ദയൂബന്ദ് ദാറുൽ ഉലൂമിനെ നിയമവിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തി യു.പി
ലഖ്‌നൗ • വിശ്വപ്രസിദ്ധ ഇസ്‌ലാമിക മതപഠന കേന്ദ്രമായ ദയൂബന്ദ് ദാറുൽ ഉലൂം ഉൾപ്പെടെ മുന്നൂറിലധികം സ്ഥാപനങ്ങളെ നിയമവിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശിലെ യോഗി ആദ്യനാഥ് സർക്കാർ. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 ഇസ്‌ലാമിക മതപഠന ശാലകളുടെ കൂട്ടത്തിലാണ് ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ദാറുൽ ഉലൂമും ഉൾപ്പെട്ടത്. നിയമവിരുദ്ധമായ സ്ഥാപനങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയെന്ന് അവകാശപ്പെട്ട് യു.പി സർക്കാർ സംസ്ഥാനത്തെ മദ്‌റസകളിൽ സർവേ നടത്തിവരികയാണ്. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ടെന്ന് സഹാറൻപൂർ ജില്ലാ ന്യൂനപക്ഷക്ഷേമ വകുപ്പ് ഓഫിസർ ഭരത് ലാൽ ഗോണ്ട് പറഞ്ഞു. ദയൂബന്ദ് ദാറുൽ ഉലൂമും നിയമവിരുദ്ധ സ്ഥാപനമാണെന്നും അതിന് നൽകിവരുന്ന ആനുകൂല്യങ്ങളെല്ലാം പിൻവലിച്ചിട്ടുണ്ടെന്നും ഭാരത്‌ലാൽ അറിയിച്ചു. സ്ഥാപിച്ച വർഷം, സ്ഥാപനനടത്തിപ്പുകാരുടെ വിശദാംശങ്ങൾ, കമ്മിറ്റിയുടെ/ ട്രസ്റ്റിന്റെ പേര്, വരുമാനമാർഗം ഇതെല്ലാം അന്വേഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഏഴായിരത്തോളം മദ്‌റസകൾ അംഗീകാരമില്ലാത്തും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്നും സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സർവേ അന്തിമഘട്ടത്തിലാണ്. അടുത്തമാസം 15ന് നിയമവിരുദ്ധ മദ്‌റസകളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. നിയമവിരുദ്ധമെന്ന് കണ്ടെത്തുന്നവ സർക്കാർ ഏറ്റെടുക്കുകയോ കെട്ടിടങ്ങൾ തകർക്കുകയോ ചെയ്യും.
സംസ്ഥാനത്ത് ആകെ 16,513 മദ്‌റസകളാണുള്ളത്. ഇതിൽ 754 സ്ഥാപനങ്ങൾക്ക് ശിക്ഷ മിത്ര പദ്ധതിപ്രകാരം ഗ്രാന്റ് നൽകുന്നുണ്ട്. അടുത്തിടെ അതും നിർത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."