കൈയിലൊരു ടാബ്ലറ്റ് ഉണ്ടെങ്കില്‍ ലാബ് തേടി അലയേണ്ട
പനി വന്ന് ഡോക്ടറെ കണ്ടാല്‍ അധികവും ടെസ്റ്റിനെഴുതും. പ്രത്യേകിച്ച് ഡെങ്കി, മലേറിയ സീസണാണെങ്കില്‍ നിര്‍ബന്ധവുമാണ്. ടെസ്റ്റ് ചെയ്യാന്‍ ആര്‍ക്കും മടിയില്ല. പക്ഷെ, ലാബിനു മുന്നിലെ ക്യൂവും സമയം കൊല്ലലും ആകെ ചടപ്പിക്കും. ഇവിടെയാണ് ഒരു ഇന്ത്യക്കാരന്റെ തലയില്‍ നിന്നുവന്ന പുതിയ സംവിധാനം പരോപകാരിയാവുന്നത്.
നിമിഷ നേരം കൊണ്ട്സ്വയം പരിശോധനകള്‍ നടത്താവുന്ന ടെക്‌നോളജിയാണ് ഡോ. കനവ് കാഹോള്‍ വികസിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണോ ടാബ്‌ലറ്റോ ഉണ്ടെങ്കില്‍ ഈസിയായി രക്തം, മലം, മൂത്രം ഇങ്ങനെ തുടങ്ങി ഇ.സി.ജി, ഹീമോഗ്ലോബിന്‍ അടക്കം 33 പരിശോധനകള്‍ നടത്താനാവും. ഉപകരണത്തിന്റെ പരീക്ഷണ പരിശോധനാ ഫലങ്ങള്‍ 99.94 ശതമാനവും കൃത്യതയോടെയാണ് ലഭിച്ചത്.
അറീസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് ഇന്ത്യയിലേക്കു മടങ്ങിയാണ് ഡോ. കനവ് പുതിയ പരീക്ഷണത്തിലേക്ക് ചുവടുവച്ചത്.
പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് കണ്ടുപിടുത്തം. ഉപകരണത്തിന് സ്വസ്ഥ്യ സ്ലേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശരീരത്തിന്റെ ഭാഗങ്ങള്‍ കണക്റ്റ് ചെയ്താല്‍ ആന്‍ഡ്രോയിഡ് വേര്‍ഷനിലെ ആപ്പിലൂടെ വിവരങ്ങള്‍ അപ്പപ്പോളറിയാം. ഇത് വേണമെങ്കില്‍ ഫയലായി സേവ് ചെയ്യാനും പ്രിന്റെടുക്കാനും സാധിക്കും. 11,000 ഡോളര്‍ ചെലവഴിച്ചാണ് ഇപ്പോള്‍ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം വിപണിയിലെത്തുന്ന ഉപകരണം 640 ഡോളറിന് (ഏതാണ്ട് 43,000 രൂപ) ലഭ്യമാവുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
ഇന്ത്യക്കാര്‍ക്കു തന്നെയായിരിക്കും ഉപകരണം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുക. ഒരു ടെസ്റ്റ് നടത്തണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടേണ്ട പ്രശ്‌നവും വന്‍ചെലവും ഉപകരണത്തിന്റെ വരവോടെ പരിഹരിക്കാനാവും. സാധാരണ ചെയ്യുന്ന ടെസ്റ്റിനെ അപേക്ഷിച്ച് ഉപകരണത്തിലൂടെയാവുമ്പോള്‍ നാലിരട്ടിയോളം ചെലവ് കുറയുമെന്നാണ് കണക്കാക്കുന്നത്. ആരോഗ്യരംഗത്ത് താരതമ്യേന അറിവുള്ളവരുണ്ടെങ്കില്‍ അവരുടെ സഹായത്തോടെ എളുപ്പത്തില്‍ ആരോഗ്യനില അറിയാനും ആവശ്യമെങ്കില്‍ ഡോക്ടറെ കാണാനും എവിടെയുമിരുന്നും തീരുമാനിക്കാം.
സര്‍ക്കാരും വലിയ പ്രതീക്ഷയിലാണ്. ഇന്റര്‍നെറ്റ് കൂടി കണക്റ്റ് ചെയ്താല്‍ വിവരങ്ങള്‍ ലഭ്യമാക്കാനും ക്രോഡീകരിക്കാനും പൊതു ആരോഗ്യത്തെപ്പറ്റി ഡാറ്റാബേസ് ഉണ്ടാക്കാനും കഴിയുമെന്നതിനാലാണിത്. ഉപകരണത്തിന്റെ പ്രവര്‍ത്തന വീഡിയോ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."