ഉക്കടം കാർ സ്‌ഫോടനം; പ്രതികൾക്കെതിരേ യു.എ.പി.എ
പ്രത്യേക ലേഖകൻ
കോയമ്പത്തൂർ • ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാർ സ്‌ഫോടനമുണ്ടായ സംഭവത്തിൽ അറസ്റ്റിലായവർക്കെതിരേ യു.എ.പി.എ ചുമത്തി. ഫിറോസ് ഇസ്മാഈൽ, നവാസ് ഇസ്മാഈൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർക്കെതിരെയാണ് യു.എ.പി.എ ചുമത്തിയത്.
ഞായറാഴ്ച പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ ഉക്കടം സ്വദേശി ജമീഷ മുബീൻ മരണമടഞ്ഞിരുന്നു. ഇയാളുമായി അടുത്ത ബന്ധം പുലർത്തിയവരാണ് അറസ്റ്റിലായവർ. സ്‌ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുണ്ടെന്ന സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്.
സ്‌ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ജമീഷ മുബിന്റെ വീടിന് സമീപത്തെ ദൃശ്യങ്ങളുമാണ് പൊലിസിന് നിർണായക വഴിത്തിരിവുണ്ടാക്കിയത്. സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയത്തെ തുടർന്ന് 1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലിസ് പരിശോധന നടത്തി. അൽ ഉമ്മ സംഘടന തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലിസ് പരിശോധന നടത്തിയത്.
ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തു. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് സ്‌ഫോടന കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."