സമാധാനം നിലനിര്‍ത്തുന്നതില്‍ മതവിശ്വാസികളുടെ പങ്ക് നിസ്തുലം: മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി
റോം: ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ മതത്തിന്റെ അനുയായികള്‍ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്ന് മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന് ഓഫ് മുസ്ലിം സ്കോളേഴ്സ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസ പറഞ്ഞു. ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിനായുള്ള സംഭാഷണങ്ങളും പ്രാര്‍ത്ഥനയും എന്ന പേരില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ മതനേതാക്കള്‍ക്കു പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മറ്റരെല്ല തുടങ്ങിയവരും പങ്കെടുത്തു.
നാഗരികതകള്‍ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിന് ഇസ്ലാം നല്കുന്ന പ്രധാന്യം ഡോ. അല്‍ ഈസ വിശദീകരിച്ചു. സമാധാനത്തോടെയുള്ള അതിജീവനത്തിന് എല്ലാ മതത്തിന്റെയും നേതാക്കള്‍ക്കും അനുയായികള്‍ക്കും നിസ്തുലമായ പങ്കുവഹിക്കാനുണ്ട്. മതങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വഴിതെറ്റിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പ് നല്കി. സത്യം കൈമുതലായുള്ളവര്‍ ദാനധര്‍മങ്ങളിലൂടെയും ദയയിലൂടെയും സ്നേഹത്തിലൂടെയും അത് മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വത്തിക്കാന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. പോപ്, മത നേതാക്കള്‍, ബുദ്ധിജീവികള്‍, വ്യത്യസ്ത ജനവിഭാഗങ്ങളുടെയും സംസ്കാരങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,500ലേറെ പേര് 14 സെഷനുകളായി നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."