താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി; അക്രമികള്‍ മര്‍ദ്ദിച്ചെന്നും മൊബൈലും എ.ടി.എം കാര്‍ഡും തട്ടിയെടുത്തന്നും അശ്‌റഫ്
കോഴിക്കോട്: താമരശ്ശേരിയില്‍ അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്‌റഫ് തിരികെ എത്തി. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷമാണ് അഷ്‌റഫ് തിരിച്ചെത്തുന്നത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചെന്നും പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ചതായും തുടര്‍ന്ന് ബസ് കയറി തിരികെ എത്തുകയായിരുന്നെന്നും അഷ്‌റഫ് പറയുന്നു. എന്തിനാണ് തട്ടിക്കൊണ്ടു പോയതെന്നറിയില്ല. കണ്ണ് കെട്ടിയാണ് തട്ടിക്കൊണ്ടുപോയത്.ഹെല്‍മെറ്റ് ധരിപ്പിച്ചിരുന്നു. എങ്ങോട്ടാണ് കൊണ്ടുപോടയതെന്നറിയില്ല, കൊല്ലത്താണ് ഇറക്കി വിട്ടത്. തട്ടിക്കൊണ്ടു പോയവര്‍ മര്‍ദ്ദിച്ചു. കയ്യിലും കഴുത്തിലും പരുക്കുണ്ട്- അശ്‌റഫ് പറഞ്ഞു. ഫോണും എ.ടി.എം കാര്‍ഡും അക്രമികള്‍ തട്ടിയെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് ആരുമായും സാമ്പത്തിക ഇടപാടുകളില്ലെന്നും ബന്ധുക്കള്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടോ എന്നറിയില്ലെന്നും അശറഫ് വ്യക്തമാക്കി.
ആറ്റിങ്ങല്‍ നിന്നാണ് ബസ് കയറിയത്. ഇന്നലെ രാവിലെ അഷ്‌റഫിനെ വഴിയരികില്‍ കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാനായില്ല. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരിയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് തിരികെ എത്തിയത്.
അഷ്‌റഫിന്റെ മൊഴി പൊലിസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധുവിനുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലിസ് സുമോ വാഹനം ഓടിച്ചിരുന്ന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാന്‍, മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."