തൊഴിൽ വേതനത്തിലെ വിടവും വിവേചനവും
റെജിമോൻ കുട്ടപ്പൻ
ഇന്ത്യയിൽ ഒരു വ്യക്തിയുടെ തൊഴിൽ, അതിൽനിന്നുള്ള സമ്പാദ്യം എന്നിവയെ നിർണയിക്കുന്നതിലെ പ്രധാന ഘടകമാണ് ആ വ്യക്തിയുടെ സാമൂഹിക സ്വത്വം. അസിം പ്രേംജി സർവകലാശാലയിലെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ജോലികൾക്കു ലഭിക്കുന്ന വേതനാടിസ്ഥാനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് സ്ഥിരവേതനം ലഭിക്കുന്ന തൊഴിലുകളാണെന്നും ഇതിനു താഴെയാണ് സ്വയംതൊഴിലുകളും കൂലിപ്പണിയും വരുന്നതെന്നും ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതുകൂടാതെ ഓരോ തൊഴിൽമേഖലയ്ക്കകത്തും പലതരം വകതിരിവുകളുണ്ടെന്ന വസ്തുതയും ജോലി, മേഖല, മറ്റു തൊഴിൽഘടകങ്ങൾ തുടങ്ങിയ പലതും തൊഴിലാളികളുടെ വേതനത്തെ നിർണയിക്കുന്ന ഘടകങ്ങളായി മാറുന്നുണ്ടെന്ന തലങ്ങളും ഈ പഠനത്തിന്റെ പരിധിയിൽ വരുന്നുണ്ട്. വിവിധ സാമൂഹിക വിഭാഗങ്ങൾക്കിടയിൽ വേതനത്തിലുള്ള അന്തരത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ് ജാതി, മതം, ലിംഗം തുടങ്ങിയവ.
വേതനത്തിലുള്ള അന്തരം അഥവാ വേതനവിടവ് ഏറ്റവും ശക്തമായിരിക്കുന്നത് ലിംഗാടിസ്ഥാനത്തിലാണ്.
സ്വയം തൊഴിൽ മേഖലയിൽ സ്ത്രീകളുടെ വരുമാനം പുരുഷന്മാരുടെ വേതനത്തിന്റെ നാൽപ്പതു ശതമാനം മാത്രമാണ്. കൂലിപ്പണികളിൽ പുരുഷവേതനത്തിന്റെ 64 ശതമാനവും സ്ഥിരവേതന മേഖലയിൽ 76 ശതമാനവുമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. വേതനവിതരണം ദശാംശാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ വേതനത്തിലുള്ള വിടവ് വീണ്ടും വിഭജിക്കപ്പെടും.
വേതന വിതരണം മെച്ചപ്പെടുന്ന മുറയ്ക്ക് സ്ഥിരവേതനമുള്ളവരിൽ ലിംഗാടിസ്ഥാനത്തിലുള്ള വേതനവിടവ് കുറഞ്ഞുവരുന്നതായി കാണാം. ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകൾക്ക് വേതനത്തിൽ ന്യായമായ വിലപേശൽ നടത്താം എന്നതും ഔദ്യോഗിക തൊഴിൽ മേഖലകളിൽ വിവേചനം കുറവാണെന്നതും ഇതിനു പിന്നിലെ കാരണമായി ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ വിവേചനത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. സ്ത്രീകൾ സ്വയംസംരംഭങ്ങൾ ആരംഭിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന സാമൂഹികാവസ്ഥയാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. കൂടാതെ, വായ്പകളും മറ്റു വിഭവങ്ങളും കണ്ടെത്തുന്നതിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും ഈ വിവേചനത്തിന്റെ കാരണങ്ങളാണ്.
വേതനവിതരണത്തിന്റെ അടിത്തട്ടിലാണ് ലിംഗവിവേചനം ഏറ്റവും പ്രകടമാകുന്നത് എന്നതിവിടെ കൂടുതൽ നിഷ്കർഷതയോടെ വീക്ഷിക്കേണ്ടതുണ്ട്. പ്രതികൂലാവസ്ഥകളിലുള്ള സ്ത്രീകൾ ഒരുപക്ഷേ എത്തിച്ചേരുന്നത് വിവേചനത്തിരേയുള്ള നിയമങ്ങൾ ശക്തമല്ലാത്ത അനൗദ്യോഗിക തൊഴിൽമേഖലകളിലാണ് എന്നതാവാം ഇതിന്റെ ഒരു കാരണം. ലിംഗാടിസ്ഥാനത്തിലുള്ള വേതനവിടവ് 2004ൽ ഏറ്റവും കൂടുതലുള്ളത് ആദ്യ ക്വാർട്ടൈലുകളിലും കുറവുള്ളത് നാലാം ക്വാർട്ടൈലിലുമാണെന്നാണ്. അഥവാ ഏറ്റവും ദരിദ്രർക്കിടയിലാണ് ലിംഗവിവേചനം സ്പഷ്ടമായി പ്രവർത്തിക്കുന്നതെന്നു സാരം. 2004നും 2017നും ഇടയിൽ എല്ലാ മേഖലകളിലുമായി ലിംഗാടിസ്ഥാനത്തിലുള്ള വേതന വിടവ് കുറഞ്ഞിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് ക്വാർട്ടൈലുകളിലാണ് ഇതേറ്റവും പ്രകടം. ലിംഗാടിസ്ഥാനത്തിലുള്ള വേതനവിടവ് കുറഞ്ഞുവരുന്നതിനുപിന്നിൽ വിവിധ കാരണങ്ങളുണ്ട്. ലിംഗവിവേചനം സംബന്ധിച്ച അവബോധം,
വിവേചനത്തിനെതിരായുള്ള നിയമങ്ങൾ, സാമൂഹികമായി സംഭവിക്കുന്ന മാറ്റങ്ങൾ എന്നിവ അതിൽപെടുന്നു. കഴിഞ്ഞ ദശകങ്ങളിലായി സ്ത്രീകൾ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച മുന്നേറ്റം തൊഴിൽകമ്പോളത്തിൽ അവരുടെ മാത്സര്യശേഷി വർധിപ്പിച്ചു എന്നും മനസ്സിലാക്കാം. സ്ത്രീകൾക്ക് ലഭ്യമായിട്ടുള്ള സ്ഥിരവേതന തൊഴിലുകളിലും പ്രസക്തമായ വളർച്ച ഉണ്ടായിട്ടുണ്ട് എന്നത് പ്രതീക്ഷാദായകമാണ്.
ജാതിയുടെ അടിസ്ഥാനത്തിലുള്ള വേതനവിടവ് പ്രധാനമായും പ്രകടമായുള്ളത് സ്വകാര്യമേഖലയിലേക്കാൾ പൊതുമേഖലയിലാണ്. കൂടാതെ,
നഗരപ്രദേശങ്ങളിലേക്കാൾ ഈ അന്തരം പ്രകടമായുള്ളത് ഗ്രാമീണ മേഖലയിലുമാണ്. ഇതിനു പിന്നിൽ വ്യക്തവും അവ്യക്തവുമായ പല കാരണങ്ങളുണ്ട്. ഒരു ജനസംഖ്യാ വിഭാഗത്തേക്കാൾ കൂടുതലായി മറ്റൊരു വിഭാഗം ഒരു പ്രത്യേക തൊഴിൽമേഖലയിൽ പ്രബലരാകുമ്പോഴാണ് തൊഴിൽമേഖലയിലെ വിവേചനം വളരുന്നത്. ഈ വിവേചനം ലംബമാനാടിസ്ഥാനത്തിലും തിരശ്ചീനാടിസ്ഥാനത്തിലും സംഭവിക്കുന്നുണ്ട്. തൊഴിൽമേഖലയിൽ പ്രബല ജനസംഖ്യാ വിഭാഗത്തിനും ദുർബല ജനസംഖ്യാ വിഭാഗത്തിനും ഇടയിലെ വിവേചനമാണ് ലംബമാനാടിസ്ഥാനത്തിലുള്ളതെങ്കിൽ, തിരശ്ചീനമായി സംഭവിക്കുന്നത് വേതനത്തിലെയും തൊഴിൽ പ്രവർത്തനങ്ങളിലെയും വ്യത്യാസങ്ങൾ മൂലമാണ്.
തൊഴിൽമേഖലയുടെ ഉടമസ്ഥാവാകാശത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത ജാതിയിൽ പെട്ടവരുടെ വേതനവിടവിനെ പരിശോധിക്കുന്നത് ശ്രദ്ധേയമാണ്. ഗ്രാമ-നഗര മേഖലകളിലെ പട്ടികജാതി-പട്ടികവർഗക്കാരുടെ ജനസംഖ്യാനുപാതത്തെ അപേക്ഷിച്ച് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വളരെ കുറവാണ്. സ്ത്രീപുരുഷാടിസ്ഥാനത്തിലുള്ള വേതനവിടവിനു സമാനമായുള്ള അന്തരം ജനറൽ വിഭാഗത്തിലുള്ളവരും മറ്റു വിഭാഗത്തിലുള്ളവർക്കുമിടയിലുണ്ട്. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളിലും ഈ വേതനവിടവ് പ്രകടമാണ്.
2013ലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ തൊഴിൽമേഖലയുടെ മുപ്പതുശതമാനം പങ്കാളിത്തവും പട്ടികജാതി-പട്ടികവർഗക്കാരിൽ നിന്നായിരുന്നു. ബാക്കിയുള്ളതിൽ മുപ്പതു ശതമാനം മറ്റു വിഭാഗക്കാരും അവശേഷിക്കുന്ന 40 ശതമാനം ഒ.ബി.സി പങ്കാളിത്തവുമാണ്. 1998നും 2013നും ഇടയിലായി, ഒ.ബി.സികളിൽ നിന്നും മറ്റുവിഭാഗക്കാരിൽ നിന്നും തൊഴിൽപങ്കാളിത്തത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങളുണ്ടായിട്ടു പോലും നാല് ഗ്രൂപ്പുകളുടെ (എസ്.സി, എസ്.ടി, ഒ.ബി.സി, മറ്റുവിഭാഗക്കാർ) വേതനത്തിലെ റാങ്കിങ്ങുകൾ മാറ്റമില്ലാതെ തുടരുന്നു. തൊഴിൽ പങ്കാളിത്തത്തിൽ ഏറ്റവും മുമ്പിൽ ഒ.ബി.സിക്കാരും പിന്നീട് മറ്റു വിഭാഗക്കാരുമാണ്. തുടർന്നാണ് പട്ടികജാതി-പട്ടികവർഗക്കാരും വരുന്നത്.
അതേസമയം, സംരംഭങ്ങളുടെ ഉടമസ്ഥാവകാശം വരുമ്പോൾ കാര്യങ്ങൾ മാറിമറിയുന്നു. ഉടമസ്ഥതയിൽ ഏറ്റവും വലിയ പങ്കാളിത്തം മറ്റുവിഭാഗക്കാരിൽ നിന്നാണ്. മൂന്ന് വർഷങ്ങളിലായി, സംരംഭങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റു വിഭാഗക്കാരുടെ പങ്കാളിത്തം തൊഴിൽ ശക്തിയിലെ അവരുടെ വിഹിതത്തേക്കാൾ വളരെ കൂടുതലാണ്. 1998ൽ, എല്ലാ സംരംഭങ്ങളുടെയും ഏതാണ്ട് 51 ശതമാനവും മറ്റു വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. മറ്റു വിഭാഗക്കാരിൽ നിന്നുള്ള തൊഴിലാളികളുടെ വിഹിതം കുറഞ്ഞതോടെ ഉടമസ്ഥാവകാശത്തിലും ഈ വിഭാഗങ്ങൾക്ക് ഇടിവുണ്ടായി. എന്നിരുന്നാലും, 2013ൽ എല്ലാ സംരംഭങ്ങളുടെയും 42.1 ശതമാനം അവർ സ്വന്തമാക്കുകയും ഇത് മറ്റു നാലു വിഭാഗക്കാരേക്കാൾ കൂടുതലുമായി തുടരുകയും ചെയ്യുന്നു.
മറ്റു വിഭാഗക്കാരുടെ പ്രാതിനിധ്യ സൂചികയുടെ മൂല്യം എപ്പോഴും ഒന്നിന് മുകളിലാണെന്നതും ഒരിക്കലും 1.5ൽ താഴെയായില്ലെന്നതും ശ്രദ്ധേയമാണ്. മറുവശത്ത്, പട്ടികജാതി-പട്ടികവർഗക്കാരുടെ ഉടമസ്ഥതാ വിഹിതം തൊഴിൽ ശക്തിയിലെ അവരുടെ വിഹിതത്തേക്കാൾ വളരെ കുറവാണ്. 2013ൽ പട്ടികജാതി-പട്ടികവർഗക്കാരുടെ ഉടമസ്ഥാവകാശ ഓഹരികളിൽ കുറച്ച് വർധനയുണ്ടായിട്ടും അത് അങ്ങനെ തന്നെ തുടരുന്നു.
1998ൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യ സൂചിക 0.4 മാത്രമായിരുന്നു. 2013 ആയപ്പോഴേക്കും, പട്ടികജാതി-പട്ടികവർഗക്കാരുടെ പ്രാതിനിധ്യത്തിൽ നേരിയ പുരോഗതിയുണ്ടായി. എന്നാൽ ഈ പുരോഗതിയുണ്ടായിട്ടുപോലും, അവരുടെ പ്രാതിനിധ്യ സൂചിക ഒന്നിൽ താഴെയാണ് (പട്ടികവർഗക്കാർക്ക് 0.5 ഉം പട്ടികജാതിക്കാർക്ക് 0.6 ഉം). തൊഴിൽശക്തിയിലും തൊഴിൽ ഉടമസ്ഥതയിലും തുല്യമായ വിഹിതമുള്ള ഒരേയൊരു ജാതി വിഭാഗമാണ് ഒ.ബി.സി.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം തികയുമ്പോഴും ഇന്ത്യയിൽ തൊഴിലും വേതനവും ലിംഗഭേദത്തിലും ജാതിയിലും അധിഷ്ഠിതമാണെന്ന വസ്തുത ഒരുപോലെ നിരാശാജനകവും ആശങ്കാജനകവുമാണ്.
Content Highlights:The wage gap and discrimination
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."