ഇനി അഫ്ഗാന്‍ താലിബാന്റെ കൈകളില്‍; അധികാരം കൈമാറി ഗനി കടന്നത് താജിക്കിസ്ഥാനിലേക്ക്
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനവും പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലായി. കാബൂള്‍ പൂര്‍ണമായും താലിബാന്‍ വളഞ്ഞതോടെ അധികാരം കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അതേ സമയം ജനങ്ങള്‍ ഭയപ്പെടരുതെന്നും
ക്രമസമാധാനം ഉറപ്പാക്കുകയാണ് ഉദ്ദേശമെന്നും താലിബാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രസിഡന്റ് അഷ്‌റഫ് ഗനിയും വിശ്വസ്ഥരും രാജ്യം വിട്ടിരിക്കുന്നു. ഇതിന് വഴിയൊരുക്കിയത് താലിബാന്‍ നേതൃത്വമാണെന്നും വാര്‍ത്തകളുണ്ട്. സമാധാനപരമായി അധികാരക്കൈമാറ്റം നടത്താമെങ്കില്‍ ഗനിയ്ക്ക് രാജ്യം വിടാനുള്ള സുരക്ഷിതമായ പാത ഒരുക്കിത്തരാമെന്ന് താലിബാന്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് ഗനി രാജ്യം വിട്ടതെന്നാണ് സൂചന. കുടുംബസമേതമാണ് അഫ്ഗാന്‍ ഭരണകൂടത്തിലെ ഉന്നതനേതാക്കള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതെന്നാണ് വിവരം.
ഗനിയും വൈസ് പ്രസിഡന്റും താജിക്കിസ്ഥാനിലേക്കാണ് പോയതെന്നാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് ഉച്ചയോടെയാണ് കാബൂള്‍ അതിര്‍ത്തിയിലുള്ള ജലാലാബാദും മസര്‍ ഇ ഷെരീഫും കീഴടക്കി താലിബാന്‍ കാബൂളിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവേശിച്ചത്. അവിടെ നിന്ന് കാബൂള്‍ ആക്രമിച്ച് കീഴടക്കേണ്ടതില്ലെന്ന് താലിബാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സമാധാനപരമായി അധികാരം എങ്ങനെ കൈമാറുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് നടന്ന ചര്‍ച്ചയിലാണ് ഗനി അധികാരം കൈമാറാമെന്നും, പകരം രാജ്യം വിട്ട് പലായനം ചെയ്യാന്‍ സുരക്ഷിതപാത ഒരുക്കിത്തരാമെന്നുമുള്ള വാഗ്ദാനം താലിബാന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നല്‍കിയത്. ഇതനുസരിച്ച് കാബൂളിന്റെ അതിര്‍ത്തികവാടങ്ങളില്‍ കാത്തുനില്‍ക്കുകയായിരുന്നു താലിബാന്‍.
അതേ സമയം കാബൂള്‍ താലിബാന്‍ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയര്‍ലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗന്‍മാരെ തിരികെയെത്തിക്കാന്‍ ജര്‍മ്മന്‍ സേനയും കാബൂളിലെത്തി. സ്‌പെയിനും പൗരന്‍മാര്‍ക്കായി കാബൂളിലേക്ക് വിമാനങ്ങളയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."