വാര്‍ത്തകളുടെ 'തല'ക്കെട്ട് വെട്ടി എക്‌സ്; എക്‌സില്‍ വാര്‍ത്തകള്‍ പങ്കുവെച്ചാല്‍ ഇനി തലക്കെട്ട് കാണില്ല
വാര്‍ത്തകളുടെ 'തല'ക്കെട്ട് വെട്ടി എക്‌സ്; എക്‌സില്‍ വാര്‍ത്തകള്‍ പങ്കുവെച്ചാല്‍ ഇനി തലക്കെട്ട് കാണില്ല
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) വാര്‍ത്തകളുടെ ലിങ്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നു. ഇനി മുതല്‍ എക്‌സില്‍ ന്യൂസ് ലിങ്കുകള്‍ പങ്കുവെക്കുമ്പോള്‍ അവയുടെ തലക്കെട്ടുകള്‍ കാണാന്‍ കഴിയില്ല. പകരം, വാര്‍ത്തയില്‍ നല്‍കിയ ഒരു ചിത്രമാകും പ്രദര്‍ശിപ്പിക്കുക.
പൊതുവെ വാര്‍ത്തകളുടെ ലിങ്കുകള്‍ പങ്കുവെക്കുമ്പോള്‍ ഒരു ചിത്രവും തലക്കെട്ടുമാണ് യൂസര്‍മാര്‍ക്ക് ദൃശ്യമാവാറുള്ളത്. ഇനി മുതല്‍ ഉള്ളടക്കത്തിലുള്ള ഒരു ചിത്രവും ഒപ്പം ചിത്രത്തിന് ഇടത് ഭാഗത്ത് താഴെയായി ആ വെബ്‌സൈറ്റിന്റെ ഡൊമൈനും പ്രദര്‍ശിപ്പിക്കും. ഉപഭോക്താവ് പങ്കുവെക്കുന്ന കുറിപ്പായിരിക്കും പോസ്റ്റിന്റെ കാപ്ഷനായി കാണാന്‍ സാധിക്കുക. ഈ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍, വാര്‍ത്തയിലേക്ക് പോകാനും സാധിക്കും.
ഈ മാറ്റം പോസ്റ്റുകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ദൃശ്യമാക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ എക്‌സില്‍ ഒരു ചിത്രം പങ്കുവെച്ചത് പോലെയാകും വാര്‍ത്തകള്‍ ദൃശ്യമാവുകയെന്നും സാധാരണ പോസ്റ്റുകളും വാര്‍ത്തകളും തിരിച്ചറിയാന്‍ അല്‍പ്പമൊന്ന് ബുദ്ധിമുട്ടേണ്ടി വന്നേക്കുമെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. എന്തായാലും പുതിയ മാറ്റം എക്‌സിലൂടെ വാര്‍ത്തകള്‍ പങ്കിടുന്ന മാധ്യമങ്ങളെ ചൊടിപ്പിക്കാനാണ് സാധ്യത.
വാര്‍ത്തയുടെ ലിങ്കുകളില്‍ നിന്ന് തലക്കെട്ടുകള്‍ മാറ്റാന്‍ ആഗസ്റ്റ് മുതല്‍ എക്‌സ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മാധ്യമസ്ഥാപനങ്ങളോട് ശത്രുതാ മനോഭാവമാണ് പുലര്‍ത്തുന്നതെന്ന് ആരോപണമുണ്ടായിരുന്നു. വാര്‍ത്ത പങ്കിടുന്നതിന് മിക്ക മാധ്യമ സ്ഥാപനങ്ങളും റിപ്പോര്‍ട്ടര്‍മാരും എക്‌സ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മസ്‌ക് ഏറ്റെടുത്തതിനുശേഷം ട്വിറ്ററില്‍ നിന്നുള്ള ട്രാഫിക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കന്‍ നാഷണല്‍ പബ്ലിക് റേഡിയോ ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (എബിസി) എന്നിവര്‍ എക്‌സ് ഉപയോഗിക്കുന്നത് ഉപേക്ഷിച്ചിരുന്നു.
ഏറെ കാലമായി പരമ്പരാഗത മാധ്യമങ്ങളുമായി ഇലോണ്‍ മസ്‌ക് അത്ര രസത്തിലല്ല. 'ട്വിറ്ററാണ് മികച്ച വിവര സ്രോതസ്സെന്ന്' അദ്ദേഹം പലപ്പോഴായി അവകാശപ്പെട്ടിട്ടുണ്ട്. 'ദ ന്യൂയോര്‍ക് ടൈംസ്' പോലുള്ള മാധ്യമങ്ങളുടെ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ എക്‌സില്‍ നിന്ന് വിലക്കിയതിനുമൊക്കെ പഴികേട്ട ചരിത്രവും എക്‌സിനുണ്ട്.
ബുധനാഴ്ച മുതലാണ് ഈ മാറ്റം അവതരിപ്പിച്ചത്. ഐ.ഓ.എസ് ആപ്പിലും വെബ്‌സൈറ്റിലും ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്തതിന് ശേഷം കെട്ടിലും മട്ടിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മസ്‌ക്. എകസ് പൂര്‍ണമായും സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സേവനമാക്കി മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നതായി മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."