്ചതായി കാണാം (മുസ്‌ലിം:1467). ഹജ്ജ് കർമങ്ങളിൽ പലതും ഇബ്റാഹീം, ഇസ്മാഈൽ, ഹാജർ ബീവി എന്നിവരെ അനുസ്മരിച്ചു കൊണ്ടുള്ളതാണ്. ഇബ്രാഹീം നബി(അ) നിന്ന സ്ഥലത്ത് നിങ്ങൾ നിസ്‌കാര സ്ഥലമാക്കുക എന്നും ഖുർആൻ(2:125) വ്യക്തമാക്കിയിട്ടുണ്ട്. മതകർമങ്ങൾ പലതും വിവിധ അനുസ്മരണീയ സംഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നു സാരം.
തന്റെ ജന്മദിനമായതുകൊണ്ട് തിങ്കളാഴ്ച നബി(സ) നോമ്പ് അനുഷ്ഠിച്ചു എന്ന് നേരത്തെ പറഞ്ഞു. ഉമ്മത്തിനോട് ആ വ്രതമനുഷ്ഠിക്കാൻ അവിടന്ന് നിർദേശിക്കുകയുമുണ്ടായി. എന്നാൽ പിൽകാലത്ത് ഉടലെടുത്ത മൗലിദാഘോഷമാണ് ചർച്ചാവിഷയമെന്നും അത് ദീനിൽ ഇല്ലാത്തതാണെന്നുമാണ് ചിലരുടെ വാദം. പക്ഷേ, അനുവദനീയമോ ഉദാത്തമോ ആയ കാര്യങ്ങൾ പുതിയ രൂപ ഭാവങ്ങളോടെ നടപ്പിൽവരുത്തുക എന്നത് തിരുനബി(സ) അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ്. 'ഇസ് ലാമിൽ നല്ലൊരു ചര്യ ആരെങ്കിലുമുണ്ടാക്കിയാൽ, വഴിയേ അത് അനുവർത്തിക്കുന്നവരുടെയൊക്കെ കൂലിയിൽ നിന്ന് ഒരു വിഹിതം അയാൾക്ക് നൽകപ്പെടും…'എന്ന ഹദീസ് (മുസ് ലിം: 2351)പ്രസിദ്ധമാണ്. പുതുതായി നടപ്പാക്കപ്പെട്ടതൊക്കൊ ദുർമാർഗമാണെന്ന ഹദീസിൽനിന്ന് ഇത്തരം ശ്രേഷ്ഠകാര്യങ്ങൾ ഒഴിവാണ് എന്ന് ഇമാം നവവി(റ)യും മറ്റും വിവരിച്ചിട്ടുണ്ട്(ശർഹു മുസ്‌ലിം 7:104). ഒരു ഇമാമിന്റെ കീഴിൽ ഇരുപത് റക്അത്തായി റമദാനിൽ തറാവീഹ് നിസ്‌കാരം നടപ്പാക്കിയതിനെപ്പറ്റി 'ഇത് ഉദാത്തമായ പുത്തൻ നടപടി(ബിദ്അത്ത്)യാകുന്നു' എന്നാണ് ഉമറുബ്നുൽ ഖത്താബ്(റ) പ്രസ്താവിച്ചത്. നിർബന്ധവും സുന്നത്തുമായ ബിദ്അത്തുകൾ വരെയുള്ളതായി പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്(ശർഹു മുസ്‌ലിം 6:154).
മുസ്‌ലിം ലോകത്തെ പ്രാമാണികമായ നാലു കർമശാസ്ത്ര സരണികളിലേയും പണ്ഡിത പ്രഭുക്കൾ മൗലിദാഘോഷം അനുവദനീയമാണെന്നും പുണ്യമാണെന്നും സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂത്വി(റ) നബിദിനാഘോഷത്തിന്റെ പ്രാമാണികത വിവരിച്ചുകൊണ്ട് 'ഹുസ്‌നുൽ മഖ്‌സ്വദ് ഫീ അമലിൽ മൗലിദ് ' എന്ന പേരിൽ ഒരു പ്രത്യേക ഗ്രന്ഥം തന്നെ തയാറാക്കിയിട്ടുണ്ട്. വിഷയം പഠിക്കാനാഗ്രഹിക്കുന്നവർക്കും തെറ്റിദ്ധരിച്ചവർക്കും ബൃഹത്തായ റഫറൻസാണത്. ഹനഫി മദ്ഹബിലെ പ്രമുഖ പണ്ഡിത പ്രതിഭയായ അല്ലാമാ ഇബ്നു ആബിദീൻ ഇമാം ഇബ്നു ഹജറിന്റെ മൗലിദിന്ന് ഒരു വ്യാഖ്യാനം തന്നെ എഴുതുകയും വിഷയത്തിന്റെ പ്രാധാന്യവും പ്രാമാണികതയും അതിൽ വിവരിക്കുകയും ചെയ്തിട്ടുണ്ട്.
മാലിക്കി പണ്ഡിതരായ ഇബ്നു അബ്ബാദ് തന്റെ മവാഹിബുൽ ജലീലിലും ശൈഖ് വൻശരീസി തന്റെ അൽ മിഅ്‌യാറിലും ശൈഖ് മുഹമ്മദ് അല്ലീശ് തന്റെ മിനഹുൽ ജലീലിലും മൗലിദിന്റെ പവിത്രതയെ സംബന്ധിച്ച് പ്രാമാണികമായി വിവരിച്ചതായി കാണാം. ഹൻബലി മദ്ഹബിലെ ഇബ്നു റജബ് (ലഥാഇഫുൽ മആരിഫ്) തുടങ്ങി പലരും അത് പുണ്യകർമമാണെന്നാണ് പറയുന്നത്.
മൗലിദിന്റെയും നബിദിനാഘോഷങ്ങളുടെയും ബദ്ധവൈരികളായ ചില ഉൽപതിഷ്ണുക്കളുടെ മാർഗദർശിയും മാതൃകാ പുരുഷനുമായ ഇബ്നു തൈമിയ്യ പോലും അത് പുണ്യകർമവും പ്രതിഫലാർഹമായ കാര്യവുമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഘോഷകരുടെ സദുദ്ദേശ്യവും തിരുമേനിയോട് കാണിക്കുന്ന ആദരവുമാണ് കാരണം എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്(ഇഖ്തിളാഉ സ്സ്വിറാത്തിൽ മുസ്തഖീം).
കേരളത്തിലെ മുസ്‌ലിയാക്കന്മാരുടെ അടിസ്ഥാനരഹിതമായ പഴഞ്ചൻ നടപടിയാണിത് എന്ന ചിലരുടെ ജൽപനം തിരുത്തപ്പെടാനും സത്യാന്വേഷികൾക്ക് യാഥാർഥ്യം ബോധ്യപ്പെടാനും ഉപര്യുക്ത വിവരണങ്ങൾ തന്നെ ധാരാളം. പ്രവാചകാപദാനങ്ങൾ പാടിയും പറഞ്ഞും ഈ പുണ്യമാസം ധന്യമാക്കാനും തലമുറകളിലേക്ക് പകർന്നു നൽകാനും നമുക്ക് സാധിക്കട്ടെ.
Content Highlights:Prophet's day should be celebrated
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."