സമൂഹഗാത്രം പ്രമേഹബാധിതമാണ്!
പണ്ട്, സമപ്രായക്കാരെയും, തന്നില്‍ ഇളയവരെയും ദ്വേഷ്യംവന്നാല്‍ വിളിച്ചിരുന്നതിങ്ങനെയാണ്: 'എടാ കവറേ', അല്ലെങ്കില്‍ 'എടാ, കുംഭാരാ'. കവറയും കുംഭാരനും ജാതിപ്പേരുകളാണെന്നോര്‍ക്കണം.
ചെറിയതോടിനു കുറുകെ വച്ചിരുന്ന മരപ്പാലത്തിലൂടെ അന്ധനായ ഒരാള്‍ യാത്രചെയ്യുകയാണ്. അന്നേരം പാലം അല്‍പ്പം കുലുങ്ങി. ഉടനെ അന്ധന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 'ഹാജിയാരേ, പാലം കുലുക്കല്ലേ......'
ഹാജിയാര്‍ അത്ഭുതപ്പെട്ടു. താനാണു പാലം കുലുക്കിയതെന്ന് ഈ കണ്ണുപൊട്ടന്‍ എങ്ങനെ മനസ്സിലാക്കി. ആശ്ചര്യം ഉള്ളിലൊതുക്കി ഹാജിയാര്‍ ചോദിച്ചു. 'എടോ, ഞാന്‍ ഹാജിയാരാണെന്നു നിനക്കെങ്ങിനെ മനസ്സിലായി.'
അന്ധന്‍ പറഞ്ഞു: 'കണ്ണില്ലാത്തവന്‍ നടക്കുന്ന പാലം കുലുക്കാനുള്ള മനക്കരുത്ത് ഹാജിയാര്‍മാര്‍ക്കേ ഉണ്ടാകൂ.'
ഇത്തരത്തിലുള്ള കെട്ടുകഥകളും പണ്ടു ധാരാളമുണ്ടായിരുന്നു.
'പണിക്കര്‍ എണ്ണയ്ക്കു കൈകാണിച്ചതു'മുതല്‍ 'പണിക്കര്‍ കത്തുന്ന ചൂട്ടുമായി തീ അന്വേഷിച്ചതു'വരെ നൂറുക്കണക്കില്‍ പരാമര്‍ശങ്ങള്‍ പണിക്കരെ സംബന്ധിച്ചുണ്ട്.
എല്ലാം വിഡ്ഢിത്തത്തിന്റെ കഥകളാണ്. നമ്പൂതിരിമാരുടെ വിഡ്ഢിത്തം പറയാന്‍ തുടങ്ങിയാല്‍ പതിനായിരക്കണക്കിനുണ്ട്. 'ഊട്ട് കേട്ട പട്ടരെപ്പോലെ,' 'ഒറ്റപ്പട്ടരെ ഒരിക്കലും കണിയ്ക്കാക'എന്നു തുടങ്ങി പട്ടന്മാരെക്കുറിച്ചും ധാരാളം കഥകളുണ്ടായിരുന്നു.
ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാലുവിഭാഗങ്ങളെയും നായാടി, കവറ, പുലയന്‍, പറയന്‍ തുടങ്ങിയ പഞ്ചമരെയും സംബന്ധിച്ചു ധാരാളം പരാമര്‍ശങ്ങളുണ്ടായിരുന്നു. 'കവറയുടെ പട്ടിയെ വിളിച്ചതുപോലെ,' 'പറയന്‍ പശുവിനെ മേയ്ച്ചാലെങ്ങനെ.', 'മണ്ണാന്റെ ഊറ്റം മാറ്റവയ്ക്കുമ്പോള്‍.'
ഇങ്ങനെ ഓരോ സമുദായങ്ങളെയും കളിയാക്കി ചിരിക്കുന്ന സ്വഭാവം കേരളത്തിന്റെ മുഖമുദ്രയായിരുന്നു. ഹിന്ദുവും ഇസ്‌ലാമും ക്രിസ്ത്യാനിയും അന്യോന്യം പരിഹസിച്ചും സ്വയംപരിഹസിക്കപ്പെട്ടും കുലുങ്ങിച്ചിരിച്ചു. ഓര്‍ത്തു ചിരിച്ചു. ഉള്ളുതുറന്നു ചിരിച്ചു.
'നായര്‍ വിശന്നു വലഞ്ഞുവരുമ്പോള്‍, കായക്കഞ്ഞിക്കരിയിട്ടില്ല,' അതുകണ്ട്, ആ നായര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ സരസമായി വര്‍ണിക്കുന്നുണ്ട്, മഹാകവി കുഞ്ചന്‍നമ്പ്യാര്‍. പ്രസ്തുത പദ്യഭാഗം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
നായര്‍ മാസ്റ്റര്‍മാര്‍ അവ ചൊല്ലിപ്പഠിപ്പിച്ചു. നായര്‍കുട്ടികളടക്കം എല്ലാ കുട്ടികളും അവ പാടിപ്പഠിച്ചു. 'എമ്പ്രാനല്‍പ്പം കട്ടുഭൂജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും.' എന്നും പ്രസ്തുത മഹാകവി പാടി. അതും പഠിപ്പിച്ചു, പഠിച്ചു. എവിടെയും ഒരു കുഴപ്പവുമുണ്ടായില്ല.
ഇന്ന് പ്രസ്തുത കവിതാശകലം ക്ലാസുകളില്‍ പഠിപ്പിക്കുകയില്ല; പഠിക്കുകയില്ല. നാലാള്‍ കേള്‍ക്കെ ഉറക്കെച്ചൊല്ലാന്‍ പോലും പാടില്ല! ചൊല്ലിയാല്‍ വികാരങ്ങള്‍ വ്രണപ്പെടും! ഏതെങ്കിലുമൊരു ജാതിയെയോ ഉപജാതിയെയോ മതത്തെയോ പരോക്ഷമായിപ്പോലും സ്പര്‍ശിക്കുന്ന പദങ്ങളോ പദ്യങ്ങളോ സംസാരത്തില്‍പ്പോലും വരരുത്. വന്നാല്‍ തല്‍ജാതിക്കാരുടെ വികാരങ്ങള്‍ വ്രണപ്പെടും. ഈയിടെയായി ഈ വ്രണങ്ങള്‍ വളരെ വലുതാവുകയാണ്.
ഭൂരിപക്ഷം ജനങ്ങളും, നിരക്ഷരരായിരുന്ന, അല്ലെങ്കില്‍ അല്‍പ്പമാത്രം വിദ്യാസമ്പന്നരായിരുന്ന പഴയകാലം. അന്നു വ്രണമുണ്ടായില്ല. എല്ലാ ജനസമൂഹങ്ങളും ഉന്നതവിദ്യാസമ്പന്നരും ബിരുദാനന്തരബിരുദക്കാരും യു.ജി.സി നിരക്കില്‍ ശമ്പളം കൈപ്പറ്റുന്നവരുമൊക്കെയായപ്പോള്‍, ആ അനുപാതമൊപ്പിച്ചു വികാരവ്രണങ്ങള്‍ വലുതാവുകയാണ്.
വ്രണങ്ങള്‍ ശമിക്കുകയല്ല, വലുതാകുകയാണ് എന്നതിനര്‍ത്ഥം, ശരീരത്തില്‍ പ്രമേഹമുണ്ടെന്നാണ്. മനസ്സിലെ വ്രണങ്ങള്‍ ശമിക്കുന്നതിനു പകരം വലുതാകുന്നുവെന്നു വന്നാല്‍, മനസ്സില്‍ രോഗമുണ്ടെന്നര്‍ഥം.
തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന പരാതി പലരില്‍നിന്നും കേള്‍ക്കാറുണ്ടിപ്പോള്‍. ഇത്തരം പരാതികള്‍ നിത്യേനവര്‍ധിക്കുകയും ചെയ്യുന്നു. വ്രണം, വര്‍ധിക്കുന്നുവെങ്കില്‍ ഒരു കാര്യം തീര്‍ച്ച: സമൂഹഗാത്രം പ്രമേഹബാധിതമാണ്! പ്രമേഹബാധിതരുടെ വ്രണം ശമിക്കാറില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."