കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നവംബർ മൂന്നിന്
കണ്ണൂർ • സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം നടത്താൻ കെ.പി.സി.സി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ. സുധാകരൻ. സമരപരമ്പരകളുടെ ആദ്യഘട്ടമായി നവംബർ മൂന്നിനു കലക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 'പിണറായി ഭരണത്തിനെതിരേ പൗര വിചാരണ' എന്ന പേരിലുള്ള തുടർപ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമായാണു കലക്ടറേറ്റ് മാർച്ച് നടത്തുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരിക്കും മാർച്ച് നടത്തുക.
സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമായി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥകൾ നവംബർ 20 മുതൽ 30 വരെ നടത്തും. മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബർ രണ്ടാംവാരത്തിൽ 'സെക്രട്ടേറിയറ്റ് വളയൽ' സമരം നടത്തുമെന്നും സുധാകരൻ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം 31നു വിപുലമായ അനുസ്മരണ പരിപാടികളോടെ ആചരിക്കും. ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അനുസ്മരണം സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 'ഭാരത് ജോഡോ പ്രതിജ്ഞ' ചൊല്ലി പൊതുപരിപാടികൾ സംഘടിപ്പിക്കും.
'നരബലിയുടെ തമസിൽ നിന്നു നവോത്ഥാനത്തിന്റെ തുടർച്ചയിലേക്ക്' എന്ന മുദ്രാവാക്യമുയർത്തി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14നു അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ കാംപയിനു പാർട്ടി തുടക്കം കുറിക്കും. ഓൺലൈൻ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."