എണ്ണ വിപണിയില്‍ രാഷ്ട്രീയമില്ലെന്ന് അമേരിക്കയിലെ സഊദി അംബാസഡര്‍
വാഷിങ്ടണ്‍: റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സഊദി അറേബ്യ റഷ്യയുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന ആരോപണം അമേരിക്കയിലെ സഊദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി നിഷേധിച്ചു. എണ്ണയുല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനെ നിയന്ത്രിക്കുന്ന സഊദി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത് റഷ്യയെ സഹായിക്കാനാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഒരു രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സഊദിയുടെ നയമല്ലെന്ന് സി.എന്‍.എന്നിന് അനുവദിച്ച അഭിമുഖത്തില്‍ റീമ രാജകുമാരി വ്യക്തമാക്കി. റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ മധ്യസ്ഥന്റെ റോള്‍ മാത്രമാണ് സഊദിക്കുള്ളത്. എണ്ണ ഉല്‍പ്പാദനം കുറച്ചത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്നും സാമ്പത്തിക കാരണങ്ങളാലാണെന്നും അവര്‍ പറഞ്ഞു. ഊര്‍ജ വിപണന രംഗത്ത് സുസ്ഥിരത നിലനിര്‍ത്താനുള്ള നടപടികള്‍ മാത്രമാണ് എക്കാലവും സഊദി സ്വീകരിച്ചതെന്ന് കഴിഞ്ഞ 40-50 വര്‍ഷത്തെ ചരിത്രം ചൂണ്ടിക്കാട്ടി അംബാസഡര്‍ അവകാശപ്പെട്ടു.
റഷ്യയും സഊദിയും നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ യുദ്ധത്തടവുകാരെ വിട്ടയച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ അമേരിക്കക്കാരും അഞ്ചു പേര്‍ ബ്രിട്ടീഷുകാരും ഒരു ക്രോയേഷ്യക്കാരനും മറ്റു ചിലര്‍ വിവിധ രാജ്യക്കാരുമാണ്. ഉക്രൈന് ജീവകാരുണ്യ സഹായമായി 400 മില്യണ്‍ ഡോളര്‍ സഊദി നല്‍കിയിരുന്നു. ഉക്രൈനില്‍ നിന്ന് അഭയാര്‍ത്ഥികളായി വരുന്നവരെ സ്വീകരിക്കുന്നതിന് സഹായമെന്നോണം പോളണ്ടിന് 10 മില്യണ്‍ ഡോളറും നല്‍കുകയുണ്ടായി. ഇത് റഷ്യയെ സഹായിക്കാനാണോയെന്നും റീമ രാജകുമാരി ചോദിച്ചു. യു.എസ്-സഊദി ബന്ധം വളരെ നല്ല രീതിയില്‍ ശരിയായ പാതയിലാണ് നീങ്ങുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സഊദിയുമായുള്ള ബന്ധത്തില്‍ പലരാജ്യങ്ങളും മാറ്റം വരുത്തുന്നുവെന്നും പുനപരിശോധിക്കുന്നുവെന്നുമുള്ള ശ്രുതിയുണ്ട്. അതിനെ പോസിറ്റീവായാണ് കാണുന്നത്. സഊദിക്ക് അഞ്ചോ പത്തോ വര്‍ഷത്തെ ചരിത്രമല്ല ഉള്ളത്. യുവജനങ്ങളാണ് സഊദിയുടെ ജനസമ്പത്ത്. ശക്തമായ യുവ നേതൃനിരയുണ്ട്. അഭിലാഷങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ലോകവീക്ഷണങ്ങള്‍ എക്കാലവും ഒരുപോലെയാവില്ലെന്നും റീമാ രാജകുമാരി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."