കേരളയുടെ ചുമതല ആരോഗ്യ സർവകലാശാല വി.സിക്ക്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • കേരള വൈസ് ചാൻസലറുടെ ചുമതല 2019ൽ സംഘ്പരിവാർ കേന്ദ്രങ്ങളുടെ താൽപര്യത്തിനനുസരിച്ച് നിയമനം നൽകിയ ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറായി ഡോ.മോഹനൻ ഇന്നലെ ചുമതലയേറ്റു.
കേരള വി.സി ഡോ. മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഡോ. മോഹനൻ കുന്നുമ്മലിന് ചുമതല നൽകിയത്.
ആരോഗ്യ സർവകലാശാല വി.സിക്കെതിരേ മാത്രമാണ് ഗവർണർ നടപടിക്ക് നോട്ടിസ് നൽകാത്തത്. സർക്കാർ നോമിനിയെ വെട്ടിയാണ് ബി.ജെ.പിയോട് അടുപ്പമുള്ള ഡോ.മോഹനനെ വൈസ് ചാൻസലർ ആയി ഗവർണർ നിയമിച്ചത്.
2019 ൽ ആരോഗ്യ സർവകലാശാല വി.സി സ്ഥാനത്തേക്ക് സർക്കാർ മുന്നോട്ടുവച്ചത് മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേരായിരുന്നു. ഇതിനു പുറമെ ഡോ. വി. രാമൻകുട്ടിയുടെയും ഡോ. മോഹനൻ കുന്നുമ്മലിന്റെയും പേര് സെർച്ച് കമ്മിറ്റി ഗവർണർക്ക് നൽകിയിരുന്നു. പ്രവീൺലാലിനെ വി.സിയായി നിയമിക്കാനുള്ള സർക്കാർ താൽപര്യം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ ഗവർണറെ അറിയിക്കുകയും ചെയ്തു. എന്നാൽ സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിലെ മൂന്നാം പേരുകാരനായ ഡോ. മോഹനൻ കുന്നുമ്മലിനെ വി.സിയായി നിയമിച്ചാണ് ഗവർണർ ഉത്തരവിറക്കിയത്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഡോ. മോഹനൻ കുന്നുമ്മൽ. കേന്ദ്രസർക്കാർ രാജ്ഭവനിൽ നടത്തിയ ഇടപെടലിലാണ് ആരോഗ്യ സർവകലാശാല വി.സി നിയമനം നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. നിയമനത്തിനെതിരേ പ്രവീൺലാൽ കോടതിയെ സമീപിച്ചെങ്കിലും ഗവർണർ നടത്തിയ നിയമനം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഡോ.മോഹനൻ തയാറായില്ല. പഠിച്ച സർവകലാശാലയിൽ വി.സിയായി എത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."