കോടതിവിധി തെറ്റിദ്ധരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കും: ഐ.എൻ.എൽ വഹാബ് വിഭാഗം
കോഴിക്കോട് • സംഘടനയുടെ കൊടിയും ലെറ്റർപാഡും അബ്ദുൽവഹാബ് ഉൾപ്പെടെ രണ്ടുപേർ ഉപയോഗിക്കുന്നത് വിലക്കിയുള്ള ഇടക്കാല ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് തങ്ങളല്ല ഔദ്യോഗിക വിഭാഗമെന്ന് പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഐ.എൻ.എൽ (വഹാബ് വിഭാഗം) നേതാക്കൾ. ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) എന്ന പേരിൽ പ്രവർത്തിക്കുന്നതിന് ഞങ്ങൾക്ക് കോടതി വിലക്കില്ല. സേട്ടു സാഹിബ് ഉയർത്തിയ പച്ചക്കൊടിയാണ് ഞങ്ങളുപയോഗിക്കുന്നത്. മറുവിഭാഗം കൊടിയിൽ മാറ്റംവരുത്തി. അവർക്ക് പുതിയ കൊടി ഉപയോഗിക്കാൻ കോടതി അനുമതി നൽകിയതാണ്. മന്ത്രി വിമതവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായത് സംസ്ഥാന സമിതി തെരഞ്ഞെടുത്തിട്ടല്ല. അബ്ദുൽ വഹാബിനെയാണ് ഔദ്യോഗികമായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും വൈസ് പ്രസിഡന്റ് കെ.പി ഇസ്മായീൽ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു.
ഭരണഘടനാ പദവിയുടെ മാന്യതയ്ക്ക് വില കൽപിക്കാത്ത ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രം തയാറാകണം. സെക്കുലർ ഇന്ത്യ കാംപയിനിന്റെ ഭാഗമായി സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയുണ്ടാക്കുമെന്നും നേതാക്കൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ട്രഷറർ ബഷീർ വടേരി, ജില്ലാ പ്രസിഡന്റ് ഷർമത് ഖാൻ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."