ബ്രിട്ടനിലെ ധനാഢ്യ രാഷ്ട്രീയക്കാരന്; ഇന്ത്യയുമായി അടുത്ത ബന്ധം
ഭാര്യ അക്ഷത മൂര്‍ത്തി ഇന്‍ഫോസിസ് തലവന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍
ലണ്ടന്‍ • ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ഋഷി സുനക് രാജ്യത്തെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്. 700 ദശലക്ഷം പൗണ്ടാണ് ആസ്തി. യോര്‍ക്ക്ഷെയറിലും സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണിലും വസ്തുവകകളുണ്ട്.
ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ 39ാം വയസില്‍ ധനമന്ത്രിയായി ശ്രദ്ധപിടിച്ചുപറ്റി. കൊവിഡ് കാലത്ത് പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും സാമ്പത്തിക തകര്‍ച്ച ഇല്ലാതെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
വെസ്റ്റ്മിന്‍സ്റ്ററില്‍ നിന്നാണ് രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഹിന്ദുമത വിശ്വാസിയാണ്. യോര്‍ക്ക്ഷെയറില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ ഭഗവത് ഗീത തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്.
സുനകിന്റെ മാതാവും പിതാവും ഇന്ത്യന്‍ വംശജരാണ്. 1960കളില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നാണ് ഫാര്‍മസിസ്റ്റ് ദമ്പതികള്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് യാഷ് വീര്‍ സുനക് നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലും മാതാവ് ഉഷ സുനക് മെഡിക്കല്‍ ഷോപ്പിലുമാണ് ജോലി ചെയ്തിരുന്നത്. ഇന്‍ഫോസിസ് തലവനും ഇന്ത്യക്കാരനുമായ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തത്. ഋഷി സുനക്-അക്ഷത മൂര്‍ത്തി ദമ്പതികള്‍ക്ക് കൃഷ്ണ, അനൗഷ്ക എന്നീ രണ്ട് പെണ്മക്കളാണുള്ളത്.
പലവിധത്തില്‍ ഇന്ത്യയുമായി ബന്ധമുള്ള സുനകിന്റെ സ്ഥാനലബ്ദിയില്‍ ഇന്ത്യൻ ജനത അഭിമാനം കൊള്ളുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തിനു ശേഷം ഇന്ത്യക്കാരനായ ഒരാള്‍ ബ്രിട്ടന്റെ ഉന്നതസ്ഥാനത്ത് അവരോധിക്കപ്പെട്ടത് ചരിത്രനിമിഷമാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു.
ധനമന്ത്രിയായിരുന്ന കാലത്ത് ഋഷി സുനക് ഡൗണിങ് സ്ട്രീറ്റില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വിളക്കുതെളിയിച്ചിരുന്നു. തന്റെ പൈതൃകത്തിലും സംസ്കാരത്തിലും എക്കാലവും അഭിമാനിച്ചിരുന്ന അദ്ദേഹം പ്രസംഗങ്ങളില്‍ മാതാപിതാക്കളെ കുറിച്ചും പരാമര്‍ശിക്കാറുണ്ടായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബംഗളൂരുവിലെത്തി ഭാര്യയുടെ മാതാപിതാക്കളെ കാണുന്നതും പതിവാണ്.
സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം സമ്പാദിച്ചത്. ആരോഗ്യസംരക്ഷണത്തിനായി ക്രിക്കറ്റ് കളിക്കാനാണ് ഋഷി സുനക് ഇഷ്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."