ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക്
ലണ്ടൻ • വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയായ ലിസ് ട്രസ് 45ാം ദിനത്തിൽ രാജിവച്ചതിനു പിന്നാലെ ഇന്ത്യൻ വംശജനായ ഋഷി സുനക് (42) ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 200 വർഷത്തെ രാജ്യചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ആദ്യമായാണ് ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത്. 2015ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന അഞ്ചാമത്തെ നേതാവാണ് ഋഷി.
ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽനിന്ന് പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എം.പിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ഹൗസ് ഓഫ് കോമൺസ് നേതാവ് പെന്നി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനകിന് വഴിതെളിഞ്ഞത്.
ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് സ്ഥാനമേറ്റു.
പെന്നി മോർഡന്റിനും ബോറിസ് ജോൺസണും പാർട്ടി എം.പിമാരുടെ പിന്തുണ കുറഞ്ഞതോടെ മൽസരരംഗത്തുനിന്നു പിന്മാറേണ്ടിവരികയായിരുന്നു. 57 പേരുടെ പിന്തുണ മാത്രമാണ് ജോൺസണ് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നാമനിർദേശം സമർപ്പിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.
ജോൺസനു പിന്നാലെ പെന്നി മോർഡണ്ടും പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഋഷി സുനകിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായും കൺസർവേറ്റീവ് പാർട്ടി തലവനായും തെരഞ്ഞെടുത്തുവെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു.
സെപ്റ്റംബർ അഞ്ചിന് നടന്ന വോട്ടെടുപ്പിൽ 20,000ത്തിൽ പരം വോട്ടിനാണ് ഋഷി സുനകിനെ പരാജയപ്പെടുത്തി ലിസ് ട്രസ് പ്രധാനമന്ത്രിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."