ഗവർണറെ പുറത്തിറക്കില്ല; തെരുവിൽ തടയും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സർക്കാരിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഗവർണറെ തെരുവിൽ തടയാൻ സി.പി.എം.
വിദ്യാർഥി – യുവജന സംഘടനകളെ ഇറക്കിയാണ് തെരുവിൽ തടയാൻ ഒരുങ്ങുന്നത്. നവംബർ 15 ന് രാജ്ഭവനു മുന്നിൽ മനുഷ്യ മതിൽ തീർക്കും. പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കും. ഗവർണറെ സർവകലാശാലകളിൽ കയറ്റില്ലെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു. ഗവർണറുടെ എല്ലാ പരിപാടികളും സർക്കാരും പാർട്ടിയുടെ ജനപ്രതിനിധികളും ബഹിഷ്‌കരിക്കും. ഗവർണർക്കെതിരേ ഭരണഘടനാപരമായി എന്തു നടപടി എടുക്കാമെന്ന് ഇന്നു നടക്കുന്ന മന്ത്രിസഭ ചർച്ച ചെയ്യും. ഇന്നലെ മുഖ്യമന്ത്രി എ.ജിയുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിശദചർച്ചയുണ്ടാകും.
സർവകക്ഷി യോഗം വിളിച്ച് ഗവർണർക്കെതിരേ നീങ്ങാനുള്ള സാധ്യതയും സർക്കാർ ആലോചിക്കുന്നുണ്ട്. 2009ൽ ഗവർണർ ആർ.എസ് ഗവായിക്കെതിരേ നടത്തിയ പ്രതിഷേധങ്ങൾ മാതൃകയാക്കിയാണ് ആരിഫ് മുഹമ്മദ് ഖാനെതിരേയും പ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.എം ഒരുങ്ങുന്നത്. ലാവ്‌ലിൻ കേസിൽ മന്ത്രിസഭയുടെ തീരുമാനം മറികടന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതായിരുന്നു ഗവർണറെ തെരുവിൽ തടഞ്ഞത്. ഇന്ന് അതേ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗവർണർക്കെതിരേ സമര പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."