സഊദിയില്‍ മൊബൈല്‍ മേഖല പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം അടുത്തയാഴ്ചയോടെ
റിയാദ്: സഊദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മൊബൈല്‍ മേഖല സ്വദേശിവല്‍ക്കരണ രണ്ടാംഘട്ടസമയം അടുത്തതോടെ സ്വദേശി വല്‍ക്കരണം പാലിക്കാന്‍ കഴിയാത്ത കടകള്‍ പൂര്‍ണമായും അടയ്ക്കുന്നു. 100 ശതമാനം സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച രണ്ടാംഘട്ടം അവസാന ദിവസമായ സെപ്റ്റംബര്‍ രണ്ടോടെ നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്.
വാണിജ്യ,വ്യവസായ, മുനിസിപ്പല്‍, ടെലികോം,ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി പ്രകാരം സെപ്റ്റംബര്‍ രണ്ടുമുതല്‍ ഈ മേഖലകളില്‍ ഒരൊറ്റ വിദേശിയെയും കാണരുതെന്നാണ് സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ അന്ത്യശാസനം. വിദേശികളില്‍ ഏറിയപങ്കും ഇതിനകം തന്നെ മൊബൈല്‍ കടകള്‍ വില്‍ക്കുകയോ ഒഴിയുകയോ ചെയ്തിട്ടുണ്ട്.
മിക്കകടകളും കാലിയാക്കി ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ്. സ്വദേശി വല്‍ക്കരണം പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജ്യത്താകമാനം ഏകദേശം രണ്ടായിരത്തോളം മൊബൈല്‍ കടകള്‍ ഇതിനകം തന്നെ പൂര്‍ണമായും പൂട്ടിയിട്ടുണ്ട്. ഏതുതരം പ്രതിസന്ധികള്‍ ഉണ്ടായാലും പ്രഖ്യാപിച്ച സ്വദേശി വല്‍ക്കരണം പൂര്‍ണമായും നടപ്പിലാക്കാന്‍ തങ്ങള്‍ സജ്ജരാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
പൂര്‍ണതോതിലുള്ള സ്വദേശി വല്‍ക്കരണത്തിനായി സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മൊബൈല്‍ റിപ്പയര്‍ കോഴ്‌സുകള്‍ നല്‍കിയിരുന്നു. ടെക്‌നിക്കല്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ വാര്‍ത്തെടുക്കുന്നതിനായി സ്വദേശികള്‍ക്ക് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രയിനിങ് സെന്റര്‍ രൂപപ്പെടുത്തിയാണ് പ്രത്യേകം പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഒന്നാംഘട്ടത്തില്‍ പകുതി ശതമാനം സ്വദേശിവല്‍ക്കരണം കഴിഞ്ഞ ജൂണ്‍ ആറോടെ നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."