സിന്‍ഡിക്കേറ്റ് അംഗത്തിന്റെ കോളജ് അഫിലിയേഷന്‍ റദ്ദാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ജ്യോതികുമാര്‍ ചാമക്കാല മാനേജരായ കൊല്ലം അര്‍ക്കന്നൂരിലെ കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഭൂരിഭാഗംപേരും തീരുമാനത്തെ അനുകൂലിച്ചു. ഇല്ലാത്ത മൂന്നേക്കര്‍ ഭൂമി കാട്ടി ജ്യോതികുമാര്‍ ട്രസ്റ്റിന്റെ പേരില്‍ ബി.എഡ് കോളജ് സ്വന്തമാക്കുകയും പിന്നീട് ഭൂമി മറിച്ചുവില്‍ക്കുകയും ചെയ്തുവെന്ന ആരോപണം ശരിയെന്ന് കണ്ടെത്തിതോടെയാണ് അംഗീകാരം പിന്‍വലിക്കാന്‍ വൈസ് ചാന്‍സിലര്‍ തീരുമാനിച്ചത്.
എന്നാല്‍ അഫിലിയേഷന്‍ റദ്ദാക്കുന്നതിനെതിരേ ജ്യോതികുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. ഹൈക്കോടതി സ്റ്റേക്കെതിരേ കേരള സര്‍വകലാശാല അപ്പീല്‍ നല്‍കി അനുകൂല വിധി നേടിയാല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാകും.
1992ല്‍ രൂപീകൃതമായ ചാമക്കാല എജ്യുക്കേഷണല്‍ ട്രസ്റ്റ് 2004ലാണ് ബി.എഡ് കോളജിന് അപേക്ഷിച്ചത്. ബി.എഡ് കോളജ് തുടങ്ങാന്‍ നാല് ഏക്കര്‍ ആവശ്യമാണെന്നിരിക്കേ ഇതിനായി 1.29ഏക്കര്‍ മാത്രം കൈവശമുണ്ടായിരുന്ന ട്രസ്റ്റ് സമീപത്തെ മൂന്നേക്കര്‍ കൂടി വ്യാജമായി ചേര്‍ത്ത് അപേക്ഷിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ കാണിച്ച മൂന്നേക്കര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ചുവിറ്റതായും കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ അംഗീകാരം നേടുന്നതിനായി കാട്ടിയിട്ടുള്ള ഭൂമി പിന്നീട് വില്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. അതേസമയം, ഭൂമി വില്‍പന സംബന്ധിച്ച ആരോപണം വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ കൊണ്ട് അന്വേഷിപ്പിക്കാനും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കിയശേഷം ഇവിടത്തെ വിദ്യാര്‍ഥികളെ മറ്റു കോളേജുകളില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."