കേരളത്തിന്റെ ധനപ്രതിസന്ധി ജനങ്ങളുടെ തലയിലാകുമോ?
ഡോ. അബ്ദുൽ അസീസ് എൻ.പി
അസ്ഥിപഞ്ജരമായിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ സാമ്പത്തികാരോഗ്യത്തെ സ്പർശിച്ചുകൊണ്ടാണ് മുഖ്യധാരയിലെ ചർച്ചകൾ പുരോഗമിക്കുന്നത്. ഇന്ത്യയുടെ വികസന പ്രശ്‌നങ്ങൾക്കുള്ള മറുപടിയായി ഒരുകാലത്ത് ഉയർത്തിക്കാണിച്ചിരുന്ന ‘കേരള മോഡൽ’ വികസന മാതൃക ഇന്ന് അധോഗതിയിലേക്ക് അധപ്പതിക്കുകയാണ്. സംസ്ഥാനത്തിൻ്റെ പൊതുകടം റോക്കറ്റ് വേഗതയിൽ കുതിച്ചുകൊണ്ടിരിക്കുമ്പോൾ ആനന്ദത്തിന്റെ വീണവായനയിൽ മുഴുകിയിരിക്കുകയാണ് ഭരണകൂടം.
വാർഷിക കടമെടുപ്പ് പരിധി കുറയ്ക്കാനുള്ള കേന്ദ്ര ഗവൺമെന്റ് തീരുമാനം, ജി.എസ്.ടി നഷ്ടപരിഹാരം നിർത്തിയതുമൂലമുള്ള നഷ്ടവും ഇതിന്റെ പേരിൽ വായ്പയെടുക്കുന്നത് ഏകപക്ഷീയമായി കുറച്ചതും ഉൾപ്പെടെയുള്ള ദോഷകരമായ കേന്ദ്ര നയങ്ങളെയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി കേരള സർക്കാർ പറയുന്നത്. ഇത്തരം കേന്ദ്ര നിലപാടുകൾ മൂലം സംസ്ഥാനത്തിന് അടുത്തിടെയായിട്ട് വലിയ വരുമാനക്കുറവുണ്ടായി എന്നത് ശരിതന്നെയാണ്. പക്ഷേ, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി എന്നത് താൽക്കാലികമോ കുറച്ചുകാലത്തെയോ പ്രതിഭാസമല്ല.
വിഭവസമാഹരണത്തേക്കാൾ ആർഭാടങ്ങളിലാണ് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വായ്പയെടുക്കൽ സർക്കാരിന്റെ ഏക വരുമാന മാർഗമായിക്കഴിഞ്ഞു. കഴിഞ്ഞ 25 വർഷത്തിനിടെ കേരളത്തിന്റെ കടം 13 മടങ്ങായാണ് വർധിച്ചിട്ടുള്ളത്. ഇത് അടിസ്ഥാനപരവും ഘടനാപരവും ശാശ്വതവുമായ പ്രശ്നമാണ്. മൂന്നു ദശാബ്ദക്കാലം പഴക്കമുള്ള സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് പല ഘടകങ്ങളും നിമിത്തമായിട്ടുണ്ട്.
കേരളത്തിന്റെ സ്തംഭനാവസ്ഥയിലായ വരുമാനവും കുതിച്ചുയരുന്ന ചെലവുകളുമാണ് ഇതിന്റെ പ്രധാന കാരണം. നികുതികളും നികുതിയേതരവുമായ സംസ്ഥാന വരുമാനത്തിലെ കുറവ് ഒരു ഭാഗത്തും, പദ്ധതിയേതര റവന്യൂ ചെലവിൽ (Non Plan Revenue Expenditure) അനിയന്ത്രിതവും ഉയർന്നതുമായ വർധനവ് മറുഭാഗത്തുമുണ്ട്. വിഭവസമാഹരണത്തിലെ കുറവിനു കാരണം നികുതിയും നികുതി നിരക്കുകളുടെ ആനുകാലിക പരിഷ്കരണത്തിന്റെ അഭാവം, നികുതി വരുമാനത്തിന്റെ വളർച്ചാ നിരക്കിലെ ഇടിവ്, സംസ്ഥാനത്തിന്റെ സ്വന്തം വിഭവങ്ങളുടെ അഭാവം, ജി.എസ്.ടിയുടെ അശാസ്ത്രീയ ശേഖരണം, ഊതിപ്പെരുപ്പിച്ച പദ്ധതി വിഹിതം,
കുടിശ്ശിക ശേഖരണം എന്നിവയാണ്. അപ്രകാരം ശമ്പളം, പെൻഷൻ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച, അധിക ജീവനക്കാർ, മറ്റു അമിതമായിക്കൊണ്ടിരിക്കുന്ന ഭരണച്ചെലവ്, ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ കാരണങ്ങൾക്കൊണ്ട് പദ്ധതിയേതര റവന്യൂ ചെലവിൽ ഉയർന്ന വർധനവിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, സർക്കാർ വരുമാനത്തിന്റെ ആനുപാതികമല്ലാത്ത ഉയർന്ന ശമ്പള-പെൻഷൻ പരിഷ്കരണം, വർഷത്തിൽ രണ്ടു തവണയുള്ള ഡി.എ വർധനവ്, ധനധൂർത്ത് തുടങ്ങിയവയാണ് സംസ്ഥാനത്തിന്റെ പൊതുചെലവ് വർധിക്കുന്നതിനുള്ള മറ്റു പ്രധാന കാരണങ്ങൾ.
കേരളത്തിന്റെ പൊതുകടം ഇപ്പോൾ നാലു ലക്ഷം കോടിയിലേക്ക് കടക്കുകയാണ്. അതായത് ആളോഹരി കടം ഒരു ലക്ഷത്തിന് മുകളിലാണുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അനിശ്ചിതത്വത്തിലാണെന്നതിന്റെ ഒരു പ്രധാന സൂചികയാണ് പൊതുകടം ആഭ്യന്തരസംസ്ഥാന ഉൽപ്പാദനത്തിന്റെ (ജി.എസ്.ഡി.പി) എത്ര അനുപാതമെന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തികാരോഗ്യത്തിന്റെയും അപകടസാധ്യതയുടെയും ഒരു ചൂണ്ടുപലകയാണിത്. 2016 സാമ്പത്തിക വർഷത്തിലെ 28.9 ശതമാനമായിരുന്ന ഇത് മൊത്ത ജി.എസ്.ഡി.പിയുടെ 38.9 ശതമാനമായി ഇന്ന് മാറിക്കഴിഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും തടഞ്ഞുവച്ചതും മറ്റു സാമൂഹിക സുരക്ഷാ സഹായങ്ങൾ വൈകുന്നതും സൂചിപ്പിക്കുന്നത്
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെയാണ്. ഉയർന്ന കടബാധ്യതകൾ പലിശ പേയ്‌മെന്റുകൾ വർധിപ്പിക്കുകയും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പോലുള്ള മറ്റ് നിർണായക മേഖലകളിലെ ചെലവുകൾ നിർബന്ധിതമായി കുറയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലേക്കും എത്തിക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം വരവും ചെലവും തമ്മിലുള്ള അന്തരം ഭയാനകമാംവിധം വലുതായിക്കൊണ്ടിരിക്കുകയാണ്. പത്തുവർഷങ്ങൾക്കുമുമ്പ് ഇത് 19 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 48 ശതമാനമായി വർധിച്ചിരിക്കുന്നു. ബാക്കിയുള്ളത് കടം വാങ്ങിയാണ് നൽകുന്നത്.
കടം വാങ്ങുന്നത് പ്രശ്നമല്ലെന്ന നിരീക്ഷണം പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടായിരിക്കാം കേരളത്തെ കടംവാങ്ങി വികസിപ്പിക്കുമെന്നും ആ വികസനത്തിലൂടെ കിട്ടുന്ന ലാഭവിഹിതമുപയോഗിച്ച് കടബാധ്യതകൾ തീർക്കാമെന്നുമുള്ള പുതിയ സാമ്പത്തിക ശാസ്ത്രവുമായി ചിലർ രംഗത്തെത്തിയത്. എന്നാൽ, നാളിതുവരെ കടംവാങ്ങി നടത്തിയ വികസനത്തിൽനിന്ന് എത്രരൂപ ലാഭമുണ്ടാക്കിയെന്നും അതുപയോഗിച്ച് എത്ര കടം വീട്ടിയെന്നതു കൂടി അവർ കൂട്ടിച്ചേർക്കണമായിരുന്നു.
കടം വാങ്ങിയ പണം വരുമാനം ഉണ്ടാക്കുന്ന എന്തെങ്കിലും മാർഗത്തിൽ ഉപയോഗിക്കണം എന്നുള്ളതാണ് പ്രധാനം. അല്ലെങ്കിൽ സർക്കാരിന് മറ്റുവരുമാന മാർഗങ്ങളിൽനിന്നുമായി തിരിച്ചുപിടിക്കാൻ കഴിയണം. അല്ലാത്തപക്ഷം അതൊരു നിയന്ത്രിത കടമാവില്ല. നിയന്ത്രിത കടം എന്നത് തിരിച്ചടവ് ഉൾപ്പെടെ കടം വീട്ടാനുള്ള ഗവൺമെന്റിന്റെ കഴിവാണ്. കടമെടുത്ത ഫണ്ടുകൾ വിനിയോഗിക്കുന്ന കാര്യക്ഷമതയും അധികവിഭവ ഉൽപ്പാദനം വഴി അതിന്റെ ബാധ്യത നിറവേറ്റാനുള്ള സംസ്ഥാനത്തിന്റെ ശേഷിയും നിയന്ത്രിത കടത്തിന്റെ പ്രധാന നിർണായകങ്ങളാണ്. ഉയർന്ന വരുമാനം നൽകുന്ന പ്രോജക്റ്റുകളിൽ വായ്പയെടുത്ത് നിക്ഷേപിക്കുന്ന രീതിയാണ് നല്ല കടം. അത്തരം സന്ദർഭങ്ങളിൽ കടം വാങ്ങുന്നതിനുള്ള ചെലവിനെക്കാൾ വരുമാനം വർധിക്കുകയും തിരിച്ചടക്കാനുള്ള ശേഷിയുണ്ടാവുകയും ചെയ്യും.
എന്നാൽ, സമീപകാലത്ത് നമ്മുടെ സംസ്ഥാനം, മൂലധനച്ചെലവിനല്ല ഈ വായ്പകൾ വിനിയോഗിക്കുന്നത്. ശമ്പളം, പെൻഷൻ തുടങ്ങി ദൈനംദിന റവന്യൂ ചെലവുകൾക്കും സേവനകങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് കേരളം കടമെടുക്കുന്നതിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഈ വായ്പകൾ ന്യായമായ ഉൽപാദന-വരുമാന മാർഗങ്ങളിൽ വിനിയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സംസ്ഥാനവും കൂടുതൽ കടക്കെണിയിൽ അകപ്പെട്ടേക്കും. ഈ കെണിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ ഒരു നേതാക്കളും പാർട്ടികളും മുന്നോട്ടുവരണമെന്നില്ല.
സംസ്ഥാനത്തിന്റെ ഉയർന്ന കടബാധ്യതകളും ധനകമ്മിയും നാളത്തെ നികുതികളാണെന്നത് ഓർക്കണം. ആത്യന്തികമായി, പെട്രോളിനും ഡീസലിനും ഭൂമിയുടെ രജിസ്ട്രേഷനും മദ്യത്തിനും മറ്റുമായി ഉയർന്ന നികുതി ചുമത്തി കൂടുതൽ പണം നൽകാൻ സാധാരണക്കാർ നിർബന്ധിതരാകും. ഇത് സാധന-സേവനങ്ങളുടെ വില കൂടുന്നതിനും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നതിനും കാരണമാകും. മാത്രവുമല്ല, വരും തലമുറയെയാണ് സർക്കാർ ഇപ്പോൾ കടക്കണിയിലാക്കുന്നതെന്നും ഓർക്കേണ്ടതുണ്ട്.
(തുടരും)
(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlights:Will Kerala's financial crisis be on people's heads?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."