HOME
DETAILS
MAL
ഐ.എന്‍.എല്‍ 'പുറത്താകുമ്പോള്‍' നഷ്ടമാകുക സര്‍ക്കാരിന്റെ ന്യൂനപക്ഷ മുഖം
backup
August 15 2021 | 00:08 AM
ഇ.പി മുഹമ്മദ്
കോഴിക്കോട്: പിളര്‍പ്പും തമ്മില്‍തല്ലും ഐ.എന്‍.എല്ലിന് പുറത്തേക്കുള്ള വഴിതെളിയുമ്പോള്‍ നഷ്ടമാവുന്നത് എല്‍.ഡി.എഫിന്റെയും ഇടതുസര്‍ക്കാരിന്റെയും ന്യൂനപക്ഷ മുഖം.
എല്‍.ഡി.എഫിലെ പുതിയ ഘടകകക്ഷി എന്നതിലപ്പുറം ന്യൂനപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയ്ക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം. രണ്ടര പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്നെങ്കിലും വളരെ വൈകിയാണ് ഐ.എന്‍.എല്ലിനെ ഘടകകക്ഷിയായി അംഗീകരിച്ചത്. തുടര്‍ഭരണം ലഭിച്ചപ്പോള്‍ അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും ലഭിച്ചു. എന്നാല്‍ തെരുവില്‍ തല്ലി പാര്‍ട്ടി പിളര്‍ന്നതോടെ ഐ.എന്‍.എല്ലിന്റെ രാഷ്ട്രീയഭാവി അപകടത്തിലാവുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ചു മുന്നോട്ടുപോവണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാത്തതാണ് എല്‍.ഡി.എഫ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
അടുത്ത ദിവസത്തിനുള്ളില്‍ രമ്യതയിലെത്തിയില്ലെങ്കില്‍ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും പാര്‍ട്ടി പ്രതിനിധികളെയും മന്ത്രിയെയും ഒഴിവാക്കിയത് ഐ.എന്‍.എല്ലിനോടുള്ള സി.പി.എമ്മിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ഹജ്ജ്, വഖ്ഫ് വകുപ്പുകള്‍ വി.അബ്ദുറഹിമാന് നല്‍കുകയും ചെയ്‌തെങ്കിലും സര്‍ക്കാരിന്റെ ന്യൂനപക്ഷ മുഖമാണ് അഹമ്മദ് ദേവര്‍കോവില്‍. കഴിഞ്ഞ സര്‍ക്കാരില്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്ത ഡോ. കെ.ടി ജലീലായിരുന്നു സര്‍ക്കാരിനും മുസ്‌ലിം സംഘടനകള്‍ക്കുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചത്. ഇതിന്റെ ഗുണം പലഘട്ടത്തില്‍ സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ അത്തരം ഇടപെടല്‍ നടത്താന്‍ മന്ത്രിസഭയില്‍ ആരുമില്ല. ഈ സാഹചര്യത്തില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് സര്‍ക്കാരിനും ക്ഷീണമാകും. യു.ഡി.എഫ് സര്‍ക്കാരുകളില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേര്‍ മന്ത്രിമാരാകുമ്പോള്‍ ഇടത് സര്‍ക്കാരുകളില്‍ നാമമാത്രമാകുന്നുവെന്ന ആക്ഷേപം കൂടി കണക്കിലെടുത്തായിരുന്നു ഇത്തവണത്തെ മന്ത്രിസഭാ രൂപീകരണം. ഒറ്റ എം.എല്‍.എയുള്ള പാര്‍ട്ടികള്‍ക്കും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിച്ചപ്പോഴാണ് ഐ.എന്‍.എല്ലിനും നറുക്കുവീണത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടിയാണ് പിന്നീട് ഐ.എന്‍.എല്ലിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. എറണാകുളത്ത് ചേരിതിരിഞ്ഞ് തെരുവില്‍ ഏറ്റുമുട്ടിയത് സി.പി.എം ഗൗരവത്തോടെയാണ് കണ്ടത്. ഇതേത്തുടര്‍ന്നാണ് ഇരുവിഭാഗം നേതാക്കളെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ശാസിച്ചത്. ഒറ്റപ്പാര്‍ട്ടിയായി പോകണമെന്നും തര്‍ക്കങ്ങള്‍ തീര്‍ക്കണമെന്നുമുള്ള സി.പി.എം അന്ത്യശാസനത്തെ അവഗണിച്ചുകൊണ്ട് ഐ.എന്‍.എല്‍ നേതാക്കള്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ഓഫിസ് സംബന്ധിച്ച തര്‍ക്കം കോടതി കയറിയതും അനുരഞ്ജന നീക്കങ്ങള്‍ക്ക് തിരിച്ചടിയാവുന്ന തരത്തിലുള്ള നേതാക്കളുടെ പ്രതികരണവുമാണ് എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."